ഉണ്ണി ശ്രീദളം
ചരിത്രം, സംസ്കാരം എന്നിവയെ ഇന്നു ജീവിച്ചിരിക്കുന്ന മനുഷ്യൻ എത്തരത്തിലാണ് സമീപിക്കേണ്ടത് ?
ഷേക്സ്പിയറിന്റെ കിംഗ് ലിയർ എന്ന നാടകത്തിൽ ലിയർ രാജാവിന്റെ മൂത്ത രണ്ടു പെൺമക്കൾ – ഗോണറിലും റീഗനും – അച്ഛൻറെ സ്വത്ത് മോഹിച്ച്, കഴിയാവുന്ന വിധത്തിലൊക്കെ അച്ഛനെ പരമാവധി പുകഴ്ത്തുന്നു. തങ്ങൾക്കാണ് അച്ഛനോട് കൂടുതൽ സ്നേഹം എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നു. ഇളയമകൾ കോർഡീലിയ ആകട്ടെ ഒരച്ഛനോട് ഒരു മകൾക്ക് സ്വാഭാവികമായി ഉണ്ടാകേണ്ട സ്നേഹം തന്നെയാണ് തനിക്കുള്ളതെന്ന് സത്യസന്ധമായി വെളിപ്പെടുത്തുന്നു. “നോ മോർ നോലെസ് ” എന്നാണ് അവൾ പറയുന്നത്. ശുദ്ധഗതിക്കാരനായ ലിയർ രാജാവ് സത്യാവസ്ഥ മനസ്സിലാക്കാതെ ഇളയമകളോട് അനിഷ്ടം പ്രകടിപ്പിക്കുന്നു.
ഒരർത്ഥത്തിൽ മനുഷ്യരാശിയുടെ ചരിത്രവും സംസ്കാരവും ഇന്ന് ജീവിച്ചിരിക്കുന്ന മനുഷ്യന്റ അച്ഛന് സമമാണ്. അതേസമയം അച്ഛന്റെ ജീവിതവും മകളുടെ ജീവിതവും പലനിലയ്ക്കും വ്യത്യസ്തവുമാണ്. ചരിത്രത്തെയും സംസ്കാരത്തെയും ഏതു നിലയിൽ ഇന്നത്തെ മനുഷ്യൻ സ്വീകരിക്കണമെന്ന വിഷയം പ്രധാനമാകുന്നു. കാരണം പലപ്പോഴും ലിയർ രാജാവിന്റെ മൂത്ത രണ്ടു പെൺമക്കളെപ്പോലെ പൊള്ളയായ വാക്കുകൾ കൊണ്ട് ചരിത്രത്തെയും സംസ്കാരത്തെയും മഹത്വവൽക്കരിച്ച് ഒരു മൂലയ്ക്കിരുത്തുന്ന പ്രവണത കൂടുതലായി കണ്ടുവരുന്നു.
എന്താണ് ചരിത്രം, സംസ്കാരം; എവിടെയാണ് അതിന്റെ തുടക്കം, ഒടുക്കം, അതിരുകൾ എന്ന് ആദ്യമേ വ്യക്തമായി മനസ്സിലാക്കണം. ഇന്നത്തെ നിലയ്ക്കുള്ള മനുഷ്യചരിത്രവും സംസ്കാരവും ആരംഭിക്കുന്നത് ഏറ്റവും കുറഞ്ഞത് ഒരുലക്ഷം വർഷം മുൻപെങ്കിലുമാണെന്ന് നരവംശ ശാസ്ത്രം പറയുന്നു. എങ്കിലും പ്രായോഗികമായി നോക്കുമ്പോൾ ചരിത്രവും സംസ്കാരവും തുടങ്ങുന്നത് നീണ്ടകാലം അലഞ്ഞുതിരിഞ്ഞ വേട്ടയാടൽ സമൂഹം പലയിടങ്ങളിൽ കൃഷിയോട് കൂടി സ്ഥിരതാമസമാക്കുന്നത് മുതലാണ്. ഭൂമിയുടെ പലയിടങ്ങളിൽ പലകാലങ്ങളിൽ രൂപപ്പെട്ട വ്യത്യസ്ത സംസ്കാരങ്ങൾ നേടിയ അറിവുകളുടെയും ഉൾക്കാഴ്ചകളുടെയും പുറത്ത് ചവിട്ടി നിന്നാണ് 2018ലെ മനുഷ്യൻ സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും എന്ന് ചുരുക്കം.
ഒന്നാമതായി വേണ്ടത് മനുഷ്യചരിത്രത്തെ ഒരു തുടർച്ചയായി കാണണം എന്നതാണ്. എന്താണ് നമ്മുടെ പൈതൃകം ? ആരാണ് നമ്മുടെ പൂർവ്വികർ ? സത്യത്തിൽ ഒരു മലയാളി നമ്മുടെ പൂർവികർ എന്നു പറയുമ്പോൾ അതിൽ ഇന്ത്യക്കാരൻ മാത്രമല്ല വെള്ളക്കാരനും ആഫ്രിക്കക്കാരനുമൊക്കെ ഉൾപ്പെടും. ഏറ്റവും ആധുനികമായ ഡിഎൻഎ മാപ്പിംഗ് പോലും അതാണ് തെളിയിക്കുന്നത്. എന്നാൽ ഭൂരിപക്ഷം പേരും അങ്ങനെയൊന്നും കരുതാറില്ല. വലിയ ഒരു സ്പെക്ട്രത്തിൽ നിന്നും നമുക്കിഷ്ടപ്പെട്ട ഒരു പൈതൃക ഘണ്ഡത്തെ നാം ചികഞ്ഞെടുത്ത് മനസ്സിൽ പ്രതിഷ്ഠിക്കുന്നു. ഉദാഹരണത്തിന് CE അഞ്ചാം നൂറ്റാണ്ട് മുതൽ CE പതിനഞ്ചാം നൂറ്റാണ്ട് വരെയുള്ള ആയിരം വർഷങ്ങളാണ്, ആ കാലഘട്ടത്തിലെ ഉത്തരേന്ത്യയാണ്, അതുമാത്രമാണ് എന്റെ പൈതൃകം എന്നൊരാൾ കരുതുന്നുണ്ടെങ്കിൽ അതിനേക്കാൾ വലിയ മഠയത്തരം വേറെയില്ല.
വാട്ടർടൈറ്റ് കമ്പാർട്ട്മെൻറ് ആയി ഒരു സംസ്കാരവും ഒരിക്കലും നിലനിന്നിട്ടില്ല, നിലനിൽക്കുകയുമില്ല. കൊടുക്കൽ വാങ്ങലുകളാണ് സംസ്കാരത്തിന്റെ അന്ത:സത്ത.
രണ്ടാമതായി, ഒരു സംസ്കാരവും തെറ്റുകുറ്റങ്ങൾ ഇല്ലാതെ പെർഫെക്റ്റായി പ്രവർത്തിച്ചിരുന്നില്ല. മനുഷ്യജീവിതമാണ്, ഇടപഴകലുകളാണ്, അതിനാൽതന്നെ തെറ്റുകളുടെയും ധാരണപ്പിശകുകളുടെയും സമുദ്രത്തിലെ പച്ചത്തുരുത്തുകൾ ആയിട്ടാണ് സത്യങ്ങളും കണ്ടെത്തലുകളും എല്ലാ സംസ്കാരങ്ങളിലും നിലനിന്നിട്ടുള്ളത്. ലോകത്തെല്ലായിടത്തും ഓരോ 200 വർഷം (ഒരേകദേശം) മുമ്പുള്ള സംസ്കാരത്തിലെ ജീർണ്ണതകളെയും പുഴുക്കുത്തുകളെയും പരിഷ്കരിച്ചാണ് പിന്നീടുള്ള 200 വർഷം കടന്നുപോയിരുന്നത് എന്ന് കാണാൻ കഴിയും. രാത്രിയാകാശത്തെ നക്ഷത്രത്തിളക്കം പോലെ നേട്ടങ്ങളുടെയും അറിവുകളുടെയും മത ചിന്തകളുടെയും ജീവിതരീതികളുടെയുമൊക്കെ തിളക്കങ്ങൾ അവയിലുണ്ടാകും. അവയിൽ മികച്ചവ കാലത്തിലൂടെ സഞ്ചരിച്ച് ഇന്നും നിലനിൽക്കുന്നുണ്ട്, പരിഷ്കരണങ്ങൾക്ക് വിധേയമായും അല്ലാതെയും.
ഉദാഹരണത്തിന് അത്തരം നക്ഷത്രത്തിളക്കങ്ങളായ ഇന്ത്യൻ ശാസ്ത്രീയസംഗീതമായാലും ചൈനീസ് ആയോധനകലയായാലും യൂറോപ്യൻ സൈനികതന്ത്രമായാലും ആയുർവേദ മായാലും ആധുനിക ശാസ്ത്ര ചിന്താരീതിയായാലും സോഷ്യലിസമായാലും ഒന്നും തെറ്റുകുറ്റങ്ങൾക്കതീതമല്ല. അവ മനുഷ്യന്റ തലച്ചോറിൽ നിന്ന് തന്നെ ഉണ്ടായതാണ്. ഇന്നത്തെ മനുഷ്യൻ അവയൊന്നും കണ്ടു കണ്ണുമഞ്ഞളിച്ചു നിൽക്കേണ്ടവനുമല്ല. കിംഗ് ലിയറിലെ ഗോണറിലിനെയും റീഗനെയുംപോലെ അവയെ പൊള്ളയായ വാക്കുകൾ കൊണ്ട് ആരാധിക്കേണ്ടവനുമല്ല. കോർഡീലിയയെപ്പോലെ, ആ സാംസ്കാരിക-ചരിത്ര നേട്ടങ്ങളെ അവയർഹിക്കുന്ന സ്ഥാനത്ത് നിലനിർത്തുക മാത്രമേ വേണ്ടു. “നോമോർ നോലെസ്”.
എന്നാൽ ഒന്ന് ചെയ്യണം, ചരിത്രത്തെയും സംസ്കാരത്തെയും ഇഴകീറി പരിശോധിക്കുകയും 2018 ന്റെ ആവശ്യങ്ങൾക്കനുസരിച്ച് അവയിലെ ഘടകങ്ങളെ തള്ളുകയോ കൊള്ളുകയോ പരിഷ്കരിക്കുകയോ വേണം.
“നമുക്ക്” അർത്ഥശാസ്ത്രമുണ്ടായിരുന്നു, വൈമാനികശാസ്ത്രമുണ്ടായിരുന്നു, വാസ്തുകലയുണ്ടായിരുന്നു, ഗണിതശാസ്ത്ര മുണ്ടായിരുന്നു, അതിലൊക്കെ “നമ്മൾ” അഭിമാനിക്കണം എന്ന് നിരന്തരം പറയുന്നത് കേൾക്കാം. ശരിയാണ്, ഇന്ത്യ എന്ന ഈ ഭൂപ്രദേശത്ത് പലകാലങ്ങളിൽ ജീവിച്ചിരുന്ന മനുഷ്യരുടെ തലയിലുദിച്ച പല ആശയങ്ങളും ഉണ്ടായിരുന്നു. അവയ്ക്ക് അവയുണ്ടായ കാലത്തും പിന്നീട് കുറേക്കാലത്തേയ്ക്കും വലിയ പ്രാധാന്യം ഉണ്ടായിരുന്നു. ചിലതിന് ഇന്നും പ്രാധാന്യമുണ്ട്. പ്രധാനകാര്യം ഇത് 2018 ആണെന്നതാണ്. പരമ്പരാഗത അറിവുകൾ പലതിനും ഇന്ന് പ്രാധാന്യമില്ലാതായതിനു കാരണം അവയുണ്ടാക്കിയ മനുഷ്യരുടെ കഴിവുകേടല്ല. പിന്നീട് വന്ന മനുഷ്യർ അവയെ പരിഷ്കരിച്ച് കുറച്ചുകൂടി മികച്ചവ ഉണ്ടാക്കിയതിനാൽ ആണ് പഴയവ ചരിത്രമായത്. പുതിയ മനുഷ്യൻ പഴയ മനുഷ്യനേക്കാളും ബുദ്ധികൂടിയവനുമല്ല. പഴയ മനുഷ്യന്റ അറിവിന്റെ മലയുടെ മുകളിലിരുന്ന് കാണുന്നതുകൊണ്ട് പുതിയ മനുഷ്യന് കൂടുതൽ കാഴ്ചകൾ കാണാൻ കഴിയുന്നു എന്നു മാത്രം. ഒരു നിലയ്ക്കും പഴയത് മോശമോ പുതിയത് നല്ലതോ ആകുന്നില്ല, മറിച്ചും. കാലഘട്ടമാണ് ഓരോ ജ്ഞാനസഞ്ചയത്തെയും പ്രസക്തമാക്കുന്നതും അല്ലാതാക്കുന്നതും. ഇന്ന് അർത്ഥശാസ്ത്രത്തിനേക്കാളും മികച്ച സാമ്പത്തിക സിദ്ധാന്തങ്ങളുണ്ട്, പഴയ വൈമാനികശാസ്ത്രത്തെക്കാളും മികച്ച എൻജിനീയറിങ്ങുണ്ട്, രാജ തന്ത്രത്തേക്കാളും മികച്ച ജനാധിപത്യമുണ്ട്, തുല്യ നീതി ഉറപ്പാക്കുന്ന ഭരണഘടനയുണ്ട്. അതാണ് ഇന്നത്തെ മനുഷ്യന്റെ യാഥാർത്ഥ്യം. എന്നുവെച്ച് പഴയവയെക്കാളും ഭേദമാണെങ്കിലും ഇന്നത്തെ ശാസ്ത്രവും പൂർണ്ണമല്ല, ആരാധിക്കേണ്ടതുമല്ല. ഇനിയും പരിഷ്കരിക്കപ്പെടേണ്ടതുണ്ട്. ചുരുക്കിപ്പറഞ്ഞാൽ എല്ലാറ്റിനെയും നിർത്തേണ്ടിടത്ത് നിർത്തണം, കോർഡീലിയ പറയുന്നതുപോലെ “നോമോർ നോലെസ്”.
ശുശ്രുതസംഹിതയോ കാമസൂത്രയോ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയോ എഴുതപ്പെട്ട ദിവസത്തിലേക്ക് ഒന്ന് മനസ്സുകൊണ്ട് കടന്നുചെല്ലുക. അവ തീർത്തും മോഡേണായ ടെക്സ്റ്റുകളാണ് അന്ന്. ഇന്ന് നാം അവയിൽ കാണുന്ന പൗരാണിക പ്രഭാവലയം അന്നവയ്ക്കില്ല. പിരമിഡുകളുടെ വാസ്തുവിദ്യ വിഭാവനം ചെയ്ത 10000 കൊല്ലം മുമ്പത്തെ എൻജിനീയറും ഇന്ന് ചൊവ്വയിലേക്ക് പോകാൻ വാഹനം നിർമ്മിക്കുന്ന എൻജിനീയറും സത്യത്തിൽ ഒരു മനുഷ്യൻ തന്നെയാണ്. ആധുനിക മനുഷ്യൻ. പഴയ അറിവുകളെ ഇഴകീറി പരിശോധിക്കാൻ മെനക്കെടാതെ മഹത്വവത്കരിച്ച് അതിന്റെ പൗരാണിക പ്രഭയുടെ മാത്രം ഫാൻസായി മാറുന്ന, സാംസ്കാരിക ലഹരിക്കടിമയായ ആൾക്കൂട്ടമാണ് സത്യത്തിൽ ഇരുട്ട് ഉണ്ടാക്കുന്നതും 2018നെ കാലത്തിൽ പിടിച്ചുനിർത്താനോ പിന്നോട്ടു നയിക്കാനോ ശ്രമിക്കുന്നതും.
ഒന്നാലോചിച്ചാൽ ഇതുവരെയുള്ള മനുഷ്യചരിത്രം രൂപപ്പെടുത്തിയ ഏറ്റവും മികച്ച ഉൽപ്പന്നം മറ്റൊന്നുമല്ല, 2018ലെ ആധുനിക മനുഷ്യ മനസ്സ് തന്നെയാണ്. പഴയ അറിവിനെ പരിഷ്കരിച്ച്, അതിൻറെ തോളിലേറി നിന്നാണ് നമ്മൾ 2018ന്റെ മനുഷ്യനെ നിർമ്മിക്കുന്നത്. ഇന്ത്യ എന്ന് നാം വിളിച്ചുപോരുന്ന ഈ ഭൂപ്രദേശത്ത് അയ്യായിരം കൊല്ലം മുമ്പ് ജീവിച്ചിരുന്ന ചിലർ മാത്രമാണ് എന്റെ അഭിമാനം ഉണർത്തുന്ന പൂർവികർ എന്ന ചിന്ത എത്രമാത്രം ഇടുങ്ങിയതാണെന്ന് ആലോചിച്ചുനോക്കുക ? സത്യത്തിൽ അതിനെക്കാളും അഭിമാനം നൽകുന്നതല്ലേ ലോകത്ത് ഇന്നോളം ഉണ്ടായിട്ടുള്ള മനുഷ്യരാശി മുഴുവൻ എന്റെ പൂർവ്വികരാണെന്നുള്ള ചിന്ത ? എന്തിന് നമ്മൾ തന്നെ നമ്മളെ കുറച്ചു കാണണം ? അഭിമാനബോധം ഒരളവുവരെ നല്ലതാണെങ്കിലും അത് പരിധിവിട്ടാൽ ലഹരിയാണ്, അപകടമാണ്. ശരീരംകൊണ്ട് CE 2018 ലും മനസ്സുകൊണ്ട് BC 2018 ലും ജീവിക്കുന്ന ഒരു വിചിത്ര ജീവിയായി ഇത്തരം മിഥ്യാ സാംസ്കാരികഭിമാനം നമ്മളെ മാറ്റിത്തീർക്കും.
നാം ജീവിക്കുന്ന 2018 എന്താണ് എന്ന് ശരിയായി മനസ്സിലാക്കലാണ്, അതിനനുസരിച്ച് പ്രവർത്തിക്കലാണ് ഏറ്റവും പ്രധാനം. കാലാവസ്ഥാമാറ്റങ്ങൾ നമ്മളെ ഇന്ന് ഒരു ദശാസന്ധിയിൽ കൊണ്ടെത്തിച്ചിരിക്കുന്നു. മനുഷ്യൻ കണ്ട ഏറ്റവും വലിയ കാലാവസ്ഥാമാറ്റം പതിനായിരം വർഷം മുമ്പ് അവസാനിച്ച ഐസ് ഏജ് ആണ്. അതിനെ നമ്മൾ അതിജീവിച്ചത് കൊണ്ടാണ് ഇന്നെനിക്കിത് എഴുതാൻ കഴിയുന്നത്. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ഒരു നേട്ടം അതായിരുന്നു. ഇന്ന് ഒരു വലിയ കാലാവസ്ഥാ മാറ്റമെന്ന മുനമ്പിനറ്റത്തു നിൽക്കുന്ന നമുക്ക് മറ്റൊന്നും പ്രധാനമാകാൻ പാടുള്ളതല്ല. പക്ഷേ നിർഭാഗ്യത്തിന് ഭൂരിപക്ഷം മനുഷ്യരും ലിയർ രാജാവിനെപ്പോലെ കാണേണ്ടത് ഒന്നും കാണുന്നില്ല, അപ്രധാനമായവയ്ക്ക് അമിത ശ്രദ്ധ നൽകുന്നു.
കടപ്പാട് – ഉണ്ണീ ശ്രീദളത്തിന്റെ പോസ്റ്റ്