21
Jan 2025 Tuesday

ചരിത്രം ഉറങ്ങുന്ന കണ്ണ്യാട്ടുനിരപ്പ് പള്ളി

Dec 4th, 2018

സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സഭയുടെ വിശ്വാസാചാര നടപടികളനുസരിച്ചുള്ള കർമ്മാനുഷ്ടാനങ്ങൾക്കായി 1872 ഇടവ മാസം ഏഴാം തിയ്യതി ( മെയ് മാസം 20) യേശു ക്രിസ്തുവിന്റെ മുന്നോടിയും സ്നാപകനും സത്യത്തിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ചവനുമായ മോർ യൂഹാനോൻ മാംദോനായുടെ നാമത്തിൽ സ്ഥാപിതമായി. വഴിയാത്രക്കാർക്ക് പകൽ പോലും ദിക്കു തിരിയാത്തവണ്ണം ഉൾബോധമറ്റ് തങ്ങളുടെ ഉൾക്കണ്ണുകൾ കെട്ടപ്പെട്ടു പോകുന്ന നിരപ്പ് എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്തെ കണ്ണുകെട്ട് നിരപ്പ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ പേരാണ് പിൽക്കാലത്ത് കണ്ണ്യാട്ടുനിരപ്പ് എന്നായിത്തീർന്നത്. പള്ളിയകത്ത് പച്ചിലച്ചാറ് ഉപയോഗിച്ചുള്ള മനോഹരങ്ങളായ ചിത്രരചന ചിത്രകലാ വിദഗ്ദന്മാരെപ്പോലും അമ്പരപ്പിക്കുന്നതാണ്. വളരെയേറെ വർഷങ്ങളായിട്ടും ചിത്രരചനയുടെ മനോഹാരിത നഷ്ടപ്പെടാതെ ഇന്നും നിലകൊള്ളുന്നു.സിറിയൻ മാത്യകയിൽ പണി കഴിപ്പിച്ചിട്ടുള്ള ഈ ദേവാലയത്തിന്റെ മുഖവാരം വളരെ ഉയരമുള്ളതും ഭംഗിയേറിയതുമാണ്.

ഈ പള്ളി മലങ്കര ഇടവകയുടെ യൗസേഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തായാൽ സ്ഥാപിക്കപ്പെട്ടിട്ടുള്ളതും , പള്ളിയിലെ വൈദികരും , ഇടവക ജനങ്ങളും , സഭയുടെ പ്രാധാനമേലദ്ധ്യക്ഷന്മാരായ പരിശുദ്ധ പാത്രിയാർക്കീസ് ബാവായുടെയും ആ സിംഹാസനത്തിൽ നിന്ന് നിയമിച്ചു വാഴിക്കപ്പെടുന്ന ശ്രേഷ്ഠ കാതോലിക്ക ബാവായുടെയും ഇടവക മെത്രാപ്പോലീത്തായുടെയും മേലധികാരത്തിലും , കല്പനകൾക്കും കീഴ്പ്പെട്ട് നടന്ന് വന്നിട്ടുള്ളതും മേലാലും അതിനു വ്യത്യാസം കൂടാതെ നടക്കേണ്ടതും ആകുന്നു എന്ന് പള്ളി സ്ഥാപന ഉടമ്പടിയിൽ വ്യക്തമാക്കിയിട്ടുള്ളതാണ്.

1915 മകര മാസം മൂന്നാം തിയ്യതി ഈ ഇടവകയിലെ അഞ്ചോളം വൈദികരും , ഇരുപത്തി ഒൻപതോളം അൽമായാക്കാരും ചേർന്ന് “നമ്മൾ യാക്കോബായ സുറിയാനി ട്രസ്റ്റിൽ ഉൾപ്പെട്ടവരും , പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൻ കീഴിൽ ഉള്ളവരും , എന്നും അതിന് വ്യത്യാസം കൂടാതെ അനുസരിച്ച് നടക്കെണ്ടവരും ആകുന്നു ” എന്ന് തീരുമാനിച്ച് എഴുതിയുണ്ടാക്കിയ 1090 ലെ ഒരു ഉടമ്പടി മൂന്നാം പുസ്തകം ഒന്നാം വാല്യം 20 മുതൽ 30 വരെ വശങ്ങളിൽ നമ്പർ 113 ആയി റജിസ്റ്റർ ചെയ്തിട്ടുള്ളതും , ആ ഉടമ്പടി അനുസരിച്ചു ഭരിക്കപ്പെട്ടു , ഈ വിശ്വാസം പുലർത്തിപ്പോരുന്നവരുമാണ്.

1925 ഇടവ മാസം പതിനൊന്നാം തിയ്യതി ഞായറാഴ്ച പകൽ ഒരു മണിക്ക് മലങ്കരയുടെയും വിശിഷ്യാ കണ്ടനാട് മുതലായ ഇടവകകളുടെയും മെത്രാപ്പോലീത്ത ആയിരുന്ന പൗലോസ് മാർ അത്താനാസ്സ്യോസ് തിരുമേനിയുടെ അനുവാദ കൽപ്പനയിൽ വിളിച്ചു ചേർത്ത ഇടവക പൊതിയോഗത്തി വെച്ച് എടുത്ത പ്രധാന തീരുമാനം ഈ ഇടവക എന്നും അന്ത്യോഖ്യാ പാത്രീയാർക്കീസിന്റെ കീഴിലും അധികാരത്തിലും ഭരിക്കപ്പെടേണ്ടതാണെന്നും മെത്രാൻ കക്ഷിയുടെ വൈദീകർക്കോ , അൽമായക്കാർക്കോ , അധികാരമോ അവകാശമോ വൈദികർക്ക് പ്രവേശനം പോലും അനുവദിച്ചു കൂടാ എന്ന് ഡയറി എഴുതി തീരുമാനം എടുത്തിട്ടുള്ളതും , അതിൻ പ്രകാരം നടന്നു വന്നിട്ടുള്ളതും ആകുന്നു.

1972 ൽ ഈ പള്ളിയുടെ നൂറാം വാർഷികത്തിന്റെ ജൂബിലി ആഘോഷം 5 ദിവസങ്ങളിലായി നടത്തപ്പെട്ടു. അന്നേ ദിവസം നി.വ.ദി.ശ്രീ പീലക്സീനോസ് തിരുമേനിയും ( കാലം ചെയ്ത ബാവ ) പാത്രീയർക്കാ പ്രതിനിധികളായ യേശു മോർ അത്താനാസ്യോസ് , മോർ അപ്രേം ആബൂദി എന്നീ മെത്രാപ്പോലീത്തമാരും വൈദീകരും ചേർന്ന് അർപ്പിച്ച പതിമൂന്നിന്മേൽ കുർബ്ബാനയും നി.വ.ദി.ശ്രീ ഒസ്തത്തിയോസ് , നി.വ.ദി.ശ്രീ പീലക്സീനോസ് തിരുമേനിയുടെയും നേത്യത്വത്തിൽ നടന്ന കാൽകഴുകൽ ശുശ്രൂഷയും ചരിത്ര സംഭവങ്ങളാണ്.

1982 ഫെബ്രുവരി എട്ടാം തിയ്യതി അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും മോറാൻ മോർ ഇഗ്നാത്തിയോസ് സാഖാ ഈവാസ് പ്രഥമൻ പാത്രീയാർക്കീസ് ബാവാ ഈ പള്ളി സന്ദർശിച്ച് ആശീർവദിക്കുകയുണ്ടായി. പള്ളിയുടെ പടിഞ്ഞാറേ വശത്തെ കുരിശ് ചാത്തുരുത്തിൽ മോർ ഗ്രീഗോറിയോസ് തിരുമേനി ( പരുമല തിരുമേനി ഈ ദേവാലയത്തിൽ ദേവാലയത്തിൽ താമസിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ‌) യാൽ സ്ഥാപിക്കപ്പെട്ടതാണ്. കുന്നം കുളത്ത് കാലം ചെയ്ത പരിശുദ്ധനായ സ്ലീബാ മോർ ഒസ്‌ത്താത്തിയോസ് ബാവയും , കാലം ചെയ്ത ശ്രേഷ്ഠ ബാവായും ഈ പള്ളിയിൽ ദീർഘകാലം താമസിച്ച് അനുഗ്രഹിക്കുകയുണ്ടായി.

2012 ഫെബ്രുവരി പതിമുന്നാം തിയ്യതി പരിശുദ്ധ പാത്രിയാർക്കീസ് ബാവായ്യുടെ പ്രതിനിധി ലബനോൻ ആർച്ച് ബിഷപ്പ് നി.വ.ദി.ശ്രീ തോമസ് മാർ അത്താനാസ്യോസ് മെത്രാപ്പോലീത്തായും ശെമ്മാശനും സംഘവും ശ്രേഷ്ഠ ബാവായോടൊപ്പം വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന അർപ്പിച്ച് അനുഗ്രഹിക്കുകയുണ്ടായി.

1872 മുതൽ 1992 വരെയുള്ള വൈദികരുടെ കണക്കെടുത്താൽ ഏകദേശം 15 ഓളം വൈദികർ ഈ ദേവാലയത്തിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്. ഈ കാലഘട്ടങ്ങളിലൊന്നും ഇവിടെ കക്ഷിവഴക്കുകളോ , മറ്റു തർക്കങ്ങളോ ഉണ്ടായിട്ടില്ല. ഈ കാലങ്ങളിലെല്ലാം ഇടവക ജനങ്ങളും , വൈദീകരും , ഒന്നിച്ചു നിന്നതിന്റെ വെളിച്ചത്തിൽ ഇടവകയുടെ നാലു ഭാഗങ്ങളിലുമായി ഒമ്പതോളം കുരിശിൻ തൊട്ടികളും , ഒരു ഹൈസ്കൂളും , ഒരു ആശുപത്രിയും നിർമ്മിക്കാൻ സാധിച്ചു എന്നത് ഈ ഇടവകയെ സംബന്ധിച്ച് വലിയ നേട്ടമായി കാണാവുന്നതാണ്.

1998 ൽ ഈ ഇടവകയിൽ യാക്കോബായക്കാരനായി ചാർജ് എടുത്ത സഹവികാരിയായ വൈദീകനും , ഇടവക മെത്രാപ്പോലീത്തായും മറു വിഭാഗത്തിലേക്ക് മാറിയതിനാൽ ഇടവകയിൽ പ്രശ്നങ്ങൾ ആരംഭിച്ചു. ഇദ്ധേഹം പള്ളി ഉടമ്പടിക്കും സത്യവിശ്വാസത്തിനും എതിരായി പ്രവർത്തിക്കുകയും ഇതിനെ ചോദ്യം ചെയ്ത ഭരണ സമിതിക്കും , ഇടവക ജനങ്ങൾക്കും എതിരെ നിരന്തരം കേസ്സുകൾ കൊടുത്ത് പണത്തിന്റെയും , ഉന്നതങ്ങളിലുള്ളാ സ്വാധീനത്തിന്റെയും ബലത്തിൽ ഇടവകയിൽ കലഹത്തിന്റെ വിത്ത് വിതച്ചു. ഒരു വർഷത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്ന ഭരണ സമിതിയും , മൂന്ന് വർഷത്തേക്ക് ആക്കിയ സഹവികാരിയും തുടരുകയാണ്.

ദേവാലയം ആഴ്ചയിൽ ഒരിക്കൽ ഫാ ജോൺ മൂലാമറ്റത്തിന് കുർബ്ബാനയ്ക്കായി തുറന്നു കൊടുക്കുന്നു. പലപ്പോഴായി ഈ ഇടവകയിലെ സത്യ വിശ്വാസികൾക്ക് പോലീസിന്റെ ക്രൂര മർദ്ധനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്തെല്ലാം സഹിക്കേണ്ടി വന്നാലും സത്യവിശ്വാസത്തെ നഷ്ടപ്പെടുത്താനും ,തങ്ങളുടെ പൂർവ്വ പിതാക്കന്മാർ സത്യവിശ്വാസത്തിൽ പടുത്തുയർത്തിയ ഈ ദേവാലയം അന്യാധീനമായിപ്പോകുവാനും അനുവദിക്കില്ല എന്ന് ഇടവക ജനങ്ങൾ ഉറച്ച് തീരുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു.

വിദൂര ദേശത്തു നിന്നു പോലും നാനാജാതി മതസ്ഥരായ ആളുകൾ താല്പര്യ പൂർവ്വം ഈ ദേവാലയത്തിലും കിഴക്കേ കുരിശുപള്ളിയിലും എത്തി നേർച്ച കാഴ്ചകൾ അർപ്പിച്ച് അനുഗ്രഹം പ്രാപിക്കുന്നു.
പരിശുദ്ധ പാത്രിയാർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ ബാവയുടെയും , ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ യുടെയും , ഇടവക മെത്രാപ്പോലീത്താ അഭി. ഡോ മാത്യൂസ് മോർ ഈവാനിയോസ് തിരുമേനിയുടെയും കീഴിൽ വെരി റവ. സ്ലീബാ പോൾ കോർ എപ്പിസ്കോപ്പാ വട്ടവേലിൽ വികാരിയായും നേത്യത്വം നടത്തി വരുന്ന ഈ ഇടവക മറിയോനമുത്തപ്പന്റെ ( മോർ യൂഹാനോൻ മാംദോനോയുടെ ) മഹാ മദ്ധ്യസ്ഥതയിലും സംരക്ഷണത്തിലും എക്കാലവും നിലകൊള്ളുന്നു.

Content copied from : http://www.kanniattunirappuchurch.org/welcome/

  • Leave a Reply

    Your email address will not be published. Required fields are marked *

    Featured News