കിലുക്കം ആദ്യമായി കണ്ടത് ഇരുപത്തിയഞ്ച് കൊല്ലം മുൻപാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. അന്ന് തിയ്യറ്ററിൽ നിന്നുയർന്ന ചിരിയുടെ കിലുക്കം ഇപ്പോഴും നിലച്ചിട്ടില്ല. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടയിൽ മലയാളികൾ കിലുക്കം പിന്നെയും പിന്നെയും കണ്ടു. മോഹൻലാലിന്റെയും രേവതിയുടെയും ജഗതിയുടെയും ഇന്നസെന്റിന്റെയും തിലകന്റെയുമെല്ലാം അഭിനയമുഹൂർത്തങ്ങൾ കണ്ടു മതിമറന്ന് ചിരിച്ചുകൊണ്ടേയിരുന്നു. ജഗതിയുടെ അക്കിടികൾക്കും ലോട്ടറിയടിച്ച ഇന്നസെന്റിന്റെ ചീത്തവിളിക്കും തിലകന്റെ മർക്കടമുഷ്ടിക്കും രേവതിയുടെ അര വട്ടിനുമെല്ലാം പകരംവയ്ക്കാൻ ഇനി മറ്റൊരു രംഗമില്ലെന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. ഇന്നലെ ഇറങ്ങിയ പടം പോലെ കിലുക്കം ഇരുപത്തിയഞ്ച് കൊല്ലം കഴിഞ്ഞിട്ടും തിളക്കമുള്ള ഒരു റീൽ പോലെ ഓരോ മലയാളിയുടെയും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. 1991 ആഗസ്ത് പതിനഞ്ചിനാണ് കിലുക്കം ഇറങ്ങിയത്. മുന്നൂറ് ദിവസം തിയ്യറ്ററിൽ ഓടി മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നായാണ് അത് ചരിത്രത്തിൽഇടം നേടിയത്.`നാല് അവാർഡുകളും സ്വന്തമാക്കി. അണിയറയിലെ കഥകൾ പ്രിയദർശൻ തന്നെ പറയുന്നു:
സൂര്യപുത്രി തലതിരിച്ചിട്ടപ്പോൾ കിലുക്കമായി
കിലുക്കത്തിന്റെ കഥ ആദ്യമേ തന്നെ എന്റെ മനസില് രൂപപ്പെട്ടിരുന്നു. ഒരു പെണ്കുട്ടി ജീവിതത്തില് നേരിടുന്ന കഷ്ടപ്പാടുകളായിരുന്നു ഞാന് ഉദ്ദേശിച്ചിരുന്നത്. ഇതെക്കുറിച്ച് ആലോചിച്ചു നടക്കുന്നതിനിടയിലാണ് ഞാന് ഫാസിലിനെ കാണുന്നത്. എന്റെ മനസ്സിലുള്ള കഥയെപ്പറ്റി ഞാന് ഫാസിലുമായി ചര്ച്ച ചെയ്തു. ആ സമയത്ത് ഫാസില് എന്റെ സൂര്യപുത്രിക്ക് എന്ന ചിത്രം ചെയ്യുകയായിരുന്നു. ഫാസിലാണ് സൂര്യപുത്രിയിലെ കഥയില് നിന്ന് തിരിച്ചു ചിന്തിക്കാന് എന്നോട് ആവശ്യപ്പെട്ടത്. സൂര്യപുത്രിയില് പെണ്കുട്ടി അമ്മയെ തേടുകയാണെങ്കില് കിലുക്കത്തില് അച്ഛനെ അന്വേഷിക്കുന്നു എന്ന ഒരു ആശയം എനിക്ക് ലഭിച്ചു. പിന്നീട് ഞാന് വേണുനാഗവള്ളിയെ നേരിട്ട് കണ്ട് സംസാരിച്ചപ്പോള് അദ്ദേഹം ഈ കൊച്ചു ആശയത്തെ വികസിപ്പിച്ച് ഒരു വലിയ കഥയാക്കി മാറ്റി. ഒരു പാട് ഹാസ്യ രംഗങ്ങള് ചേര്ത്താണ് കിലുക്കത്തിന്റെ കഥയെഴുതുന്നത്. വേണുവാണ് ജഗതിയുടെ കഥാപാത്രത്തിന് നിശ്ചല് എന്ന രസകരമായ പേരിടുന്നത്.
ഷൂട്ടിങ്ങിനനുസരിച്ച് ഡയലോഗുകൾ
ചിത്രത്തിലെ സംഭാഷണങ്ങള് പലതും ഷൂട്ടിങിന് അനുസരിച്ചാണ് എഴുതിത്തീര്ത്തത്. വളരെ രസകരമായ ഒരു സിനിമയാണ് കിലുക്കം. ഞാന് തന്നെ ചെയ്ത അരം പ്ലസ് അരം കിന്നരം, ബോയിങ് ബോയിങ് എന്നീ ചിത്രങ്ങളില് നിന്ന് വ്യത്യസ്തമായി കുറച്ച് ഇമോഷന്സ് കൊണ്ടുവന്നതാണ് കിലുക്കത്തെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നാക്കി തീര്ന്നത്.
ലാൽ- ജഗതി കെമിസ്ട്രി
മോഹന്ലാല്-ജഗതി കെമിസ്ട്രിയുടെ സാധ്യതകള് ഉപയോഗപ്പെടുത്തിയതാണ് കിലുക്കത്തിന്റെ മറ്റൊരു വിജയം. ലാല് എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട് കൂടെയുള്ള അഭിനേതാവിന്റെ പ്രകടനം പലപ്പോഴും ലാലിന്റെ അഭിനയത്തെ ബാധിക്കാറുണ്ടെന്ന്. ഒരു നടന് ഏറ്റവും കൂടുതല് പഠിക്കാന് സാധിക്കുക മറ്റൊരു നടനില് നിന്നാണ്.
ഷൂട്ടിങ്ങിനിടെ ഞാൻ ചിരിച്ചിട്ടില്ല
ഷൂട്ടിങിനിടയില് ഞാന് ഒരിക്കലും ചിരിക്കാറില്ല. സമ്മര്ദ്ദം മൂലം ചിരി വരാറില്ലെന്നതാണ് യഥാര്ത്ഥ സത്യം. നമ്മള് സെറ്റില് ഒരുപാട് ചിരിച്ചാല് പ്രേക്ഷകര് തീയേറ്ററുകളില് അധികം ചിരിക്കില്ലെന്നാണ് ഞാന് മനസിലാക്കുന്നത്. ഒരു നടന് കോമഡി രംഗങ്ങള് ചെയ്യുമ്പോള് മറ്റൊരാളെ ചിരിപ്പിക്കണം എന്നത് മനസില് കണക്കുകൂട്ടരുത്. അവര് വളരെ ഗൗരവകരമായി ചെയ്യുന്ന കാര്യങ്ങള് കാണികള്ക്ക് കോമഡിയായി തോന്നണം. ഇതെക്കുറിച്ച പറയുമ്പോള് ഏറ്റവും കൂടുതല് എടുത്തു പറയേണ്ടത് തിലകന് ചേട്ടനെ കുറിച്ചാണ്. സിനിമയുടെ ഭൂരിഭാഗം സീനുകളിലും തിലകന് ചേട്ടന്റെ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത് മുരടനും കാര്ക്കശ്യക്കാരനുമായാണ്. അദ്ദേഹം എവിടെയും ചിരിക്കുന്നേയില്ല. എന്നാല് തിലകന് ചേട്ടന്റെ ജസ്റ്റിസ് പിള്ള പ്രേക്ഷകരെ എത്രയാണ് പൊട്ടിച്ചിരിപ്പിച്ചത്.
കിലുക്കമെടുക്കാനുള്ള ധൈര്യം ഇനിയില്ല
തലമുറകള് എത്ര കഴിഞ്ഞാലും എല്ലാവര്ക്കും രസിച്ച് കാണാന് സാധിക്കുന്ന സിനിമയാണ് കിലുക്കം. വര്ഷങ്ങള്ക്കിപ്പുറം ടിവിയില് വരുമ്പോഴും കിലുക്കം കാണാന് നിരവധി പ്രേക്ഷകരുണ്ട്. കിലുക്കം പോലൊരു ചിത്രം എടുക്കുവാനുള്ള ധൈര്യം എനിക്ക് ഇപ്പോഴില്ല. ഒറ്റക്കാരണമേയുള്ളു. മലയാളത്തിലെ പല അനുഗ്രഹീത നടന്മാരും ഒരുമിച്ച ചിത്രമാണ് കിലുക്കം. തിലകന് ചേട്ടന്, മുരളി, വേണു നാഗവള്ളി തുടങ്ങിയവര് നമ്മെ വിട്ടുപോയി. ജഗതിയാണെങ്കില് അപകടം സമ്മാനിച്ച ദുര്വിധിയില് ജീവിക്കുകയാണ്. അദ്ദേഹം സിനിമയിലേക്ക് തിരിച്ചുവരുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ.
ഒഴിഞ്ഞുകിടക്കുന്ന സിംഹാസനങ്ങൾ
പണ്ടൊക്കെ ഞാന് ഒരു സ്ക്രിപ്റ്റ് എഴുതുമ്പോള് പപ്പു ചേട്ടന്, ഇന്നസെന്റ്, മാമുക്കോയ, നെടുമുടി വേണു, തിലകന് ചേട്ടന്, കൊച്ചിന് ഹനീഫ, ജഗതി, ശങ്കരാടി ചേട്ടന്, സുകുമാരി ചേച്ചി തുടങ്ങിയവരെ മുന്നില് കണ്ടാണ് കഥാപാത്രങ്ങളെ രൂപപ്പെടുത്തക. എന്നാല് അവരില് കുറച്ചു പേര് മാത്രമേ ജീവിച്ചിരിപ്പുള്ളു. ഇവര് ഒഴിച്ചിട്ടു പോയ സിംഹാസനങ്ങളില് നാം ആരെ പ്രതിഷ്ഠിക്കും.
ഇപ്പോൾ അഭിനേതാക്കളെ തപ്പേണ്ട ഗതികേട്
ഇപ്പോള് സ്ക്രിപ്റ്റ് എഴുതി മുഴുവനാക്കിയതിന് ശേഷം അഭിനേതാക്കളെ തപ്പി അലയേണ്ട ഗതിയാണ്. എന്റെയും സത്യന്റെയും (സത്യന് അന്തിക്കാട്) സിനിമകളില് ഈ പ്രതിഭകളെല്ലാം സ്ഥിര സാന്നിധ്യമായിരുന്നു. വെണ്ണയുണ്ടെങ്കില് നറുനെയ് വേറിട്ട് കരുതണമോ? അത്രയും പ്രതിഭാധനരല്ലേ നമ്മുടെ നാട്ടിലെ പ്രതിഭകള്.
രേവതി എറിഞ്ഞ കല്ലും ജഗതിയുടെ മുറിവും
കിലുക്കത്തെ ചിത്രീകരണത്തെ കുറിച്ച് ആലോചിക്കുമ്പോള് രസകരമായ നിരവധി ഓര്മകളുമുണ്ട്. രേവതിയുടെ കഥാപാത്രം വഴക്കു കൂടി ജഗതിയുടെ നിശ്ചലിനെ കല്ലെറിയുന്ന ദൃശ്യമുണ്ട്. കല്ലെറിയുന്ന സമയത്ത് ജഗതിയുടെ തൊട്ടു പിന്നില് ഒരു കണ്ണാടിയുണ്ടായിരുന്നു. ജഗതിയെ രേവതി കല്ലെറിഞ്ഞപ്പോള് കണ്ണാടി പൊട്ടി ജഗതിയുടെ ശരീരത്തില് കുത്തിക്കയറിയിരുന്നു. എന്നാല് ജഗതി ടേക്ക് എടുത്ത് അവസാനിപ്പിക്കുന്നത് വരെ ശരീരത്തില് ചില്ലു കൊണ്ട വിവരം പറഞ്ഞില്ല. വേദന കടിച്ചുപിടിച്ച് രംഗം ഭംഗിയായി അഭിനയിച്ചു തീർത്തു. അത്രയ്ക്ക് അര്പ്പണ ബോധമായിരുന്നു ജഗതിക്ക് എന്ന നടന് സിനിമയോട് ഉണ്ടായിരുന്നത്.
ഇന്നസെന്റിന്റെ ലോട്ടറിയും ബോധംകെടലും
ലോട്ടറിയടിച്ചുവെന്ന് പറഞ്ഞ് പറ്റിക്കപ്പെട്ട് ഇന്നസെന്റ് ബോധം കെടുന്ന രംഗം എല്ലാവരെയും വളരെ ചിരിപ്പിച്ചതാണ്. ആദ്യം എടുത്ത ടേക്കില് ഇന്നസെന്റ് ഒറ്റത്തവണ ബോധം കെട്ട് വീഴുന്നത് മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീട ഞാന് അദ്ദേഹത്തിനോട് ബോധം കെട്ട് വീണതിന് ശേഷം വീണ്ടും ഒന്ന് തലപ്പൊക്കി ചിരിച്ച് വീണ്ടും ബോധം കെടാന് ഞാന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് ഞാന് ഇങ്ങനെ പറഞ്ഞതെന്ന് ഇന്നസെന്റ് ചോദിച്ചു. ബോധം കെട്ട കിട്ടുണ്ണി ലോട്ടറി കിട്ടിയ സന്തോഷത്തില് ചിരിച്ച് ഒന്നു കൂടെ ബോധം കെട്ടപ്പോള് ആ രംഗം കൂടുതല് തമാശയായി. എന്റെ തീരുമാനം ശരിയായെന്ന് ഇന്നസെന്റും പിന്നീട് ചിരിച്ച് സമ്മതിച്ചു.
വാസ്ലിൻ മഞ്ഞു നക്കിത്തുടച്ച ജഗതി
ഷൂട്ടിങിനിടയില് അത്യാവശ്യം ഗൗരവം സൂക്ഷിക്കുന്ന എന്നെപ്പോലും വളരെയധികം ചിരിപ്പിച്ച മറ്റൊരു രംഗമുണ്ട്. രാത്രി വൈകിയെത്തുന്ന ജഗതി ഗ്ലാസ് ജനലിലൂടെ വീടിനകത്തേക്ക് ഒളിഞ്ഞു നോക്കുന്ന ഒരു രംഗമുണ്ട്. മഞ്ഞിന്റെ ഒരു പ്രതീതി ജനങ്ങളിലേക്കെത്തിക്കാന് ജനലില് വാസ് ലിന് തേച്ചുപിടിപ്പിച്ചിരുന്നു. ജനലിലൂടെ നോക്കുമ്പോള് വ്യക്തമായി കാണുന്നതിന് വേണ്ടി വാസ് ലിന് മഞ്ഞു തുടച്ചു മാറ്റും പോലെ കൈകൊണ്ട് തുടച്ചുമാറ്റാന് ഞാന് ജഗതിയോട് പറഞ്ഞിരുന്നു. എന്നാല് അഭിനയിച്ചപ്പോള് ജഗതി നാവുകൊണ്ടാണ് നക്കിത്തുടച്ചാണ് വാസ്ലിന് മാറ്റിയത്. ഇത് സെറ്റിനെയാകെ ഞെട്ടിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തിരുന്നു. അതിനുകാരണമായി ജഗതി പറഞ്ഞത് മഞ്ഞുപെയ്യുമ്പോള് ആരും ഗ്ലൗസിനുള്ളില് നിന്ന് കയ്യെടുക്കാന് ആഗ്രഹിക്കില്ല എന്നാണ്.
ഡയലോഗ് കൈയിൽ നിന്നിട്ട ലാലും രേവതിയും
മോഹന്ലാലും രേവതിയും തിലകനും തമ്മിലുള്ള സീനുകളില് ഒരുപാട് തമാശകള് ഉണ്ടായിരുന്നു. രേവതിയുടെ നന്ദിനിയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. എത്ര മനോഹരമായാണ് രേവതി മാനസികാസ്വാസ്ഥ്യമുള്ള കഥാപാത്രം അവതരിപ്പിച്ചത്. രേവതിയും ലാലും തമ്മില് വഴക്കടിക്കുന്ന രംഗങ്ങളില് സ്ക്രിപ്റ്റിനു പുറമെ അവര് സ്വന്തം കൈയില് നിന്ന് എടുത്തിട്ട സംഭാഷണങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ഇത് സിനിമയുടെ മാറ്റു കൂട്ടി.
ഹർഷബാഷ്പവും കിലുകിൽ പമ്പരവും
കിലുക്കത്തിലെ ഗാനങ്ങളാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. മലയാള സിനിമാ ഗാനങ്ങളില് എക്കാലത്തേയും ഹിറ്റുകളിലൊന്നായ കിലുകില് പമ്പരത്തിലേക്ക് എത്തിയത് ഒരുപാട് കടമ്പകള് കടന്നാണ്. 1971 ല് ഇറങ്ങിയ മുത്തശി എന്ന സിനിമയില് ഹര്ഷ ബാഷ്പം തൂകി എന്ന ഒരു ഗാനമുണ്ട്. പി. ഭാസ്കരന് എഴുതിയ മനോഹരമായ ഗാനത്തിന് സംഗീതം നല്കിയത് ദക്ഷിണാ മൂര്ത്തി സ്വാമിയാണ്. നീലാംബരി എന്ന രാഗത്തിലാണ് അത് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതുപോലെ ഒരു ഗാനം തന്നെ കിലുക്കത്തിലും വേണമെന്ന് എനിക്കും സംഗീത സംവിധായകന് എസ്.പി വെങ്കിടേഷിനും തോന്നി. കിലുകില് പമ്പരം ഒരുക്കിയത് നീലാംബരിയിലായിരുന്നു. ചിത്രത്തിന്റെ ഓഡിയോഗ്രാഫി ചെയ്തിരിക്കുന്നത് ദീപന് ചാറ്റര്ജിയാണ്. കാലാപ്പാനി എന്ന ചിത്രത്തിലൂടെ ദേശിയ അംഗീകാരം നേടിയ ശബ്ദ വിദഗ്ധനാണ് അദ്ദേഹം. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ച എസ്. കുമാര്, എഡിറ്റര് എന് ഗോപാല കൃഷ്ണന് എന്നു വേണ്ട നിരവധി പേരുടെ പ്രതിഭ പതിഞ്ഞ ചിത്രമാണ് കിലുക്കം.
Content Copied from Facebook
Awesome article 👍