21
Jan 2025 Tuesday

ആയുർവേദ പഴഞ്ചൊല്ലുകൾ

Oct 27th, 2021



*ചോര കൂടാൻ ചീര കൂട്ടുക* (എന്നുപറഞ്ഞാൽ അനീമിയ പോലുള്ള അസുഖങ്ങളിൽ ചീര ഉപയോഗിക്കുന്നത് വളരെ നല്ലതാണ്).

*നീരു കൂടിയാൽ മോര്* (എന്നുപറഞ്ഞാൽ ശരീരത്തിൽ നീര് കൂടിയാൽ അതു കുറയാൻ പുളിയില്ലാത്ത കാച്ചിയ മോര് കൂട്ടുന്നത് നല്ലത് ).

*അരവയർ ഉണ്ടാൽ ആരോഗ്യമുണ്ടാകും* (വയറുനിറയെ ഭക്ഷണം കഴിക്കരുത്. അരവയർ എപ്പോഴും കാലിയായി വയ്ക്കാം അപ്പോൾ ആരോഗ്യമുണ്ടാകും).

*അതിവിടയം അകത്തായാൽ അതിസാരം പുറത്ത്* (വയറിളക്കത്തിന് വളരെ നല്ല ഔഷധമാണ് അതിവിടയം).

*ചക്കയ്‌ക്ക് ചുക്ക്‌ – മാങ്ങായ്‌ക്ക് തേങ്ങ*
(ചക്ക തിന്ന് ഉണ്ടായ ദഹനക്കേടിന് ചുക്ക് കഷായം വെച്ചു കുടിക്കുക. മാങ്ങ കഴിച്ച് ഉണ്ടായ ഉൾപ്പുഴുക്കത്തിനും ദഹനക്കേടിനും തേങ്ങ പാൽ കുടിക്കുക അല്ലെങ്കിൽ തേങ്ങ തിന്നുക).

*കണ്ണിൽ കുരുവിന് കൈയ്യിൽ ചൂട്*
(കണ്ണിൽ കുരു വന്നാൽ കൈകൾ തമ്മിൽ കൂട്ടി തിരുമ്മി ആ ചൂട് കൊള്ളിച്ചാൽ ആ കുരു പോകും).

*രാത്രി കഞ്ഞി രാവണനും ദഹിക്കില്ല*
(രാത്രിയിൽ കഞ്ഞി പോലും ദഹിക്കാൻ ബുദ്ധിമുട്ടാണ് അതുകൊണ്ട് ലഘുവായ ഭക്ഷണം മാത്രം കഴിക്കുക).

*തലമറന്ന് എണ്ണ തേക്കരുത്* (എന്നുപറഞ്ഞാൽ അർഹത ഇല്ലാത്തത് സ്വന്തമാക്കിയാൽ അർഹിക്കാത്തത വേദന അനുഭവിക്കേണ്ടിവരും. ഒന്ന് കൂടി ചുരുക്കി പറഞ്ഞാൽ നാം എന്താണെന്നുള്ള ബോധത്തോടുകൂടി ആത്മ സംയമനം പാലിച്ചു ജീവിക്കുക).

*നേത്രാമയേ ത്രിഫല*
(എന്നു പറഞ്ഞാൽ നേത്രരോഗങ്ങളിൽ ത്രിഫലയാണ് — കടുക്ക, നെല്ലിക്ക, താന്നിക്ക — ഉത്തമം).

*സ്ഥൂലന് ചികിത്സയില്ല* (അമിതവണ്ണമുള്ള വരെ ചികിത്സിക്കാൻ ബുദ്ധിമുട്ടാണ് ).

*ഉപവാസം ആരോഗ്യത്തിലേക്കുള്ള രാജപാത*
(ഉപവസിക്കലാണ് ഏറ്റവും നല്ല ഔഷധം).

*ആധി കൂടിയാൽ വ്യാധി* (അമിതമായ ആകുലതകൾ ഉള്ളവർക്ക് രോഗങ്ങൾ വന്നു ഭവിക്കും).

*ചുക്കില്ലാത്ത കഷായമില്ല* (ഒട്ടുമിക്ക കഷായങ്ങളും ചുക്കുണ്ട് ചുക്ക് ദഹനശക്തിയെ വർദ്ധിപ്പിക്കുന്ന ഒരു ഔഷധമാണ്).

*വൈദ്യൻ അല്ലല്ലോ ആയുസ്സിൻ പ്രഭു*
(വൈദ്യന് അവരുടേതായ പരിമിതികളുണ്ട് ആയുസ്സിൻ്റെ പ്രഭു ഈശ്വരനാണ്).

*അമിതമായാൽ അമൃതും വിഷം*
(ശരീരത്തിന് ആരോഗ്യം തരുന്ന എന്തു വസ്തുവും അമിതമായി ഭക്ഷിച്ചാൽ അത് വിഷം പോലെ ഭവിക്കും).

*ഇളനീർ തലയിൽ വീണാൽ ഇളനീർ*
(എന്നുപറഞ്ഞാൽ തെങ്ങിൻചുവട്ടിൽ നിൽക്കുന്ന സമയത്ത് നാളികേരം തലയിൽ വീണാൽ നാളികേര ജലം കൊണ്ട് തലയിൽ ധാര ചെയ്യുക).

*അടിയിൽ എണ്ണ തേച്ചാൽ തല വരെ*
(ഉള്ളം കാലിൽ എണ്ണ തേച്ചാൽ അതിന്റെ ഫലം തല വരെ കിട്ടും).

*മച്ചിത്വം മാറാൻ പുത്രജനനി* (പുത്രജനനി എന്നുപറഞ്ഞാൽ തിരുതാളി എന്നർത്ഥം. കുട്ടികൾ ഇല്ലാത്തവർ തിരുതാളി പാൽ കഷായം വെച്ചു കുടിച്ചാൽ കുട്ടികൾ ഉണ്ടാകും എന്ന് ഇതിനർത്ഥം).

*നീർവാളം ശരിയായാൽ ഗുണം, അമിതമായാൽ ആനയ്ക്കും മരണം*
(എന്നുപറഞ്ഞാൽ കൃത്യമായ അളവിൽ നീർവാളം വയറിളക്കാൻ ഉപയോഗിച്ചില്ലെങ്കിൽ ആന പോലും മരിക്കും എന്ന് അർത്ഥം).

*സഹചരാദി ക്വാഥ സേവന ഓടാം ചാടാം നടക്കാം യഥേഷ്ടം*
(കരിങ്കുറിഞ്ഞി വേര്, ചുക്ക്, ദേവദാരത്തടി ഇവ കൊണ്ടുള്ള സഹചരാദി കഷായം കഴിച്ചാൽ ഓടിച്ചാടി നടക്കാം).

*കിഴിയിൽ പിഴച്ചാൽ കുഴി, പിഴിച്ചിൽ പിഴച്ചാൽ വൈകുണ്ഠയാത്ര സൗജന്യം* (എന്നുപറഞ്ഞാൽ കിഴിയും, പിഴിച്ചിലും നോക്കിക്കണ്ടു ചെയ്തില്ലെങ്കിൽ രോഗി മരിക്കും).

*അജീർണ്ണേ ഭോജനം വിഷം* (പ്രാതൽ ദഹിയ്ക്കുംമുമ്പ് കഴിച്ച ഉച്ചയൂണും, ഉച്ചയൂണു ദഹിയ്ക്കുംമുമ്പ് കഴിച്ച അത്താഴവും വിഷമാണ് ).

*അർദ്ധരോഗഹരീ നിദ്രാ*
(പാതി രോഗം ഉറങ്ങിയാൽ തീരും).

*മുദ്ഗദാളീ ഗദവ്യാളീ* (ചെറുപയർ രോഗം വരാതെ കാക്കും. മറ്റു പയറുകളുടെ ദോഷം ചെറുപയറിനില്ല).

*ഭഗ്നാസ്ഥിസന്ധാന കരോ രസോനഃ*
(വെളുത്തുള്ളി ഒടിഞ്ഞ എല്ലിനെ കൂട്ടിച്ചേർക്കും).

*അതി സർവ്വത്ര വർജ്ജയേൽ* (ഒന്നും അമിതമായി കഴിയ്ക്കരുത്, ചെയ്യരുത്, ഉപയോഗിക്കരുത്).

*നാസ്തി മൂലം അനൗഷധം* (ഔഷധഗുണം ഇല്ലാത്ത ഒരു സസ്യവും ഇല്ല).

*ന വൈദ്യ: പ്രഭുരായുഷ:* (വൈദ്യൻ ആയുസ്സിന്റെ നാഥനല്ല).

*മാതൃവത് പരദാരാണി* (അന്യസ്ത്രീകളെ അമ്മയായി കാണണം).

*ചിന്താ വ്യാധിപ്രകാശായ* (മനസ്സു പുണ്ണാക്കിയാൽ ശമിച്ച രോഗം പുറത്തുവരും).

*വ്യായാമശ്ച ശനൈഃ ശനൈഃ* (വ്യായാമം പതിയെ വർദ്ധിപ്പിയ്ക്കണം. പതിയെ ചെയ്യണം — അമിതവേഗം പാടില്ല ).

*അജവത് ചർവ്വണം കുര്യാത്* (ആഹാരം നല്ലവണ്ണം — ആടിനെപ്പോലെ — ചവയ്ക്കണം. ഉമിനീരിലാണ് ആദ്യത്തെ ദഹനപ്രക്രിയ).

*സ്നാനം നാമ മനഃപ്രസാദനകരം ദുസ്സ്വപ്നവിദ്ധ്വംസനം*
(കുളി വിഷാദം മാറ്റും, പേക്കിനാക്കളെ പറപറത്തും).

*ന സ്നാനം ആചരേത് ഭുക്ത്വാ* (ഊണുകഴിഞ്ഞയുടനെ കുളി പാടില്ല. ദഹനം സ്തംഭിയ്ക്കും).

*നാസ്തി മേഘസമം തോയം* (മഴവെള്ളം പോലെ ശുദ്ധമായ വേറെ വെള്ളം ഇല്ല).

*അജീർണ്ണേ ഭേഷജം വാരി* (തെറ്റിയ ദഹനത്തെ പച്ചവെള്ളം ശരിയാക്കും).

*സർവ്വത്ര നൂതനം ശസ്തം സേവകാന്നേ പുരാതനം* (എല്ലാറ്റിലും പുതിയതാണ് നല്ലത്, പഴയ അരിയിലും പഴകിയ വേലക്കാരനിലും ഒഴികെ).

*നിത്യം സർവ്വ രസാഭ്യാസ* (ദിവസവും ആറ് രസവും ചേർന്ന ഭക്ഷണം കഴിക്കണം — ഉപ്പ്, കയ്പ്പ്, ഇനിപ്പ്, ചവർപ്പ്, പുളിപ്പ്, കഷായം).

*ജഠരം പൂരയേദർദ്ധം അന്നൈ* (ആഹാരം കൊണ്ട് വയറിന്റെ പാതിമാത്രം നിറയ്ക്കുക — ബാക്കിയിൽ കാൽഭാഗം വെള്ളം, ബാക്കി ശൂന്യം).

*ഭുക്ത്വോപവിശതസ്തന്ദ്രാ* (ഉണ്ടിട്ട് ഇരുന്നാൽ ക്ഷീണം വരും — ഉണ്ടാൽ അരക്കാതം നടക്കുക).

*ക്ഷുത് സ്വാദുതാം ജനയതി:* (വിശപ്പ് രുചി വർദ്ധിപ്പിക്കും).

*ചിന്താ ജരാണാം മനുഷ്യാണാം* (മനസ്സു പുണ്ണാക്കുന്നത് ജരയെ ത്വരിപ്പിയ്ക്കും).

*ശതം വിഹായ ഭോക്തവ്യം* (നൂറു കാര്യം നിർത്തണമെങ്കിലും ഊണ്, സമയത്തു കഴിയ്ക്കണം).

*സർവ്വധർമ്മേഷു മദ്ധ്യമാം* (എല്ലാ ധർമ്മത്തിനും ഇടയ്ക്കുള്ള വഴിയേ പോകുക).

*നിശാന്തേ ച പിബേത് വാരി* (ഉണർന്നാലുടൻ ഒരു വലിയ അളവ് പച്ചവെള്ളം കുടിയ്ക്കണം. മലബന്ധം ഒഴിയും, ശരീരത്തിലെ toxins കഴുകിക്കളയും).

*വൈദ്യാനാം ഹിതഭുക് മിതഭുക് രിപു*
(ഹിതാഹാരം മിതമായിക്കഴിയ്ക്കുന്നവൻ വൈദ്യന്റെ ശത്രു — കാരണം, അവനു രോഗം വരില്ല. രോഗമില്ലാതെ വൈദ്യനെന്തു വരുമാനം…? ).

*ശക്യതേऽപ്യന്നമാത്രേണ നര: കർത്തും നിരാമയ:*
(ആഹാരം മാത്രം ക്രമീകരിച്ചു രോഗങ്ങളില്ലാതെയാക്കാം).

*ദാരിദ്ര്യം പരമൗഷധം* (ദാരിദ്ര്യത്തിൽ പല രോഗങ്ങളും മാറും. അതായത്, അമിതഭക്ഷണത്തിൽ നിന്നും വ്യായാമക്കുറവിൽനിന്നും അമിതസുഖഭോഗത്തിൽ നിന്നുമാണ്, രോഗങ്ങൾ ജനിയ്ക്കുന്നത്).

*ആഹാരോ മഹാഭൈഷജ്യമുച്യതേ* (ആഹാരമാണ് മഹാമരുന്ന്).

*സുഹൃർദ്ദർശനമൗഷധം* (സ്നേഹിതരെക്കണ്ടാൽ രോഗത്തിന് ആശ്വാസം വരും).

*ജ്വരനാശായ ലംഘനം* (പനിയുണ്ടെങ്കിൽ ഉണ്ണരുത് ).

*പിബ തക്രമഹോ നൃപ രോഗ ഹരം*
(ഹേ, രാജാവേ, മോരു കുടിയ്ക്കൂ — രോഗം മാറും. പാലിലും വെണ്ണയിലും മറ്റുമുള്ള കൊഴുപ്പു മോരിലില്ല, അവയിലെ മറ്റെല്ലാ ഗുണങ്ങളും ഉണ്ടുതാനും).

*ന ശ്രാന്തോ ഭോജനം കുര്യാത്* (തളർന്നിരിയ്ക്കുമ്പോൾ ഉണ്ണരുത് ).

*ഭുക്ത്വോപവിശത: സ്ഥൗല്യം* (ഉണ്ടിട്ടു നടന്നില്ലെങ്കിൽ തടിയ്ക്കും).

*ദിവാസ്വാപം ന കുര്യാതു* (പകലുറങ്ങരുത് — കാരണം, മേദസ്സു കൂടും, രാത്രിയിലെ ഉറക്കം തടസ്സപ്പെടും).

*ലാഭാനാം ശ്രേഷ്ഠമാരോഗ്യം* (ഏറ്റവും മുന്തിയ നേട്ടം — ആരോഗ്യം. അതിനുവേണ്ടി മറ്റെല്ലാം കൈവെടിയണം).

*സർവ്വമേവ പരിത്യജ്യ ശരീരം അനുപാലയേത്*
(മറ്റെല്ലാം കൈവിട്ടാണെങ്കിലും ദേഹം കാത്തുരക്ഷിയ്ക്കണം).

*പ്രാണായാമേന യുക്തേന സർവ്വരോഗക്ഷയോ ഭവേൽ* (ശ്വാസോച്ഛ്വാസം പ്രാണായാമ രീതിയിൽ ചെയ്‌യുന്നവനെ രോഗം ബാധിയ്ക്കില്ല).

*വിനാ ഗോരസം കോ രസം ഭോജനാനാം?*
(അൽപ്പം തൈരോ മോരോ ഇല്ലാത്ത ഊണ് ഊണാണോ…?).

*ആരോഗ്യം ഭോജനാധീനം* (ആരോഗ്യം വേണമെങ്കിൽ എന്ത്, എങ്ങിനെ ആഹരിയ്ക്കുന്നു ശ്രദ്ധിയ്ക്കുക).

*മിതഭോജനേ സ്വാസ്ഥ്യം* (ആരോഗ്യത്തിന്റെ അടിസ്ഥാനം അളവു മിതമായ ആഹാരത്തിലാണ് ).

*സർവ്വരോഗഹരീ ക്ഷുധാ* (ഉപവാസം കൊണ്ട് അനവധി രോഗങ്ങൾ മാറ്റാം. ശരീരത്തിന് സ്വന്തം രോഗനാശന ശക്തിയുണ്ട്. അത് ഉപവസിയ്ക്കുമ്പോൾ ഉണർന്നു പ്രവർത്തിയ്ക്കും).

Copy: FB

  • Leave a Reply

    Your email address will not be published. Required fields are marked *

    Featured News