30
Oct 2024 Wednesday

ടൈറ്റാനിക് കണ്ടെത്തിയ കഥ

Jun 24th, 2023


1912 ൽ മുങ്ങിപ്പോയ ടൈറ്റാനിക് കാണാൻ അറ്റ്ലാൻ്റിക്കിലേക്ക് ഡിസൻ്റ് ചെയ്ത സബ്മെഴ്സിബിൾ ടൈറ്റൻ കടലിനടിയിലെ മർദ്ദത്താൽ പൊട്ടിത്തെറിച്ചതും അതിലുണ്ടായിരുന്ന അഞ്ച് പേരും മരണപ്പെട്ടതായും നമ്മളെല്ലാം അറിഞ്ഞല്ലോ, സാഹസിക സഞ്ചാരികൾക്ക് നിത്യശാന്തി….🌹

ടൈറ്റാനിക് – 111 വർഷങ്ങൾക്ക് മുമ്പ് മറഞ്ഞുപോയ ബ്രിട്ടീഷ് ആഡംബര പാസഞ്ചർ ലൈനർ, ഒരിക്കൽ കൂടെ ഒരു നോവായി മാറുകയാണ്… ആയിരത്തി അഞ്ഞൂറിലേറെ മനുഷ്യരുടെ ജീവനെടുത്തുകൊണ്ട് മുങ്ങിത്താഴ്ന്ന കപ്പൽ ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും മനുഷ്യജീവൻ അപഹരിച്ചുകൊണ്ടിരിക്കുന്നു.. എന്താണ് നമ്മളെ അതിലേക്ക് ഇത്രയും ആകർഷിക്കുന്നത്? അന്നുവരെ മനുഷ്യൻ നിർമ്മിച്ചതിൽ വെച്ച് ഏറ്റവും വലിയ കപ്പലിനോട് തോന്നുന്ന നൊസ്റ്റാൾജിയയാണോ? അതോ അഭ്രപാളിയിൽ കണ്ട എക്കാലത്തെയും മികച്ച പ്രണയ ചിത്രത്തോടുള്ള സിമ്പതിയാണോ?? അസാധ്യമായതിനെ കീഴടക്കാനുള്ള ത്വരയാണോ ആഴക്കടലിൽ അടിഞ്ഞുപോയതിലേക്ക് മാടിവിളിക്കുന്നത്? അറിയില്ല… പക്ഷേ ഒന്നുണ്ട്, ഇന്ന് ഭൂമിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന ആദ്യ 5 വസ്തുക്കളിലൊന്നിൻ്റെ പേരാണ് ടൈറ്റാനിക്.

അത് മുങ്ങിത്താണ കാലത്തോളം പഴക്കമുണ്ട് അതിനെ കണ്ടെത്താനുള്ള ശ്രമങ്ങൾക്കും. പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾക്കായും, നൊസ്റ്റാൾജിയ കൊണ്ടും, പഠനത്തിനു വേണ്ടിയും സാഹസത്തിനും തുടങ്ങി പലർക്കും പല കാരണങ്ങളുണ്ടായിരുന്നു. ആ കപ്പൽ കണ്ടെത്താനുള്ള ശ്രമങ്ങൾക്കാണെങ്കിൽ ബഹിരാകാശം കീഴടക്കാൻ ഇറങ്ങിത്തിരിച്ചതിലും വലിയ പ്രയത്നങ്ങളുണ്ടായിട്ടുമുണ്ട്.. ഓർത്തുനോക്കിയേ, വിശാലമായ അറ്റ്ലാൻ്റിക് സമുദ്രം, രണ്ട് ഭൂഘണ്ടങ്ങൾക്കിടയിലെ ജലപരപ്പിൻ്റെ അടിത്തട്ടിലടിഞ്ഞ നാശാവശിഷ്ടങ്ങൾ… എങ്ങനെ കണ്ടെത്തും?? ആർക്കു കഴിയും?? 40 അടി താഴ്ചയ്ക്കപ്പുറം (12 മീറ്റർ) ശരാശരി മനുഷ്യന് ഡൈവ് ചെയ്യാൻ കഴിയില്ല. 500 മീറ്ററിനപ്പുറം താഴ്ന്നുപോവുന്ന അന്തർവാഹിനികൾ (Submarine) ഇന്നുമില്ല. അപ്പോൾ അറ്റ്ലാൻ്റിക്കിൻ്റെ ആഴം പോലും അറിയാത്ത കാലത്ത് ടൈറ്റാനികിനു വേണ്ടി നടന്ന പര്യവേക്ഷണങ്ങളെ പറ്റി സങ്കൽപ്പിക്കാനാവുന്നുണ്ടോ??



ടൈറ്റാനിക് എവിടെയാണ് കിടക്കുന്നതെന്ന് കണ്ടെത്തിയതിന് പിന്നിൽ ഊഹിക്കാൻ പോലും കഴിയാത്തത്ര വലിയ പ്രയത്നം നടന്നിട്ടുണ്ട്. നാഷണൽ ജ്യോഗ്രഫിക് പോലുള്ള അനേകം ലോകോത്തര സൊസൈറ്റികൾ അടക്കം അതിൽ ഭാഗവുമായിട്ടുണ്ട്. യഥാർത്ഥ wreck site എവിടെയാണെന്നോ ടൈറ്റാനിക്കിൻ്റെ physical conditions എങ്ങനെയാണെന്നോ അറിയാതെ പലതരം ഊഹങ്ങൾ പ്രചരിപ്പിക്കപ്പെട്ടിരുന്നു. കടലിൽ നിന്ന് ഉയർത്താനും salvage നായും എത്രയെത്ര പ്രൊപ്പോസലുകളുണ്ടായി, പലതും വിചിത്രമായത്.. വാസ്ലിൻ പമ്പു ചെയ്ത് ലിഫ്റ്റ് ചെയ്യാനും, കപ്പലിൽ ടേബിൾ ടെന്നീസ് ബോൾ നിറച്ച് ഉയർത്തിക്കൊണ്ടുവരാനും, ഐസ് ക്യൂബാക്കി ഉപരിതലത്തിലെത്തിക്കാനും അടക്കം രസകരമായ പ്രൊപ്പോസലുകൾ ഒരുപാട് നീളും.. 1976 ൽ ക്ലൈവ് കസ്ലർ എഴുതിയ കഥയിൽ ജെറി ജെയിംസൺ സംവിധാനം ചെയ്ത Raise the Titanic എന്ന സിനിമയിൽ അതിലെ നായകൻ ടൈറ്റാനികിൻ്റെ hull ലെ കേടുപാടുകൾ റിപ്പയർ ചെയ്തിട്ട് അതിലേക്ക് വായു പമ്പു ചെയ്ത് കപ്പലുയർത്തിയത് കാണാം. ടൈറ്റാനിക് ഒന്നായിട്ടാണ് മുങ്ങിയതെന്ന വിശ്വാസത്തിലായിരുന്നു അതെല്ലാം. ഒന്നാം ലോകയുദ്ധകാലത്തും അതിനുശേഷമുള്ള inter-war period ലും അനേകം ദൗത്യങ്ങൾ ആവിഷ്കരിക്കപ്പെട്ടിരുന്നു.


ടൈറ്റാനിക് അടിഞ്ഞയിടം കണ്ടെത്താനും അതിൻ്റെ നാശാവശിഷ്ടങ്ങൾ പുറത്തുകൊണ്ടുവരാനും ശാസ്ത്രീയമായി ശ്രമം തുടങ്ങിയത് 1953 ലാണ്, ഇംഗ്ലണ്ടിലെ സതാംടണിലുള്ള Risdon Beazley LTD എന്നൊരു കമ്പനിയായിരുന്നു അത് തുടങ്ങിവെച്ചത്. പക്ഷേ ഒന്നും കണ്ടെത്താനായില്ല. അറുപതുകളിലും എഴുപതുകളിലുമൊക്കെ വലിയ പര്യവേക്ഷണങ്ങൾ തന്നെ പ്രഖ്യാപിക്കപ്പെട്ടിരുന്നു, പലർക്കും പല ലക്ഷ്യങ്ങൾ. പക്ഷേ ടെക്നോളജിയുടെ അപര്യാപ്തതയും ഉയർന്ന സാമ്പത്തിക ചിലവും എല്ലാവരെയും ഒരുപോലെ അലട്ടി. ഫിനാൻഷ്യൽ സപ്പോട്ട് നൽകാൻ Titanic Salvage Company എന്നൊരു എന്നൊരു പ്രസ്ഥാനം തന്നെ രൂപപ്പെടുത്തിക്കൊണ്ടാണ് പലരും എക്സ്പ്ലൊറേഷനു വേണ്ടി ഇറങ്ങിയത്.

അറ്റ്ലാൻ്റിക്കിൻ്റെ അടിത്തട്ടിലേക്ക് അന്തർവാഹിനികൾക്ക് (Submarine) കടന്നുചെല്ലാനാവില്ലന്നും അത്രയും വലിയ പ്രഷറിനെ അതിജീവിക്കാനുള്ള സാങ്കേതിക വിദ്യ ഇനിയും കണ്ടത്തേണ്ടിയിരുന്നു എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. തീവ്രതയേറിയ ലോഹം കൊണ്ട് നിർമ്മിച്ച ചെറു സബ്മെഴ്സിബിളുകൾക്കേ അവിടേക്ക് പോവാൻ കഴിയൂ. യൂറോപ്പിലെയും അമേരിക്കയിലെയുമൊക്കെ ധാരാളം പര്യവേക്ഷകർ പല തരം സബ്മെഴ്സിബിളുകൾ അവിടെ പരീക്ഷണത്തിലിറക്കി. 1978 ൽ Walt Disney കമ്പനിയും National Geographic ഉം ചേർന്ന് സംയുക്തമായി കൊണ്ടുവന്ന Aluminaut ഉദാഹരണം. പക്ഷേ മൂന്നും നാലും അഞ്ചും കിലോമീറ്ററുകൾ ആഴമുള്ള അറ്റ്ലാൻ്റിക്കിനടിയിൽ ചെന്ന് ടൈറ്റാനിക് തപ്പുക എന്നത് തടാകത്തിൽ നിന്നും സൂചി തപ്പുന്നതിന് തുല്യമാണ്. Exact location പോലും ഉറപ്പില്ലാതെ അനുമാനങ്ങളുടെ പുറത്ത് അവർ സമയവും റിസോഴ്‌സും ചിലവഴിച്ചു.

കൃത്യമായ ലൊക്കേഷൻ കണ്ടുപിടിക്കാതെ ഈ പര്യവേക്ഷണങ്ങൾ കൊണ്ട് അർത്ഥമില്ലെന്ന് സ്ഥാപിച്ചത് അമേരിക്കക്കാരായ മൈക്കൽ ഹാരിസും ജാക് ഗ്രിമുമാണ്. ടൈറ്റാനിക്കിൽ നിന്നും ലഭിച്ച ഡിസ്ട്രസ് സിഗ്നലുകളും, രക്ഷപെട്ടവരുടെ വിവരണങ്ങളും, അന്ന് രക്ഷാപ്രവർത്തനം നടത്തിയ Carpathia കപ്പൽ രേഖപ്പെടുത്തിയ റെക്കോഡുകളും അടിസ്ഥാനമാക്കി ഇരുവരും തങ്ങളുടേതായ നിലയിൽ പര്യവേക്ഷണം തുടങ്ങി. അതേ സമയത്തു തന്നെ അമേരിക്കൻ നാവികസേനയിൽ നിന്നും വിരമിച്ച് ഓഷ്യനോഗ്രഫിയിലും മറൈൻ ജിയോളജിയിലും ഗവേഷണം നടത്തുന്ന കമാണ്ടർ റോബർട്ട് ഡുവാൻ ബലാഡും (Robert Duane Ballard) ടൈറ്റാനിക് തേടുന്നുണ്ടായിരുന്നു. US Navy യ്ക്കു വേണ്ടി നിരവധി ക്ലാസിഫൈഡ് നാവികദൗത്യങ്ങൾ നടത്തിയ മുൻ പരിജയം ബലാഡിനുണ്ട്. പക്ഷേ ടൈറ്റാനിക്കിന് വേണ്ടിയുള്ള ദൗത്യം മറ്റുള്ളവരെ പോലെ അദ്ദേഹത്തിനും പരാജയം തന്നെയായിരുന്നു.

മൈക്കൽ ഹാരിസിനും ജാക് ഗ്രിമിനും ടൈറ്റാനിക് മുങ്ങിയ exact location കണ്ടെത്താനായില്ലെങ്കിലും കപ്പലിൽ നിന്നും അവസാനമായി ഡിസ്ട്രസ് സിഗ്നലുകൾ ലഭിച്ചയിടം ഏറെക്കുറേ ലൊക്കേറ്റ് ചെയ്യാൻ സാധിച്ചു. അതൊരു വലിയ ബ്രേക്ക് ത്രൂ ആയിരുന്നെന്ന് പറയാം. അവിടെ നിന്ന് അധികമൊന്നും ദൂരത്തേക്ക് ടൈറ്റാനിക് സഞ്ചരിച്ചിട്ടുണ്ടാവില്ലെന്ന് ഉറപ്പാണ്. പക്ഷേ സൊനാർ ഉപകരണങ്ങളുടെ പരിമിധിയും കടലിൻ്റെ പ്രതികൂല കാലാവസ്ഥയും കാരണം കൂടുതൽ പര്യവേക്ഷണങ്ങളൊന്നും നടന്നില്ല. എങ്കിൽ പോലും 1500 സ്ക്വയർ കിലോമീറ്റർ പ്രദേശം (ആലപ്പുഴ ജില്ലയുടെ വലുപ്പമുണ്ട്) മാപ്പ് ചെയ്ത് അതിനുള്ളിൽ ടൈറ്റാനിക് ഉണ്ടാവാൻ സാധ്യതയുള്ള 14 സ്പോട്ടുകൾ മാർക്ക് ചെയ്തിട്ടാണ് ഹാരിസും ഗ്രിമും പര്യവേക്ഷണം അവസാനിപ്പിച്ചത്.


മൈക്കൽ ഹാരിസിൻ്റെയും ജാക് ഗ്രിമിൻ്റെയും പഠനങ്ങൾക്ക് ചുവടുപിടിച്ച് വീണ്ടുമെത്തിയ റോബർട്ട് ബാലാഡ്, പുതിയ വിവരങ്ങൾ വെച്ച് ഒരിക്കൽ കൂടി ശ്രമിച്ചു നോക്കാൻ തീരുമാനിച്ചു. മുമ്പ് കടലിൽ മുങ്ങിയ അമേരിക്കൻ ആണവ അന്തർവാഹിനികൾ USS Thresher ഉം USS Scorpion ഉം കണ്ടെത്താൻ US Navy ക്കുവേണ്ടി ബാലാഡ് ഒരു സാങ്കേതികവിദ്യ വികസിപ്പിച്ചിരുന്നു. Argo/Jason എന്നുവിളിക്കപ്പെട്ടൊരു സംയുക്ത ഉപകരണം കടലിനടിയിലേക്ക് ഡിപ്ലോയ് ചെയ്യുകയായിരുന്നു അത്. Argo സൊനാർ ഉപകരണങ്ങൾ ഘടിപ്പിച്ച, കടലിലിറക്കാവുന്ന ഒരുതരം റോബോട്ടിക് ക്യാമറയാണ്. Jason കടൽത്തട്ടിൽ സ്വതന്ത്രമായി സഞ്ചരിച്ച് ഫോട്ടോ പകർത്താവുന്ന ഒരു റോബോട്ടും. ക്യാമറകൾ പകർത്തിയ ദൃശ്യങ്ങൾ പ്രത്യേകം മോഡിഫൈ ചെയ്ത കപ്പലിലെ കൺട്രോൾ റൂമിലേക്ക് ട്രാൻസ്മിറ്റ് ചെയ്യപ്പെടും. റോബോട്ടിക് ക്യാമറകൾ അടിക്കടി തിരിച്ചുകയറ്റി റീചാർജ് ചെയ്യിക്കേണ്ടതുണ്ട്. US നാവികസേന ഈ ഉപകരണങ്ങളെ ഓരോ വർഷവും മൂന്ന് മാസങ്ങൾ ബാലാഡിന് സ്വന്തം പര്യവേക്ഷണങ്ങൾക്കായി വിട്ടുകൊടുക്കാമെന്ന് ഏറ്റിരുന്നു.

അതോടൊപ്പം ഹാരിസിൻ്റെയും ഗ്രിമിൻ്റെയും പര്യവേക്ഷണങ്ങൾ നൽകിയ എക്സ്പീരിയൻസുകളുടെ പശ്ചാത്തലത്തിൽ കൂടുതൽ സജ്ജീകരണങ്ങൾ അവലംബിക്കാനും ബാലാഡ് വിമുഖതയൊന്നും കാട്ടിയില്ല. അതുകൊണ്ടാണ് അദ്ദേഹം ഫ്രഞ്ച് ഓഷ്യനോഗ്രഫിക് സൊസൈറ്റിയുടെ കൂടി സഹായം തേടിയത്. അവരുടെ പക്കലുണ്ടായിരുന്ന high-resolution side-scan sonar എന്നൊരു ഉപകരണം പര്യവേക്ഷണത്തിനായി ലഭ്യമാക്കി. ഈ ഉപകരണം കൊണ്ട് കടൽത്തട്ട് അനലൈസ് ചെയ്യാനും സംശയാസ്പദമായി ശ്രദ്ധയിൽ പെടുന്നതിനെ മാർക്ക് ചെയ്തിട്ട് അതിലേക്ക് Argo യെ ഇറക്കി പരിശോദിക്കാനുമായിരുന്നു ബാലാഡിൻ്റെ പദ്ധതി.

അങ്ങനെ 1985 ജൂലൈയിൽ അമേരിക്കയുടെ Knorr എന്ന കപ്പലിൽ ബാലാഡും സംഘവും, Le Suroît എന്ന കപ്പലിൽ ഫ്രഞ്ചുകാരും ടൈറ്റാനിക് തേടിയുള്ള സംയുക്ത പര്യവേക്ഷണം ആരംഭിച്ചു. മുമ്പ് ഹാരിസും ഗ്രിമും മാപ്പ് ചെയ്ത സ്ഥലത്തുനിന്നായിരുന്നു തുടക്കം. ജൂലൈയുടെ തുടക്കം മുതൽ ഓഗസ്റ്റ് പകുതി വരെ – ഒന്നര മാസം കൊണ്ട് 150 ചതുരശ്ര നൊട്ടിക്കൽ മൈൽ (510 square kilometre) പ്രദേശം അരിച്ചുപെറുക്കി. ഒന്നും കിട്ടിയില്ല..!! പ്രതീക്ഷ നഷ്ടപ്പെട്ട ഫ്രഞ്ചുകാർ ഓഗസ്റ്റ് പകുതിയോടെ ഗവേഷണം മതിയാക്കി തിരിച്ചുപോയി. എന്നാൽ അങ്ങനൊന്നും പിന്മാറാൻ ബാലാഡ് ഒരുക്കമല്ലായിരുന്നു. ടൈറ്റാനിക്കിൻ്റെ hull പരതി സമയം കളയാതെ മറ്റൊരു tactic അദ്ദേഹം പരീക്ഷിക്കാൻ തീരുമാനിച്ചു, കപ്പലിനു പകരം നാശാവശിഷ്ടങ്ങൾ (debris) പരതുക..! മുമ്പ് USS Scorpion കണ്ടെത്താൻ ഈ തന്ത്രമാണ് ഉപയോഗിച്ചത്. തകർന്നു വീണ ടൈറ്റാനിക്കിൽ നിന്നും വിശാലമായൊരു പ്രദേശത്തേക്ക് നാശാവശിഷ്ടങ്ങൾ പടർന്നിട്ടുണ്ടാവണം, അവ ലൊക്കേറ്റ് ചെയ്യാൻ സാധിച്ചാൽ അതിനെ ട്രേസ് ചെയ്ത് കപ്പലിനടുത്തേക്കെത്തിപ്പെടാം. എങ്കിലും 73 വർഷത്തെ കടൽവാസവും അടിയൊഴുക്ക് മൂലം മണലിൽ മൂടിപ്പോവാനുള്ള സാധ്യതയും കൊണ്ട് അവ കണ്ടെത്തുക ദുഷ്കരമായ ദൗത്യമാണ്. പക്ഷേ അതല്ലാതിനി മറ്റുമാർഗ്ഗങ്ങളൊന്നുമില്ല.

 

ഡോ.റോബർട്ട് ബാലാഡ്

ഡോ.റോബർട്ട് ബാലാഡ്

 

അങ്ങനെ ഓഗസ്റ്റ് പകുതിയോടെ അവശിഷ്ടങ്ങൾക്കായുള്ള തിരച്ചിൽ തുടങ്ങി. കേൾക്കുമ്പൊ നിസാരമായി തോന്നുന്നുണ്ടോ? വലിയൊരു ക്രിക്കറ്റ് ഗ്രൗണ്ടിൽ എവിടെയോ വീണുപോയ മൊട്ടുസൂചി ഭൂതക്കണ്ണാടിവെച്ച് നോക്കി കണ്ടുപിടിക്കാനിറങ്ങിയാൽ എങ്ങനിരിക്കും? അതിലും ദുഷ്കരമാണ് കടൽത്തട്ടിൽ നിന്നും ക്യാമറകൾ പകർത്തുന്ന ഫുട്ടേജിൽ നിന്ന് മണ്ണിൽ പുതഞ്ഞുപോയ നാശാവശിഷ്ടങ്ങൾ തേടുന്നത്. ഓഗസ്റ്റ് മുഴുവൻ അന്വേഷിച്ചു, മൈലുകളോളം തിരഞ്ഞു, ഒരു തുരുമ്പിൻ കഷ്ണമെങ്കിലും കണ്ടെത്താൻ വേണ്ടി. നിരാശയാണ് ആകെ ലഭിച്ച ഭലം. ബാലാഡ് ഒഴികെ സംഘത്തിലുള്ള ആർക്കും പ്രതീക്ഷ ശേഷിച്ചിട്ടില്ല, പലരും മടങ്ങുന്നതിനെ പറ്റി ചിന്തിച്ചുതുടങ്ങി. സമയം ഇങ്ങനെ അനന്തമായി നീളുന്നത് ബാലാഡും നിസ്സഹായതയോടെ കണ്ടു, Knorr കപ്പൽ തിരിച്ചുകൊടുക്കാനുള്ള സമയമായി. ഇനി അധികം ദിവസങ്ങളുണ്ടായിരുന്നില്ല. ടൈറ്റാനിക് മുങ്ങിയെന്ന് കരുതിയ പ്രദേശത്ത് പര്യവേക്ഷണം തുടങ്ങിയിട്ട് രണ്ടുമാസമായി, ഇതുവരെ ഒരു ഇരുമ്പിൻ കഷ്ണം പോലും കിട്ടിയിട്ടുമില്ല.

73 വർഷം മുമ്പ് ടൈറ്റാനിക്കിൽ നിന്നും അവസാനമായി ഡിസ്ട്രസ് സിഗ്നലുകൾ ലഭിച്ചയിടത്തു നിന്നും 13 നൊട്ടിക്കൽ മൈൽ (24 km) ദൂരത്താണിപ്പോൾ. അന്നത്തെ തിരച്ചിൽ അവസാനിപ്പിച്ച് റോബോട്ടിക് ക്യാമറകൾ മദർഷിപ്പായ Knorr ൻ്റെ ഡെക്കിലേക്ക് ഡോക്ക് ചെയ്തിരുന്നു. ഓഗസ്റ്റ് അന്ന് അവസാനിക്കും, പാതിരാത്രി മുതൽ അടുത്ത മാസം.

ഡേറ്റ് 1985 സെപ്റ്റംബർ 1,
അർദ്ധരാത്രി, ഞായറാഴ്ചയിലേക്ക് കടക്കുകയാണ്, കൃത്യമായി പറഞ്ഞാൽ 12:48 AM..

Argo ക്യാമറ നൽകിയ ഫുട്ടേജുകളെ ബാലാഡിൻ്റെ ജോലിക്കാർ പരിശോദിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് ഒരു ഫുട്ടേജിൽ പരന്ന കടൽത്തട്ടിൽ നിന്നും ചില പാടുകളും അവിടവിടെയായി കുഴികളും ശ്രദ്ധയിൽ പെട്ടത്. ഫുട്ടേജ് കുറേക്കൂടി മുന്നോട്ടുപോയപ്പോൾ അവശിഷ്ടങ്ങൾ (debris) പോലെ എന്തൊക്കെയോ കണ്ടുതുടങ്ങി, ഒടുവിൽ ഒരു ബോയ്ലർ കിടക്കുന്നതും ദൃശ്യമായി.



അതു തന്നെ, ബാലാഡ് ഉറപ്പിച്ചു. പതിറ്റാണ്ടുകളോളം മനുഷ്യ മനസ്സിനെ വേട്ടയാടിയ നോവ്, എണ്ണമറ്റ ഭാവനാസൃഷ്ടികൾക്ക് ചോദനമായ ആ നാമം, അസാധ്യത്തെ കീഴടക്കാനുള്ള മനുഷ്യൻ്റെ ഇച്ഛാശക്തിക്ക് പ്രതീകം… പക്ഷേ സ്ഥിരീകരിക്കാൻ ഇതുപോരാ, കുറച്ചുകൂടി വ്യക്തമായ ‘തെളിവുകൾ’ വേണമായിരുന്നു.

കോംപസിൽ ലാറ്റിറ്റ്യൂഡ് രേഖപ്പെടുത്തിയിരിക്കുന്നത് 41.726931°N – കൃത്യമായി കാനഡയിലെ ന്യൂഫൗണ്ട്ലാൻ്റിൽ നിന്നും തെക്കുകിഴക്കായി 370 നൊട്ടിക്കൽ മൈൽ (690 km) അകലെ. മാർക്ക് ചെയ്തിട്ട അതേ സ്ഥാനത്ത് Argo യെ വീണ്ടുമിറക്കി. നിമിഷങ്ങളേറുന്തോറും ബാലാഡിൻ്റെ ചങ്കിടിപ്പും ഏറുന്നുണ്ടായിരുന്നു. മുമ്പെല്ലാം റോബോട്ടിക് ക്യാമറകൾ ആഴിയിലേക്ക് മറയുമ്പോൾ പ്രതീക്ഷകളാണ് ഉണ്ടായിരുന്നതെങ്കിൽ, എന്തുകൊണ്ടോ, ഇത്തവണ ഉത്ഖണ്ഠയാണ്. മിനിട്ടുകൾ പോലും എണ്ണിയാണത്രേ അയാൾ കാത്തിരുന്നത്. പക്ഷേ അതുവെറുതേയായില്ല, ഫുട്ടേജുകൾ വീണ്ടും ലഭിച്ചു. അവശിഷ്ടങ്ങൾ കൂടിക്കൂടി വന്നു, ഒരു കൂമ്പാരം തന്നെ പിന്നിട്ടു. ഒടുവിലതാ, stern (കപ്പലിൻ്റെ പിൻഭാഗം) ദൃശ്യമായി. 73 വർഷത്തിനുശേഷം ആദ്യമായി മനുഷ്യൻ ഒന്നുകൂടി അതിനെ കാണുകയാണ്..!! തുടികൊട്ടുന്ന ഹൃദയവുമായി നിന്ന ബാലാഡ്, പക്ഷേ ഞെട്ടിപ്പിക്കുന്ന ഒരു സത്യം കൂടി തിരിച്ചറിഞ്ഞു, ടൈറ്റാനിക് രണ്ടായി പിളർന്നിരുന്നു….!!

അന്ന് രക്ഷപെട്ടവരുടെ വിവരണങ്ങളിലൊന്നും പക്ഷേ കപ്പൽ പിളർന്നതായി രേഖപ്പെടുത്തിയിരുന്നില്ല. അതിനാൽ ഇക്കണ്ട കാലമത്രയും ടൈറ്റാനിക് ഒന്നായിത്തന്നെ മുങ്ങിത്താഴുകയായിരുന്നു എന്നാണ് എല്ലാവരും ധരിച്ചിരുന്നത്. പക്ഷേ ഇവിടിതാ, കണ്ണുകൾ കള്ളം പറയുന്നില്ല, കപ്പൽ പിളർന്നിരിക്കുന്നു.! Stern (പിൻഭാഗം) മാത്രമേയുള്ളൂ, bow (മുൻവശം) ഇല്ല..!! മുങ്ങി കഴിഞ്ഞാവാം പിളർന്നുമാറിയത്, ജീവൻ കിട്ടിയവർ അതുകണ്ടിട്ടുണ്ടാവില്ലെന്ന് ബാലാഡ് അനുമാനിച്ചു..

ക്യാമറ മുങ്ങിത്താണുകൊണ്ടേയിരുന്നു. അനേകായിരം ഫുട്ടേജുകൾ, എണ്ണമറ്റ നാശാവശിഷ്ടങ്ങൾ, ഒരു ഭ്രാന്തനെ പോലെയാണ് അയാൾ പരതിയത്. Stern കിടന്നിടത്തു നിന്നും 800 മീറ്റർ അകലെ bow കണ്ടെത്തിയിട്ടല്ലാതെ ബാലാഡ് വിശ്രമിച്ചിട്ടില്ല. രണ്ടായി പിളർന്നു കിടക്കുന്ന കപ്പൽ, ഭൂമിയിലെ ഏറ്റവും വലിയ ദൃശ്യവിസ്മയങ്ങളിലൊന്നാണ് അയാളുടെ കൺമുന്നിൽ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്, ബാലാഡിൻ്റെ സന്തോഷത്തിന് അതിരില്ലായിരുന്നു – ഇതിനോടകം ഇതിഹാസമായി മാറിയ ബ്രിട്ടീഷ് ആഡംബര പാസഞ്ചർ ലൈനർ RMS TITANIC….!!

പിറ്റേന്നു രാവിലെ ലോകം ഉണർന്നത് ആ ചിത്രം കണ്ടുകൊണ്ടാണ്. ലോകത്തെ ഏറെക്കുറേ എല്ലാ പത്രമാധ്യമങ്ങളുടെയും മുൻപേജ് തന്നെ അതായിരുന്നു. അറ്റ്ലാൻ്റിക്കിൻ്റെ കിഴക്കും പടിഞ്ഞാറുമായി സൂര്യനുദിച്ച നാട്ടിലെല്ലാം ആ വാർത്തയെത്തി – “ടൈറ്റാനിക് കണ്ടെത്തിയിരിക്കുന്നു…” BBC യുടെ ലണ്ടനിലെ ചാനൽ റൂം തൊട്ട് ആയിരക്കണക്കിന് മൈൽ അപ്പുറം മനിലയിലുള്ള ഏതെങ്കിലും നാൽക്കവലയിലെ കാപ്പിക്കടകളിൽ വരെ ടൈറ്റാനിക്കിൻ്റെ ചർച്ച എത്തിയിട്ടുണ്ടാവും. അത്ര വ്യാപ്തിയുണ്ടായിരുന്നു ആ ഒരു കണ്ടെത്തലിന്.. പക്ഷേ ലൈംലൈറ്റിനു പകരം ബാലാഡ് ആ നിമിഷങ്ങളിൽ അനുഭവിച്ചുകൊണ്ടിരുന്നത് പ്രതിസന്ധിയായിരുന്നെന്ന് മാത്രം. Knorr കപ്പൽ തിരിച്ചുകൊടുക്കാനുള്ള സമയം അതിക്രമിച്ചിരുന്നു. നേരത്തേ കമിറ്റ് ചെയ്ത മറ്റൊരു പര്യവേക്ഷണത്തിനായി അതിന് പോവേണ്ടതുണ്ട്. അതിനാൽ കടലിനടിയിൽ ഇറങ്ങി ടൈറ്റാനിക്കിനെ നേരിൽ കാണുക എന്ന തൻ്റെ സ്വപ്നം തൽക്കാലത്തേക്ക് മാറ്റിവെക്കാൻ നിർബന്ധിതനായ ബാലാഡ്, മനസ്സില്ലാമനസ്സോടെയെങ്കിലും മെച്ചപ്പെട്ട സജ്ജീകരണങ്ങളുമായി തിരിച്ചുവരുമെന്ന് നിശ്ചയിച്ചുകൊണ്ട് അവിടെ നിന്നും മടങ്ങി. അപ്പോഴേക്കും ആ സ്ഥലം അദ്ദേഹത്തിന് ഹൃദിസ്ഥമായിക്കഴിഞ്ഞുരുന്നു, 41°43′32″N 49°56′49″W….

ഏറെ നാളൊന്നുമെടുത്തില്ല, ഒമ്പത് മാസത്തിനു ശേഷം 1986 ജൂലൈയിൽ RV Atlantis II എന്ന കപ്പലിൽ റോബർട്ട് ബലാഡും സംഘവും കൃത്യം അതേ സ്ഥാനത്ത് തിരിച്ചെത്തി. ഇത്തവണ കൂടെയൊരു മുങ്ങിക്കപ്പലുണ്ടായിരുന്നു. മദർഷിപ്പിൽ ഡോക്ക് ചെയ്യാവുന്ന, മനുഷ്യരെ വഹിക്കുന്ന DSV Alvin എന്നൊരു ചെറു സബ്മെഴ്സിബിൾ. DSV Alvin കടലിൻ്റെ അടിയിൽ 14800 അടി താഴ്ചയിലേക്കുവരെ (നാലര കിലോമീറ്റർ താഴെ) മുങ്ങാനാവുന്ന സബ്മെഴ്സിബിളാണ്. 17 ടൺ ഭാരമുള്ള Alvin ന് കടലിനടിയിലെ ഭീകരമായ മർദ്ദം അതിജീവിക്കാൻ ടൈറ്റാനിയം കൊണ്ട് നിർമ്മിച്ച ബോഡി സ്ട്രക്ചറായിരുന്നു, 3 പേർക്ക് 9 മണിക്കൂർ വരെ അതിനുള്ളിലിരുന്ന് പര്യവേക്ഷണത്തിൽ ഏർപ്പെടാനാവും. ഒപ്പം Jason Jr എന്നൊരു ചെറിയ റിമോട്ട് കൺട്രോൾഡ് പേടകവും സഹായത്തിനായി ലഭ്യമായിരുന്നു.

Alvin നിലേറി ബലാഡും പര്യവേക്ഷകരും കടലിനടിത്തട്ടിലേക്കിറങ്ങി, മൂന്നേ മുക്കാൽ കിലോമീറ്റർ താഴ്ചയിലെ ‘ശ്മശാനം’ കാണാൻ. ഓരോ മീറ്റർ താഴുമ്പോഴും മർദ്ദമേറുന്ന സമുദ്രമാണ്. ചുറ്റും ഭീകരമായ കൂരിരുട്ട്. Alvin ൻ്റെ ശക്തിയേറിയ ഇലുമിനേറ്റിങ് ലൈറ്റുകൾക്ക് പോലും ഏതാനും മീറ്ററുകൾ മാത്രമേ കാണാനാവുന്നുള്ളൂ. ഓരോ അടി താഴുമ്പോഴും വെള്ളത്തിൻ്റെ മർദ്ദം ഏറിക്കൊണ്ടേയിരിക്കുന്നത് അപ്പോൾ അനുഭവിച്ചറിയാം. സാവധാനമാണ് സബ്മേഴ്സിബിളുകൾ ഇറങ്ങിയത്, മൂന്ന് മണിക്കൂറോളം നീണ്ട ഡിസൻ്റിങ്ങിനു ശേഷം 3800 അടി താഴ്ചയിലെത്തിയ Alvin മിഴി തുറന്നു നൽകി. ക്യാപ്സൂൾ ഹാച്ചിനുള്ളിലെ വ്യൂപോർട്ടിൻ്റെ ജാലകത്തിൽ നിന്നും നോക്കിയാൽ താഴെ അറ്റ്ലാൻ്റിക്കിൻ്റെ അടിത്തട്ട് ദൃശ്യമാണ്. നേരെ മുന്നിൽ, Alvin പോയിൻ്റുചെയ്തുനിൽക്കുന്നയിടത്ത്, 470 അടി നീളത്തിൽ ബാലാഡ് അതിൻ്റെ starboard കണ്ടു. ohh, ആ കാഴ്ച…!! വന്യമായ പ്രശാന്തതയിൽ, നിത്യനിദ്രയിലാണ്ട് കിടക്കുന്ന ടൈറ്റാനിക്.. ഏതൊരു മുൻധാരണയെയും കവച്ചുവെക്കാൻ പോന്ന ഭീകരതയുണ്ടായിരുന്നു ആ ഒരു കാഴ്ചയിൽ…. ആയിരങ്ങളുടെ നിലവിളികൾ കാതിൽ മുഴങ്ങുന്ന, പ്രാണൻ വിട്ടുമാറുന്ന ഞെരക്കങ്ങൾ തൊട്ടറിയുന്ന, ദിഗം പൊട്ടുമാറ് ഉച്ചത്തിൽ മുങ്ങിത്താഴുന്ന കപ്പൽ കൺമുന്നിലെന്നോണം മിന്നിമറയുന്ന നിമിഷം…

Alvin ൻ്റെ ക്യാമറകൾ ആ ചിത്രം പകർത്തി. റിമോട്ട് കൺട്രോൾഡ് പേടകം Jason Jr ടൈറ്റാനിക്കിന് അടുത്തേക്ക് ചെന്നിരുന്നു, സ്റ്റാർബോർഡിന് മുകളിലെ തുറന്നുകിടക്കുന്ന വരാന്തയിലൂടെ ഉള്ളിലേക്ക് കടന്ന പേടകം കൂടുതൽ വിശദമായ ചിത്രങ്ങളെടുത്തു. 1–2 °C ഡിഗ്രി സെൽഷ്യസ് തണുപ്പിൽ ഒരു deep freeze ൽ കിടക്കുകയാണ് ടൈറ്റാനിക്. ഇരുമ്പ് കവചങ്ങളെല്ലാം നശിക്കാൻ തുടങ്ങിയിരുന്നു. ഇടയ്ക്കിടെ ഉണ്ടാവുന്ന അടിയൊഴുക്കുകളുടെ ശക്തിയിൽ കപ്പലിൻ്റെ hull ന് കാര്യമായ ക്ഷതങ്ങളേൽക്കുന്നുണ്ട്. ചുറ്റും നാശാവശിഷ്ടങ്ങൾ തീർത്ത debris. കപ്പൽ കണ്ടതിനോളം കൗതുകമുള്ള മറ്റൊരു കാഴ്ചയുമുണ്ടായിരുന്നു, അറ്റ്ലാൻ്റിക്കിൻ്റെ അടിത്തട്ടിൽ ഭൂനിരപ്പിൽ നിന്നും ഏറെക്കുറേ നാലു കിലോമീറ്ററോളം താഴ്ചയിലുള്ള ആ സ്ഥലത്തും ജീവൻ്റെ സാന്നിധ്യം.. Grenadier fish എന്നുവിളിക്കുന്ന ഒരുതരം മത്സ്യങ്ങൾ എമ്പാടും ടൈറ്റാനിക്കിൻ്റെ പരിസരത്തുണ്ടായിരുന്നു. ഉയർന്ന മർദ്ദം അതിജീവിക്കാനുള്ള തരത്തിലായിരുന്നു അതിൻ്റെ ശരീരഘടന. ആ സ്ഥലത്തു പക്ഷേ മനുഷ്യരിറങ്ങിയാൽ ശരീരം ഒടിഞ്ഞു നുറുങ്ങിപ്പോവും. അവിടെയാണ് ഈ ചെറുജീവികൾ യഥേഷ്ടം വിഹരിച്ചു നടക്കുന്നത്. അങ്ങനെ ഒരു മണിക്കൂറിലേറെ നീണ്ട പര്യവേക്ഷണം വിജയകരമായി പൂർത്തിയാക്കി Alvin കടൽപ്പരപ്പിലേക്ക് അസൻ്റുചെയ്തു. മദർഷിപ്പ് RV Atlantis II ൽ തിരിച്ചെത്തിയ ബാലാഡ് തൻ്റെ കണ്ടെത്തലുകളും അനുഭവങ്ങളുമെല്ലാം റെക്കോഡ് ചെയ്തിരുന്നു, ഓഷ്യനോഗ്രഫിയുടെ തന്നെ തലവര മാറ്റിയ ആ എക്സ്പെഡിഷൻ ആഴക്കടലിൻ്റെ രഹസ്യങ്ങളിലേക്കും ടൈറ്റാനിക് അടക്കമുള്ള കപ്പലുകളെ സംബന്ധിച്ച് കൂടുതൽ അറിയുന്നതിലേക്കും മുതൽക്കൂട്ടാവുമെന്ന് അദ്ദേഹം തീർച്ചപ്പെടുത്തി. അങ്ങനെ തനിക്കുപിന്നാലെ വരാനിരിക്കുന്ന വലിയ പര്യവേക്ഷണങ്ങൾക്കും സാഹസിക യാത്രകൾക്കും വഴിതുറന്നു നൽകിക്കൊണ്ടാണ് ആ മനുഷ്യൻ തൻ്റെ അടുത്ത ലക്ഷ്യത്തിലേക്ക് ചുവടുകൾ വെച്ചത്.

 

Content copied from facebook page 

https://www.facebook.com/groups/416238708555189/permalink/2385421251636915/?mibextid=Nif5oz

  • Leave a Reply

    Your email address will not be published. Required fields are marked *

    Featured News