ആഭ്യന്തര ക്രിക്കറ്റിൽ മിന്നും പ്രകടനം പുറത്തെടുക്കുമ്പോഴും രാജ്യാന്തര വേദികളിൽ തിളങ്ങാനാകാതെ പോയ ചില താരങ്ങൾ
ക്രിക്കറ്റിനെ ഒരു വികാരമായി കൊണ്ടുനടക്കുന്ന നാടാണ് ഇന്ത്യ. അതുകൊണ്ട് രാജ്യാന്തര വേദികളിൽ മുന്നിൽ നിർത്താൻ ഒരിക്കൽ പോലും താരങ്ങൾക്ക് ഒരു പഞ്ഞവുമുണ്ടായിട്ടില്ല. സച്ചിൻ ടെൻഡുൽക്കർ, സൗരവ് ഗാംഗുലി, വിരേന്ദർ സെവാഗ്, രാഹുൽ ദ്രാവിഡ്, സഹീർ ഖാൻ തുടങ്ങി എം.എസ്.ധോണിയും വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ജസ്പ്രീത് ബുംറയും വരെ എത്തി നിൽക്കുന്ന ഇതിഹാസങ്ങളോടൊപ്പം പല താരങ്ങളും ദേശീയ കുപ്പായത്തിൽ വന്ന് പോയിട്ടുണ്ട്.
ദേശീയ ടീമിൽ സ്ഥാനമുറപ്പിച്ച താരങ്ങളേക്കാൾ എത്രയോ അധികം ആളുകൾ വന്ന് പോയവരാണ്. ആഭ്യന്തര വേദിയിൽ തകർപ്പൻ പ്രകടനങ്ങളുമായി തിളങ്ങിയ പലർക്കും രാജ്യാന്തര വേദികളിൽ വേണ്ടത്ര തിളങ്ങാൻ സാധിച്ചില്ല. അത്തരത്തിലുള്ള പ്രധാനപ്പെട്ട ചില കളിക്കാരെ പരിചയപ്പെടുകയാണ് ലേഖനത്തിൽ.
വസീം ജാഫർ
ആഭ്യന്തര ക്രിക്കറ്റിൽ ഇന്ത്യയുടെ ഇതിഹാസ താരമാണ് വസീം ജാഫർ. 260 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 51 റൺസ് ശരാശരിയിൽ ബാറ്റ് വീശാൻ സാധിക്കുന്ന താരം എന്നാൽ രാജ്യാന്തര ക്രിക്കറ്റിൽ തിളങ്ങിയില്ല. കുറച്ച് നാൾ മുമ്പ് മാത്രം ക്രിക്കറ്റിൽ നിന്ന് വിരമിച്ച താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 57 സെഞ്ചുറികൾക്കും 91 അർധസെഞ്ചുറികൾക്കും ഉടമയാണ്. 19410 റൺസാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. രണ്ട് ടീമുകൾക്ക് വേണ്ടി പത്ത് തവണ രഞ്ജി ട്രോഫി നേടിയിട്ടുള്ള താരം. മുംബൈ കിരീടം നേടിയ എട്ട് തവണയും വിദർഭയുടെ രണ്ട് കിരീട നേട്ടത്തിലും പ്രധാന പങ്ക് വഹിക്കാനും സാധിച്ച വസീം ജാഫർ എന്നാൽ രാജ്യാന്തര ക്രിക്കറ്റിൽ മങ്ങി. 31 ടെസ്റ്റ് മത്സരങ്ങളിൽ 1944 റൺസ് മാത്രം നേടാനേ താരത്തിന് സാധിച്ചുള്ളൂ.
അമ്പാട്ടി റായ്ഡു
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ നിർഭാഗ്യവാന്മാരുടെ പട്ടികയിൽ മുൻനിരയിലുള്ള താരമാണ് അമ്പാട്ടി റായ്ഡുവെന്ന വലം കയ്യൻ ബാറ്റ്സ്മാൻ. 2013ൽ സിംബാബ്‌വെയ്ക്കെതിരെ രാജ്യാന്തര വേദിയിൽ അരങ്ങേറ്റം കുറിച്ച താരത്തിന് പിന്നീട് അവസരം ലഭിച്ചത് മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിക്കുമ്പോൾ മാത്രമായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ് പോലുള്ള വമ്പൻ ടീമുകളുടെ ഭാഗമായിരുന്നു താരം.
ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി വരെ താരത്തിന്റെ കളി മികവിനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ടീമിലിടം പിടിക്കാൻ മാത്രം താരത്തിന് സാധിച്ചില്ല. ഇതോടെ നിരാശനായ താരം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുന്നതായി വരെ പ്രഖ്യാപിച്ചു. എന്നാൽ മടങ്ങിയെത്തിയ താരം ആഭ്യന്തര ക്രിക്കറ്റിൽ വീണ്ടും പാഡണിഞ്ഞു.
മനോജ് തിവാരി
ബംഗാൾ സംഭാവന ചെയ്ത മറ്റൊരു മികച്ച താരമാണ് മനോജ് തിവാരി. ആഭ്യന്തര ക്രിക്കറ്റിൽ ഇപ്പോഴും കളിക്കുന്നുണ്ടെങ്കിലും രാജ്യാന്തര വേദികളിൽ താരത്തിനും തിളങ്ങാനായില്ല. 2008ൽ ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ച താരം 2015 വരെയുള്ള കാലഘട്ടത്തിൽ 12 ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളും ഇന്ത്യയ്ക്കായി കളിച്ചു. എന്നാൽ ഒരു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും അടക്കം 287 റൺസ് മാത്രമാണ് താരം നേടിയത്.
രാജ്യാന്തര വേദികളിൽ തുടർച്ചയായി അവസരങ്ങൾ ലഭിക്കാതിരുന്നതാണ് താരത്തിന് തിരിച്ചടിയായത്. 2015ലെ സിംബാബ്‌വെ പര്യടനത്തോടെ ഇന്ത്യൻ ടീമിൽ അവസരം നഷ്ടപ്പെട്ട താരങ്ങളിലൊരാളും മനോജ് തിവാരിയാണ്. ഒരിക്കൽ സെഞ്ചുറി നേടിയതിന് പിന്നാലെ പോലും താരത്തെ ടീമിലുൾപ്പെടുത്താതെ മാറ്റിനിർത്തി.
Content copied from another online media