21
Jan 2025 Tuesday

ടൈറ്റാനിക് – ലോകം ഇന്നും നടുക്കത്തോടെ ഓർക്കുന്ന ഒരു ദുരന്തം

Feb 11th, 2019

ടൈറ്റാനിക്‌! ആ പേരു കേൾക്കാത്തവർ ഇല്ല. ആ കഥയറിയാത്തവര്‍ ചുരുക്കം. 1912 ഏപ്രില്‍ 10ന്‌ യാത്ര പുറപ്പെട്ട്‌ മൂന്നാംപക്കം ഒരു പടുകൂറ്റൻ മഞ്ഞുമലയിലിടിച്ചുതകര്‍ന്ന്‌ നടുപൊട്ടിമുങ്ങിയ ടൈറ്റാനിക്‌. ആദ്യയാത്രതന്നെ അന്ത്യയാത്രയായി മാറിപ്പോയ വിധിയുടെ തുരുമ്പെടുത്ത അടയാളം. കാലത്തിലും അനുഭവത്തിലും ഓര്‍മയിലും തറഞ്ഞുപോയ നങ്കൂരം. കടല്‍ കൈവിടാത്ത കപ്പല്‍. ചരിത്രത്തിലെ നായകനിൽ നിന്നും ഒരൊറ്റ രാത്രി കൊണ്ട് ദുരന്ത നായകനായി മാറിയ ടൈറ്റാനികിനും ഉണ്ട് ഒരു കഥ പറയാൻ അധികം ആരും അറിയാത്ത കഥകൾ. നമുക്ക് ചരിത്രത്തിന്റെ കാണാപ്പുറങ്ങളിലേക്ക് ഒരു യാത്ര പോകാം.

ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കം. ഇന്നത്തെപ്പോലെ യാത്രാവിമാനങ്ങൾ അന്ന് രംഗത്തെത്തിയിട്ടില്ല. ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകണമെങ്കിൽ കപ്പൽ തന്നെ ശരണം. കപ്പൽ കമ്പനികൾ കൂടുതൽ യാത്രക്കാരെ തങ്ങളുടെ കപ്പലുകളിലേയ്ക്ക് ആകർഷിക്കാനുളള തന്ത്രങ്ങൾ തല പുകഞ്ഞാലോചിക്കുന്ന കാലം. ഇംഗ്ലണ്ടിലെ ഒന്നാംകിട കപ്പൽ കമ്പനിയാണ് വൈറ്റ് സ്റ്റാർ ലൈൻ. വൈറ്റ് സ്റ്റാർ ലൈനിൻറെ പ്രധാന എതിരാളിയായിരുന്നു ക്യൂനാഡ് എന്ന കമ്പനി. ഇതും ഇംഗ്ലണ്ടിലായിരുന്നു.

 

ഒരിക്കൽ ക്യൂനാഡ് കമ്പനിക്കാർ വേഗം കൂടിയ രണ്ട് കപ്പലുകൾ പുറത്തിറക്കി. ലൂസിറ്റാനിയ, മൌറിറ്റാനിയ എന്നിങ്ങനെയായിരുന്നു ആ കപ്പലുകളുടെ പേരുകൾ. ഇതൊക്കെ കണ്ട് വൈറ്റ് സ്റ്റാർ ലൈൻ കമ്പനി വെറുതെയിരിക്കുമോ? ക്യൂനാഡിൻറെ വേഗം കൂടിയ കപ്പലുകളെ ആഡംബര കപ്പലുകൾ നിർമ്മിച്ച് തോൽപ്പിക്കാം എന്നവർ കണക്കുകൂട്ടി. ഈ മത്സരത്തിൻറെ ഭാഗമായാണ് ടൈറ്റാനിക് നിർമ്മിച്ചത്.  വൈറ്റ്‌ സ്റ്റാര്‍ കമ്പനി മൂന്നു വൻകപ്പലുകളാണ്‌ ഇറക്കാന്‍ തീരുമാനിച്ചിരുന്നത്‌. ഒളിമ്പിക്‌, ടൈറ്റാനിക്‌, ജൈജാന്റിക്‌. ഇവ മൂന്നും ദുരന്തത്തിന്റെ മുഖങ്ങളായെന്നതാണ്‌ കമ്പനിയെ സംബന്ധിച്ചിടത്തോളം വിചിത്രമായ വസ്‌തുത. ഒളിമ്പിക്‌ മറ്റൊരു കപ്പലുമായി കൂട്ടിയിടിച്ച്‌ വന്‍തകര്‍ച്ചയെ നേരിട്ടിരുന്നു. അനേകമാളുകളുടെ ജീവന്‍ നഷ്‌ടപ്പെട്ട വലിയ അപകടമായിരുന്നു അതും. ഭാഗ്യവശാൽ ഒളിമ്പിക്ക്‌ മുങ്ങിയില്ലെന്നുമാത്രം. അതിനെത്തുടര്‍ന്നുണ്ടാക്കിയ കപ്പലാണ്‌ ടൈറ്റാനിക്ക്‌. ടൈറ്റാനിക്കിന്റെ ആദ്യയാത്ര തന്നെ അന്ത്യയാത്രയായി മാറി.  കമ്പനി അനൗൺസു ചെയ്‌തിരുന്ന മൂന്നാമത്തെ കപ്പലായിരുന്നു ജൈജാന്റിക്‌. എന്നാല്‍ ആ പേരില്‍ ഒരു കപ്പലിറങ്ങിയില്ല. ടൈറ്റാനിക്കിന്റെ പേരിനെ വല്ലാതെ ഓര്‍മപ്പെടുത്തുന്ന ആ പേരിടാന്‍ കമ്പനിക്ക്‌ താല്‌പര്യമുണ്ടായില്ല.

1908 ഏപ്രിലിലാണ് ടൈറ്റാനിക് എന്ന പേര് പരസ്യമായി പ്രഖ്യാപിച്ചത്. 1909 മാർച്ച് 31 ന് കപ്പലിൻറെ നിർമ്മാണം തുടങ്ങി. വടക്കൻ അയർലൻഡിലുളള ഹർലൻഡ് ആൻഡ് വോൾഫ് എന്ന കപ്പൽ നിർമ്മാണ കമ്പനിക്കായിരുന്നു ടൈറ്റാനിക് നിർമ്മിക്കാനുളള ദൌത്യം. 1911 മാർച്ച് 31 ന് കപ്പൽ പുറത്തിറങ്ങിയതായി കമ്പനി പ്രഖ്യാപിച്ചു. എന്നാൽ ടൈറ്റാനിക് ഡ്രൈഡോക്കിൽ നിന്ന് (കൂറ്റൻ കപ്പലുകൾ നിർമ്മിക്കുന്നതിനുളള സ്ഥലം. കപ്പൽ നിർമ്മാണം കഴിഞ്ഞാൽ ഡ്രൈഡോക്കിൽ വെളളം കയറ്റും. പിന്നെ ഡ്രൈഡോക്കിലൂടെ കപ്പൽ കടലിലേക്കെത്തും. കടൽ, കായൽ തുടങ്ങിയവയുമായി ബന്ധിപ്പിച്ചാണ് ഡ്രൈഡോക്കുകൾ നിർമ്മിക്കുക) വെളളത്തിലിറക്കിയത് മേയ് 31 നാണ്.

 

882 അടി ഒൻപതിഞ്ച് നീളവും (ഏകദേശം 269 മീറ്റർ) 92 അടി ആറിഞ്ച് വീതിയും (28 മീറ്റർ) അടിമരം മുതൽ പുകക്കുഴൽ വരെ 175 അടി ഉയരവും (54 മീറ്റർ) ഉളളതായിരുന്നു കപ്പൽ. ഇതിൽ സമുദ്രനിരപ്പിൽ നിന്ന് കപ്പലിൻറെ മുകൾത്തട്ട് വരെയുളള ഉയരം അറുപതടി ആറിഞ്ച് (19 മീറ്റർ) ആയിരുന്നു. ഏകദേശം 20 ബസ്സുകൾ വരിവരിയായി നിർത്തിയിട്ടാലുളള അത്രയും ദൂരമായിരുന്നു ടൈറ്റാനിക്കിൻറെ നീളം. 3547 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്നത്ര വലുതായിരുന്നു ടൈറ്റാനിക്.

ആഡംബരത്തിൻറെ കാര്യത്തിൽ കടലിനു മുകളിലെ സ്വർഗ്ഗമായിരുന്നു ടൈറ്റാനിക്. പതുക്കെ പതുക്കെ ടൈറ്റാനിക്കിൻറെ കീർത്തി നാടെങ്ങും പരന്നു. ടൈറ്റാനിക് നിർമ്മിച്ച വൈറ്റ് സ്റ്റാർ ലൈൻ കമ്പനിയുടെ ഉടമയായിരുന്നു ജെ.പി മോർഗൻ. 1902 ലാണ് മോർഗൻ വൈറ്റ് സ്റ്റാർ ലൈൻ കമ്പനി വാങ്ങുന്നത്. ടൈറ്റാനിക്കിലെ യാത്രയ്ക്ക് മോർഗനും ഒരു സീറ്റ് ബുക്ക് ചെയ്തിരുന്നു. പക്ഷേ ബിസിനസ് തിരക്കുകൾ കാരണം അവസാന നിമിഷം അദ്ദേഹം യാത്ര റദ്ദാക്കുകയായിരുന്നു.

ടൈറ്റാനിക്കിൻറെ കന്നിയാത്ര 1912 ഏപ്രിൽ 10 ന് ഇംഗ്ലണ്ടിലെ തുറമുഖമായ സതാപ്റ്റണിൽ നിന്നു പുറപ്പെടുമെന്നായിരുന്നു പ്രഖ്യാപനം. യാത്രയ്ക്കുളള ദിവസങ്ങൾ അടുക്കുമ്പോഴും ടൈറ്റാനിക്കിൻറെ പണികൾ തീർന്നിരുന്നില്ല. ഒരു വശത്ത് ലഗേജുകളും മറ്റും കയറ്റുമ്പോൾ കപ്പലിൻറെ അടിത്തട്ടിൽ മരപ്പണിക്കാരും പെയിൻറർമാരുമെല്ലാം രാപ്പകലില്ലാതെ ജോലി ചെയ്യുകയായിരുന്നു. പല ഭാഗത്തും നേരിയ തീപ്പൊരികളുണ്ടായിരുന്നു. ഇതെല്ലാം ധൃതിയിൽ പരിഹരിച്ച് കപ്പൽ യാത്രയ്ക്കു തയ്യാറെടുത്തു.

കപ്പൽ പുറപ്പെടുന്ന വേളയിൽ തുറമുഖത്തു വച്ച് ന്യൂയോർക്ക് എന്ന കപ്പലുമായി കൂട്ടിയിടിയുടെ വക്കോളമെത്തി. ടൈറ്റാനിക്കിൻറെ വരവിൽ ന്യൂയോർക്കിൻറെ നങ്കൂരക്കയർ പൊട്ടിപ്പോവുകയായിരുന്നു. ഒരു മണിക്കൂറോളം പണിപ്പെട്ടാണ് കപ്പൽ ഇവിടെ നിന്ന് മാറ്റിക്കൊണ്ടു പോകാൻ കഴിഞ്ഞത്. ഖനി സമരത്തെത്തുടർന്ന് കൽക്കരിക്കു കനത്ത ക്ഷാമമുളള കാലമായിരുന്നു അത്. മറ്റു പല കപ്പലുകളും തങ്ങളുടെ യാത്ര മാറ്റി ടൈറ്റാനിക്കിനു കൽക്കരി കൈമാറി. മൊത്തം 5892 ടൺ കൽക്കരിയാണ് ടൈറ്റാനിക്കിൽ നിറച്ചത്. ഒരു ദിവസത്തെ യാത്രയ്ക്ക് മാത്രം 690 ടൺ കൽക്കരി വേണമായിരുന്നു.

ടൈറ്റാനിക്കിൻറെ ക്യാപ്റ്റനായി നിയോഗിച്ചത് മില്ല്യണയേഴ്സ് ക്യാപ്റ്റൻ എന്നറിയപ്പെട്ടിരുന്ന ഇ.ജെ സ്മിത്തിനെയായിരുന്നു. മുൻപ് വൈറ്റ് സ്റ്റാർ ലൈൻ കമ്പനിയുടെ തന്നെ ഒളിമ്പിക് എന്ന കപ്പലിൻറെയും ക്യാപ്റ്റൻ ഇദ്ദേഹമായിരുന്നു. ടൈറ്റാനിക്കിൻറെ കന്നിയാത്രയ്ക്ക് ശേഷം അദ്ദേഹം വിരമിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ദുരന്തം അദ്ദേഹത്തെ കടലിനടിയിൽ നിത്യനിദ്രയിലാഴ്ത്തി.

ഏതൊരു യാത്രാ കപ്പലിലോ വിമാനത്തിലോ ട്രെയിനിലോ ഉളള പോലെയായിരുന്നു ടൈറ്റാനിക്കിലെ യാത്രക്കാരും. അവരിൽ കോടീശ്വരന്മാർ, വ്യാപാരികൾ, സഞ്ചാരപ്രിയർ, സാധാരണക്കാർ, കൃഷിക്കാർ, അധ്യാപകർ, കുടിയേറ്റക്കാർ, പാവങ്ങൾ അങ്ങനെ അറ്റ്ലാൻറിക്കിൻറെ ഇരു കരകളിലുമുളള എല്ലാ വിഭാഗം ജനങ്ങളുമായി 705 പേരും. അങ്ങനെ മൊത്തം 2228 പേരാണ് കന്നിയാത്രയിൽ കപ്പലിലുണ്ടായിരുന്നത്. 3547 പേർക്കു യാത്ര ചെയ്യാവുന്ന കപ്പലിൽ 1319 സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയായിരുന്നു. തേർഡ് ക്ലാസ്സിലെ യാത്രക്കാരിൽ ഏറെപ്പേരും ഇംഗ്ലണ്ട്, അയർലൻറ്, സ്കാൻഡിനേവിയേഷൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറാൻ ആഗ്രഹിച്ചു യാത്ര തിരിച്ചവരായിരുന്നു. യാത്രക്കാരുടെ പൂർണ്ണ പട്ടിക 2007ൽ www.findmypast.com എന്ന വെബ്സൈറ്റിലൂടെ പുറത്തു വിട്ടിരുന്നു. അതുവരെ പട്ടിക ലണ്ടനിലെ ദേശീയ ആർക്കൈവ്സിൽ മാത്രമേ ലഭ്യമായിരുന്നുളളൂ.

ലോകത്ത് അന്നു വരെ നിർമ്മിക്കപ്പെട്ടതിൽ വച്ച് ഏറ്റവും വലിയ കപ്പൽ, പക്ഷേ ആഡംബരത്തോടൊപ്പം അശ്രദ്ധയും ആ കപ്പലിനൊപ്പമുണ്ടായിരുന്നു. മനുഷ്യൻറെ മസ്തിഷ്കത്തിനു സാധിക്കാവുന്നിടത്തോളം മികച്ചതാണ് ടൈറ്റാനിക്, ടൈറ്റാനിക്കിൻറെ രൂപകൽപ്പന നിർവ്വഹിച്ച തോമസ് ആൻഡ്രൂസ് സുഹൃത്തിനോട് പറഞ്ഞതാണിത്. ടൈറ്റാനിക് നിർമ്മിച്ച ഹരാൾഡ് ആൻഡ് വോൾഫ് കപ്പൽ നിർമ്മാണ കമ്പനിയിലെ ചീഫ് ഡിസൈനറായിരുന്നു അദ്ദേഹം. തോമസ് ആൻഡ്രൂസും യാത്രാ സംഘത്തിലുണ്ടായിരുന്നു. ടൈറ്റാനിക്കിൽ അദ്ദേഹം കൂടുതൽ സമയവും സ്വന്തം മുറിയിൽ ഒറ്റയ്ക്കു ചെലവഴിക്കുകയായിരുന്നു. കപ്പലിൻറെ പോരായ്മകൾ, ഇനി വരുത്തേണ്ട പരിഷ്കാരങ്ങൾ, ആദ്യ നാലു ദിവസങ്ങളിലെ അവലോകനം എന്നിവയിൽ മുഴുകിയിരിക്കുകയായിരുന്നു തോമസ്.

 

ടൈറ്റാനിക്കിൽ ആവശ്യത്തിനു ലൈഫ് ബോട്ടുകൾ ഇല്ലായിരുന്നുവെന്നതാണ് വിചിത്രമായ ഒരു കാര്യം. 3547 പേർക്ക് യാത്ര ചെയ്യാവുന്ന കപ്പലിൽ മൊത്തം 20 ലൈഫ് ബോട്ടുകളേ ഉണ്ടായിരുന്നുളളൂ. കപ്പലിൽ കയറിയതാകട്ടെ 2228 പേരും. ഒരുപക്ഷേ കപ്പൽ മുങ്ങില്ല എന്ന ആത്മവിശ്വാസം കൊണ്ടാകാം ആവശ്യത്തിനു ലൈഫ് ബോട്ടില്ലാതെ കപ്പിത്താനും ജീവനക്കാരും യാത്രയ്ക്ക് തയ്യാറായത്.

അറ്റ്ലാൻറിക് സമുദ്രത്തിലെ മഞ്ഞുമലകൾ കപ്പലോട്ടക്കാരുടെ പേടി സ്വപ്നമാണ്. മഞ്ഞുമലകളിലിടിച്ച് പല കപ്പലുകൾക്കും അപകടം സംഭവിച്ചിട്ടുണ്ടായിരുന്നു. ടൈറ്റാനിക്കിന് സഞ്ചരിക്കേണ്ട പാതയിൽ നിരവധി മഞ്ഞുമലകളുണ്ടായിരുന്നു. ഈ മഞ്ഞുമലകളെക്കുറിച്ച് മറ്റ് കപ്പലുകൾ മുന്നറിയിപ്പു സന്ദേശങ്ങൾ ടൈറ്റാനിക്കിനു നൽകി. പക്ഷേ അവയെല്ലാം അവഗണിക്കപ്പെട്ടു. അവഗണന സൂചനകളോട് തണുത്ത പ്രതികരണവുമായി ടൈറ്റാനിക് കുതിച്ചു പാഞ്ഞു.

1912 ഏപ്രിൽ 10 ബുധനാഴ്ച യാത്ര തുടങ്ങിയ ടൈറ്റാനിക് നാലു ദിവസം പിന്നിട്ടു. ന്യൂയോർക്ക് ലക്ഷ്യമാക്കി അതിവേഗം നീങ്ങുകയാണ് കപ്പൽ. കപ്പൽ ചക്രവർത്തിയിൽ യാത്ര ചെയ്യാൻ ലഭിച്ച ഭാഗ്യത്തെയോർത്ത് ആഹ്ലാദത്തിലുംഅഭിമാനത്തിലുമാണ് യാത്രക്കാരെല്ലാം. ബന്ധുക്കളോടും പ്രിയപ്പെട്ടവരോടും ഇതിൻറെ വിശേഷങ്ങൾ പങ്കുവയ്ക്കാനുളള ആവേശം. ആഡംബര സൌകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുകയാണവർ. ക്ലബ്ബുകളിൽ പലതരം ഗെയിമുകളുണ്ട്.കളിച്ചും കുടിച്ചും ആനന്ദിച്ചുളള യാത്ര.

ഏപ്രിൽ 14 ഞായർ. തണുത്ത പ്രഭാതം. കടൽ ശാന്തംപ്രഭാത സവാരിക്കാർ കപ്പൽത്തട്ടിൽ തണുത്ത കാറ്റേറ്റു നടന്നു. ചിലർ ജിംനേഷ്യത്തിലേയ്ക്ക് പോയി. അവിടെ ടി.ഡബ്ല്യു മാക്കൌളി എന്ന ഇൻസ്ട്രക്ടറുടെ നേതൃത്വത്തിൽ വ്യായാമമുറകൾ. പിന്നെ പ്രഭാത ഭക്ഷണം. രാവിലെ 10.30 നു എല്ലാ ക്ലാസ്സിലെ യാത്രക്കാരും ഫസ്റ്റ് ക്ലാസ് ഡൈനിംഗ് റൂമിൽ പ്രാർത്ഥനയ്ക്കായ് ഒത്തുകൂടി. കപ്പൽ യാത്ര പുറപ്പെട്ട ശേഷമുളള ആദ്യ ഞായറാഴ്ചയായിരുന്നു അത്. കപ്പിത്താൻ എഡ്വേർഡ് സ്മിത്ത് തന്നെ പ്രാർത്ഥനയ്ക്കു നേതൃത്വം നൽകി. വൈറ്റ് സ്റ്റാർ ലൈനിൻറെ പ്രാർത്ഥനാ പുസ്തകത്തിൽ നിന്നുളള പ്രാർത്ഥനകൾക്കൊപ്പം അഞ്ചംഗ സംഗീത സംഘംഗാനങ്ങളും ആലപിച്ചു. ഞായറാഴ്ചയിലെ പ്രാർത്ഥനകൾ ലൈഫ് ബോട്ട് മോക്ക് ഡ്രില്ലോടെ (അപകടമുണ്ടായാൽ രക്ഷാപ്രവർത്തനം നടത്താനും രക്ഷപ്പെടാനുമുളള പരിശീലനം) അവസാനിപ്പിക്കുകയാണ് പതിവ്. അതാണ് കപ്പലുകളിലെ കീഴ്വഴക്കം. എന്തുകൊണ്ടോ അന്നു പ്രാർത്ഥനയ്ക്ക് ശേഷം സ്മിത്ത് ലൈഫ് ബോട്ട് ഡ്രിൽ ചെയ്തില്ല. ആ രാത്രി തന്നെ ലൈഫ്ബോട്ടുകൾ കടലിൽ ഇറക്കേണ്ടി വരുമെന്ന് അറിയുമായിരുന്നില്ലല്ലോ. പ്രാർത്ഥന കഴിഞ്ഞ് എല്ലാവരും പല വഴിയ്ക്കു പോയി. സമയം കടന്നു പോയി. സൂര്യൻ തലയ്ക്കു മുകളിലെത്തി. യാത്രക്കാർ ഉച്ചഭക്ഷണത്തിനുളള ഒരുക്കത്തിലും ആലസ്യത്തിലുമായിരുന്നു.

ടൈറ്റാനിക്കിലെ വയർലെസ് റൂമിൽ അപ്പോൾ മാർക്കോണി വയർലെസ് (അക്കാലത്തെ കപ്പലുകളിലെ വാർത്താ വിനിമയ സംവിധാനമായിരുന്നു മാർക്കോണി വയർലെസ്. മോഴ്സ് കോഡ് ഉപയോഗിച്ചാണ് ഈ സംവിധാനത്തിലൂടെ സന്ദേശങ്ങളയയ്ക്കുക. മാർക്കോണി കമ്പനിയുടെ ഉദ്ദ്യോഗസ്ഥരാണ് ടൈറ്റാനിക്കിൽ വയർലെസ് വയർലെസ് ഓപ്പറേറ്റർമാരായിരുന്നത്. അവർക്ക് ശമ്പളം നൽകിയിരുന്നത് വൈറ്റ് സ്റ്റാർ ലൈൻ കമ്പനിയായിരുന്നു) ഓപ്പറേറ്ററായ ജോൺ ഫിലിപ്സും സഹായി ഹാരൾഡ് ബ്രൈഡും കടുത്ത ജോലിത്തിരക്കിലായിരുന്നു. നൂറുകണക്കിനു സന്ദേശങ്ങൾ വരുന്നു, അതിലേറെ സന്ദേശങ്ങൾ പോകുന്നു. എല്ലാം കപ്പലിലെ യാത്രക്കാർക്കുളളതും അവർക്ക് വേണ്ടി അയയ്ക്കുന്നതും. ഇതെല്ലാംരേഖപ്പെടുത്തി അവരവർക്കു നൽകണം. കപ്പലിലെ 2228 പേർക്കും പുറംലോകവുമായി ബന്ധപ്പെടാനുളള ഏക മാർഗ്ഗം ഈ വയർലെസ് സന്ദേശമാണെന്ന് ഓർക്കുക. തലേ ദിവസം വയർലെസ് മെഷീൻ അൽപ്പസമയം പണിമുടക്കിയിരുന്നു. അതുമൂലമുളള കുടിശ്ശിക ജോലിയുമുണ്ട്. ഇതിനിടയിൽ അനേകം മുന്നറിയിപ്പ് സന്ദേശങ്ങൾ കിട്ടിക്കൊണ്ടിരുന്നു ഇതെല്ലാം ഫിലിപ്സും ബ്രൈഡും ബന്ധപ്പെട്ടവർക്ക് എത്തിക്കുന്നുണ്ടായിരുന്നു.

രാവിലെ 9 മണിയ്ക്കു തന്നെ കരോണിയ എന്ന കപ്പൽ, വഴിയിൽ മഞ്ഞു പാളികളുണ്ട് എന്ന സന്ദേശം നൽകി. അക്ഷാംശവും രേഖാംശവും വ്യക്തമാക്കിയാണു കപ്പലുകൾ സന്ദേശങ്ങൾ കൈമാറുക. ഇതുവഴി മറ്റു കപ്പലുകൾക്കു മുൻകരുതലുകളെടുക്കാം. കപ്പലിൻറെ നിയന്ത്രണ മുറിയിൽ (ബ്രിഡ്ജ്) കപ്പിത്താൻറെ കൈവശം തന്നെ ഈ സന്ദേശംഎത്തിച്ചു. അദ്ദേഹം അത് ഓഫീസർമാർക്കു കൈമാറി. വളരെ കൂടുതൽ മഞ്ഞുകട്ടകളുണ്ട് എന്ന സന്ദേശം നൂർഡാം എന്ന കപ്പൽ, രാവിലെ 11.40 നു നൽകി. ഓരോ കപ്പലും യാത്രാപഥം താണ്ടുമ്പോഴുളള വിവരമാണ് കൈമാറിക്കൊണ്ടിരുന്നത്. ബാൾട്ടിക് എന്ന കപ്പൽ (ഈ കപ്പലും വൈറ്റ് സ്റ്റാർ ലൈനിൻറേതാണ്) നൽകിയ സന്ദേശവും കപ്പിത്താൻറെ കൈവശം തന്നെ എത്തിച്ചു. വൈറ്റ് സ്റ്റാർ ലൈൻ ചെയർമാൻ ബ്രൂസ് ഇസ്മേയും കപ്പലിൽ ഉണ്ടായിരുന്നു. ബാൾട്ടിക് നൽകിയ സന്ദേശം ഇസ്മേയ്ക്ക് സ്മിത്ത് കൈമാറി. മുന്നറിയിപ്പു സന്ദേശം ഇസ്മേ എന്തു ചെയ്തെന്നോ… പതുക്കെ കോട്ടിൻറെ പോക്കറ്റിലിട്ട് ഉച്ചഭക്ഷണം കഴിക്കാൻ റസ്റ്ററൻറിലേയ്ക്ക് കയറി. വഴിയിൽ മഞ്ഞുപാളികളുണ്ട് എന്നറിഞ്ഞപ്പോൾ ബ്രൂസ് ഇസ്മേയോട് യാത്രക്കാരിലൊരാളായ മിസിസ് ആർതർ റയർസൺ ചോദിച്ചു,. നിങ്ങൾ ടൈറ്റാനിക്കിൻറെ വേഗം കുറയ്ക്കാൻ പോവുകയാവും അല്ലേ..? ബ്രൂസ് ഉടൻ മറുപടി പറഞ്ഞു, ഹേയ് ഇല്ല. മറിച്ച് ടൈറ്റാനിക്കിനെ കുതിച്ഛു പായിച്ച് മഞ്ഞു പാളിയെ മറികടക്കും.

ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട മിസിസ് ആർതർ പിന്നീട് നൽകിയ മൊഴിയാണിത്. വേഗം കൂട്ടാൻ കപ്പിത്താനെ പ്രേരിപ്പിച്ചത് ഇസ്മേയ് ആണെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. ടൈറ്റാനിക് ദുരന്തത്തിലെ വില്ലന്മാരിലൊരാളായിട്ടാണ് ഇദ്ദേഹത്തെ കണക്കാക്കുന്നത്. ഇക്കാര്യങ്ങളൊന്നും കപ്പൽ യാത്രക്കാർ അറിഞ്ഞതേയില്ല. അവർ തങ്ങളുടെ വിനോദങ്ങളിൽ മുഴുകിയിരുന്നു. കുറെ കഴിഞ്ഞപ്പോൾ കടലിൻറെ സ്വഭാവം മാറുന്നതായി യാത്രക്കാരിൽ ചിലർക്കു തോന്നിത്തുടങ്ങി. വൈകിട്ട് ആയതോടെ മരം കോച്ചുന്ന തണുപ്പ് പടർന്നു. മരം കോച്ചുന്ന തണുപ്പ് കപ്പലിനെ വന്ന് മൂടുന്നു. അതോടെ കപ്പൽത്തട്ടിലുണ്ടായിരുന്ന യാത്രക്കാരെല്ലാ മുറികൾക്കുളളിലേക്ക് ചേക്കേറി. ചിലർ പ്രധാന ഹാളിൽ സംഗീതം ആസ്വദിക്കാൻ കയറി. അവിടെ ലൈവ് ബാൻഡ് നടക്കുകയായിരുന്നു. ചിലർ റസ്റ്ററൻറിൽ കയറി ചായയും കാപ്പിയും കുടിച്ചു ശരീരം ചൂട് പിടിപ്പിച്ചു. ചിലരൊക്കെ ലഗേജുകൾ തയ്യാറാക്കുകയും യാത്രാ രേഖകൾ ശരിയാക്കുകയുമായിരുന്നു, അടുത്ത ദിവസം ന്യൂയോർക്കിലെത്താനുളളതാണല്ലോ. തേർഡ് ക്ലാസിലെ പലരും ചീട്ടു കളിച്ചും പുക വലിച്ചും നൃത്തം ചവിട്ടിയും സ്വയം മറന്നുളള ആഘോഷത്തിലായിരുന്നു.

പുറത്ത് താപനില തുടരെത്തുടരെ താഴ്ന്നുകൊണ്ടിരിക്കുകയാണ്. അസാധാരണ തണുപ്പു കാരണം വെളളം ഉറഞ്ഞ് മഞ്ഞുകട്ടയായ്പ്പോയതിനാൽ ജലവിതരണം മുടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സെക്കൻഡ് ഓഫീസർ നിർദേശം നൽകി. രാത്രി 8.40 തിനായിരുന്നു ഇത്. രാത്രി അത്താഴത്തിനു മുമ്പ് ബ്രൂസിനെ കപ്പിത്താൻ സ്മിത്ത് കണ്ടു. ബാൾട്ടിക് എന്ന കപ്പൽ നൽകിയ പഴയ മുന്നറിയിപ്പു സന്ദേശം കപ്പൽ നിയന്ത്രണ മുറിയിൽ അപ്പോഴും എത്തിച്ചിട്ടില്ലെന്നു സ്മിത്ത് മനസ്സിലാക്കി. അത് തിരികെ നൽകാൻ സ്മിത്ത് ആവശ്യപ്പെട്ടു. ഇതിനിടയിൽ വയർലെസ് മുറിയിൽ അപായ സന്ദേശങ്ങളുടെ പ്രളയമായിരുന്നു. രാത്രി 7.30 ന് കാലിഫോർണിയൻ എന്ന കപ്പലിൽ നിന്നുളള സന്ദേശം ലഭിച്ചു. അഞ്ചു മൈൽ (8 കി.മീ) തെക്കു ഭാഗത്തായി വലിയ മൂന്ന് മഞ്ഞുമലകൾ. കപ്പൽ നിയന്ത്രണ മുറിയിലേയ്ക്ക് ഈ സന്ദേശങ്ങളെല്ലാം യഥാസമയം നൽകിയിരുന്നെങ്കിലും കപ്പിത്താൻ സ്മിത്ത് പലതും അറിഞ്ഞില്ല. കപ്പൽ നിയന്ത്രണത്തിനൊപ്പം തന്നെ യാത്രക്കാരെ, പ്രത്യേകിച്ചു കോടീശ്വരന്മാരെയും ഉന്നതരെയും സന്തോഷിപ്പിക്കുക എന്ന ദൌത്യവും അദ്ദേഹത്തിനുണ്ടായിരുന്നു.

അതിനാൽ പലർക്കുമൊപ്പം വിരുന്നിൽ പങ്കെടുക്കാനും എല്ലാവരുടെയും ക്ഷേമകാര്യങ്ങൾ അന്വേഷിക്കാനും അദ്ദേഹത്തിനു സമയം കണ്ടെത്തേണ്ടി വന്നു. ഫിലഡൽഫിയയിലെ അതിസമ്പന്ന കുടുംബത്തിലെ അംഗമായ കോടീശ്വരൻ ജോർജ് വൈഡനറുടെ അത്താഴ വിരുന്നായിരുന്നു അന്നു രാത്രി. വിരുന്നു ഹാളിൽ യാത്രക്കാരെല്ലാം ആനന്ദാതിരേകത്താൽ സ്വയം മറന്ന അവസ്ഥയിലായിരുന്നു. ടൈറ്റാനിക് ഏത് സമയത്തു ന്യൂയോർക്കിലെത്തുമെന്ന കാര്യത്തിൽ പന്തയം വയ്ക്കുകയായിരുന്നു പലരും. പഴയ റെക്കോർഡെല്ലാം തകർത്ത് ടൈറ്റാനിക് കുതിച്ചെത്തുമെന്നതിൽ ആർക്കും സംശയമില്ലായിരുന്നു.

ഫസ്റ്റ് ക്ലാസ് യാത്രക്കാരിൽ പലരും പതുക്കെ മുറിയിലേയ്ക്ക് പോയി. കുടിയേറ്റ സ്വപ്നവുമായി പോകുന്നവർ ഭാവിയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. തേർഡ് ക്ലാസിലുളളവർ 3 ദിവസം കൂടി കഴിഞ്ഞാൽ തങ്ങൾ കാലുകുത്തുന്ന പുതിയ രാജ്യത്തെക്കുറിച്ചു സ്വപ്നംകണ്ടുകൊണ്ടിരിരുന്നു. അൽപ്പം കഴിഞ്ഞപ്പോഴേയ്ക്കും പലരും ഉറങ്ങിത്തുടങ്ങി. തങ്ങളെ കാത്തിരിക്കുന്ന തണുത്തുറഞ്ഞ ദുരന്തത്തെക്കുറിച്ചറിയാതെ… നിലാവില്ലാത്ത രാത്രിയിൽ… രാത്രിയായി. ആ രാത്രി ആകാശത്തു ചന്ദ്രനില്ലായിരുന്നു. നക്ഷത്രങ്ങൾക്കു വജ്രത്തിളക്കമായിരുന്നു. 9 മണിയോടെ അത്താഴവിരുന്നുകാരോടു ഗുഡ്നൈറ്റ് പറഞ്ഞു കപ്പിത്താൻ പിരിഞ്ഞു.

തുടർന്നു കപ്പൽ നിയന്ത്രണ മുറിയിലെത്തിയ അദ്ദേഹം എന്തെങ്കിലും അത്യാവശ്യമുണ്ടായാൽ വിളിക്കണമെന്നു പറഞ്ഞ് മുറിയിലേക്കു പോയി. മണിക്കൂറിൽ 42 കിലോ മീറ്റർ വേഗതയിൽ കുതിച്ചു പായുകയായിരുന്നു ടൈറ്റാനിക്. തണുപ്പുണ്ടെന്നല്ലാതെ മറ്റു പ്രശ്നങ്ങളൊന്നുമില്ലായിരുന്നുവെന്നു ജീവനക്കാരിലൊരാളായ ജോസഫ് സ്കാരറ്റ് ഓർക്കുന്നു. തടാകം പോലെ ശാന്തമായിരുന്നു കടൽ. എല്ലാവരും സന്തോഷത്തിൻറെ മടിത്തട്ടിലുമായിരുന്നു. രാത്രി 10.30 ന് താപനില വീണ്ടും താഴ്ന്നു. മുന്നിൽ മഞ്ഞുമല ഉണ്ടോ എന്നു നോക്കാൻ ഫ്രെഡറിക് ഫീറ്റ്, റെജിനാൾഡ് ലീ എന്നിവർ ചെന്നു. കപ്പലിൻറെ ഉയരത്തിൽ കയറി നിന്ന് മുന്നോട്ടു നോക്കിയാണ് മഞ്ഞുമല കണ്ടെത്തുക. ഇരുട്ടിൽ ഇത് എങ്ങനെ കാണുമെന്ന് സംശയം തോന്നാം. മഞ്ഞുമലയ്ക്കു ചുറ്റും തിരയടിച്ചു പതഞ്ഞുയരുന്ന വലയമാണ് മഞ്ഞുമലയുടെ ലക്ഷണം. തൂവെളള നിറത്തിൽ മോതിരം പോലെ ഈ തിരപ്പത തിളങ്ങിനിൽക്കും. അകലെ നിന്ന് ഇതു കാണാൻ കഴിയും. ആ രാത്രി അത്തരം തിരമോതിരം എവിടെയും കണ്ടില്ല. പക്ഷേ അന്തരീക്ഷത്തിൽ പ്രത്യേക ഗന്ധമുണ്ടായിരുന്നു, അത് മഞ്ഞുമലയുടെ സാന്നിധ്യമുണ്ടായിരുന്നു.

 

ഇതിനിടയിൽ വയർലെസ് മുറിയിൽ പിന്നെയും അപായ സന്ദേശങ്ങളെത്തിയിരുന്നു. വയർലെസ് ഓപ്പറേറ്റർ ജോൺ ഫിലിപ്സ് ഈ സന്ദേശം എഴുതിയെടുത്തെങ്കിലും അപ്പോൾത്തന്നെ കൈമാറിയില്ല. പകരം യാത്രക്കാർ അയയ്ക്കാൻ ഏൽപ്പിച്ച സന്ദേശങ്ങൾ അയയ്ക്കുന്നതിനാണ് ഫിലിപ്സ് മുൻഗണന നൽകിയത്. ആ സമയത്ത് ടൈറ്റാനിക്കിൻറെ തൊട്ടടുത്തുണ്ടായിരുന്ന കാലിഫോർണിയൻ എന്ന കപ്പലിൽനിന്നു ഒരു ശബ്ദ സന്ദേശം ടൈറ്റാനിക്കിലേക്ക് വന്നു. മഞ്ഞുകട്ടയിൽ ശരിക്കും കുടുങ്ങിപ്പോയി എന്നായിരുന്നു കാലിഫോർണിയൻറെ സന്ദേശം. എന്നാൽ ടൈറ്റാനിക്കിലെ യാത്രക്കാരുടെ സന്ദേശങ്ങൾ അയയ്ക്കുന്ന തിരക്കിലായിരുന്ന ഫിലിപ്സിനു കാലിഫോർണിയൻറെ സന്ദേശം ശല്യമായിട്ടാണു തോന്നിയത്, നിർത്തൂ എനിക്ക് ജോലിയുണ്ട്-ഫിലിപ്സ് മറുപടി നൽകി. ഇതോടെ കാലിഫോർണിയനിലെ വയർലെസ് ഓപ്പറേറ്റർ അത് ഓഫ് ചെയ്ത് ഉറങ്ങാൻ പോയി. ഒരുപക്ഷേ കാലിഫോർണിയനിലെ റേഡിയോ ഓൺ ആയിരുന്നെങ്കിൽ ടൈറ്റാനിക്കിലെ മുഴുവൻ പേരെയും രക്ഷപ്പെടുത്താമായിരുന്നു.

1912 ഏപ്രിൽ 14.രാത്രി 11.40. കപ്പലിലെ യാത്രക്കാർ ഏറെയും ഉറങ്ങാൻ പോയി.വിളക്കുകൾ അണഞ്ഞു തുടങ്ങി. കാനഡയുടെ കിഴക്കേ പ്രവിശ്യയായ ന്യൂഫൌണ്ട്ലാൻറിൻറെ തീരത്തുനിന്ന് 600 കി.മീ അകലെയുളള കപ്പൽപ്പാതയിലൂടെ കുതിച്ചു പായുകയായിരുന്നു ടൈറ്റാനിക്. മഞ്ഞുമലകളുണ്ടോ എന്നു നോക്കാൻ നിയോഗിച്ച ഫ്രെഡറിക് ഫ്ലീറ്റ് അപ്പോഴും ഉയരത്തിൽ നിൽപ്പുണ്ടായിരുന്നു. മഞ്ഞുമലകൾ കണ്ടില്ലെങ്കിലും അവ്യക്തമായ മൂടൽമഞ്ഞ് അവരെ ആശങ്കാകുലരാക്കി. ഒന്നും കാണാനാവുന്നില്ല. എവിടെ ദൂരദർശിനി, അത് നിർബന്ധമായും വേണ്ടുന്നതാണ്. പക്ഷേ കാണുന്നില്ല. പെട്ടെന്ന് റെജിനാൾഡ് ലീ മൂന്നു തവണ അപായമണി മുഴക്കി. കപ്പൽ നിയന്ത്രണമുറിയിലേക്ക് ഫോൺ ചെയ്ത് അദ്ദേഹം വിളിച്ചു കൂവി, “അയ്യോ തൊട്ടു മുന്നിൽ മഞ്ഞുമല…”

“നന്ദി” – സിക്സ്ത് ഓഫീസർ ജെയിംസ് മൂഡി മറുപടി നൽകി. അപ്പോഴേയ്ക്കും വലിയൊരു മഞ്ഞുമലയിലേയ്ക്ക് ടൈറ്റാനിക് പാഞ്ഞുകയറിക്കഴിഞ്ഞിരുന്നു. വലിയ അപകടം സംഭവിച്ചുവെന്ന് ഉയരത്തിൽനിന്ന് എല്ലാം കണ്ട ഫ്ലീറ്റിനും ലീയ്ക്കും വ്യക്തമായി.അപ്പോഴേയ്ക്കും താഴെ കപ്പൽ നിയന്ത്രണ മുറിയിൽ ഫസ്റ്റ് ഓഫീസർ വില്യംമർഡോക്ക് അടിയന്തര മുൻകരുതൽ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു. കപ്പലിൻറെ എൻജിൻ ഓഫ് ചെയ്യാനും വെളളം കടക്കാതിരിക്കാനുളള 15 വാട്ടർടൈറ്റ് വാതിലുകൾ അടയ്ക്കാനും നിർദ്ദേശം നൽകി.

മഞ്ഞുമലയിൽ കപ്പലിൻറെ മുൻ ഭാഗം നേരിട്ട് ഇടിക്കുന്നതിനു പകരംദക്ഷിണ പാർശ്വഭാഗം ഉരഞ്ഞു കയറുകയായിരുന്നു. ഈ നിലയിൽ 10 സെക്കൻറോളം കപ്പൽ മുന്നോട്ടു നീങ്ങി. അതായത് പത്തു സെക്കൻഡു കൊണ്ട് കപ്പൽ നീങ്ങിയ അത്രയും നീളത്തിൽ കപ്പലിൻറെ അടിഭാഗം കീറിക്കഴിഞ്ഞിരുന്നു എന്നർത്ഥം….

കപ്പിത്താൻ സ്മിത്ത് സ്വന്തം മുറിയിലിരുന്നു തന്നെ അപകടം മണത്തു. എവിടെയാണ് ഇടിച്ചതെന്ന് അദ്ദേഹം മർഡോക്കിനോടു ചോദിച്ചു. ഇടിച്ചതു മഞ്ഞുമലയിലാണെന്നും ഇടി തടയാനാവാത്ത വിധം തൊട്ടടുത്തായിരുന്നും മർഡോക്ക് അറിയിച്ചു. കപ്പലിൻറെ രൂപകൽപ്പന നിർവഹിച്ച തോമസ് ആൻഡ്രൂസ് ഈ വിവരം അറിഞ്ഞിട്ടില്ലായിരുന്നു. അദ്ദേഹത്തെ കൂട്ടിക്കൊണ്ട് വരാൻ ഉടൻ ഉദ്ദ്യോഗസ്ഥരെ അയച്ചു. എന്താണ് പറ്റിയതെന്ന് പരിശോധിക്കാൻ ഫോർത്ത് ഓഫീസർ ജോസഫ് ബോക്സ്ഹാളിനോടു പറഞ്ഞു. അദ്ദേഹം പോയി നോക്കിയെങ്കിലും അപകടമൊന്നും കണ്ടില്ലെന്ന മറുപടിയുമായാണ് തിരിച്ചെത്തിയത്. ഇതിൽ തൃപ്തരാകാതെ നേരിട്ടു തന്നെ പോയി പരിശോധിക്കാൻ ക്യാപ്റ്റൻ എഡ്വേഡ് സ്മിത്തുംകപ്പൽ ഡിസൈനർ തോമസ് ആൻഡ്രൂസും തീരുമാനിച്ചു. കരൾ പിളർത്തുന്ന കാഴ്ചയാണ് അവർ കണ്ടത്.

ഒരു മഞ്ഞുമലയുടെ അറ്റംടൈറ്റാനിക്കിൻറെ അടിഭാഗത്തു തുളച്ചു കയറിയിരിക്കുന്നു. അത് കപ്പലിൻറെ അടിത്തട്ടിൽ 300 അടി നീളത്തിൽ കീറലുണ്ടാക്കി. വെളളം കയറാത്ത 16 അറകളുളള ചട്ടക്കൂടിലെ 5 അറകൾ തകർന്നുകഴിഞ്ഞു, ആറാമത്തേതും തകരാനൊരുങ്ങുന്നു (ഇതിൽ 4 എണ്ണം തകർന്നാലും കപ്പലിനു പ്രശ്നമില്ലായിരുന്നു). 5 അറകളിലേക്കും വെളളം കുത്തിയൊഴുകുകയാണ്. ഫ്രിഡ്ജിലെ ഐസ്ട്രേയിലെ കളളികളിൽ വെളളം നിറയുന്നതു പോലെ ഓരോ അറയിലേയ്ക്കും വെളളം നിറഞ്ഞുകൊണ്ടിരുന്നു. കപ്പലിൻറെ അടിത്തട്ടിൽ നിന്നും 14 അടി ഉയരത്തിൽ വെളളം ഉയർന്നു കഴിഞ്ഞു. കപ്പലിൻറെ അണിയം ഭാഗം താഴ്ന്നു തുടങ്ങി.

 

“ഈ അവസ്ഥയിൽ നാംഎത്ര നേരം..?” -ആൻഡ്രൂസിനോട് ക്യാപ്റ്റൻ സ്മിത്ത് ചോദിച്ചു… “ഒന്നര മണിക്കൂർ, പരമാവധി 2, അതിനപ്പുറം പോകില്ല” -ആൻഡ്രൂസിൻറെ മറുപടി. മുന്നിലെത്തിയ അപകടത്തിൻറെ ആഴവും വ്യാപ്തിയും അവർ തിരിച്ചറിഞ്ഞു. കപ്പലിൻറെ സ്ഥാനവും മറ്റുമടങ്ങിയ കുറിപ്പ് ഫോർത്ത് ഓഫീസർ ബോക്സ്ഹാൾ ഉടൻ തയ്യാറാക്കി. വയർലെസ് റൂമിൽ ഫിലിപ്സിന് ഇതു കൈമാറി. സഹായം തേടിയുളള സന്ദേശങ്ങൾ ഉടൻ അയയ്ക്കാൻ ഏർപ്പാടു ചെയ്തു. അപായ സന്ദേശമായ സിക്യുഡി (ഇപ്പോഴത്തെ എസ്.ഒ.എസ് സന്ദേശം) ഫിലിപ്സ് അയച്ചുകൊണ്ടിരുന്നു.

കൽക്കരി കത്തിക്കുന്ന ബോയ്ലർ റൂം ആറിൽ ഫ്രെഡറിക് ബാരറ്റ് എന്ന ജീവനക്കാരനും അപകടം ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. ഇടി വെട്ടുന്ന പോലെയുളള ശബ്ദത്തിനു പിന്നാലെ വെളളം ഇരമ്പി വരുന്നത് അദ്ദേഹം അറിഞ്ഞു. ബോയ്ലർ റൂം 5 നും 6 നുമിടയിലൂടെ വെളളം ഇറങ്ങാൻ തുടങ്ങി. തപാൽ ഉരുപ്പടികൾ സൂക്ഷിച്ചിരുന്ന മുറിയിലും വെളളം കയറി. ജീവനക്കാർ ധൃതിയിൽ ഉരുപ്പടികൾ മുകളിലേക്ക് മാറ്റിക്കൊണ്ടിരുന്നു. ജോലി തീർത്തപ്പോഴേയ്ക്കും അവർ കഴുത്തോളം വെളളത്തിലായ്ക്കഴിഞ്ഞിരുന്നു. പക്ഷേ ഉറക്കത്തിലായിരുന്ന പലരും, ജീവനക്കാർ പോലും അപകടവിവരം അറിഞ്ഞില്ല. അതറിഞ്ഞപ്പോഴും അതിൻറെ ഗൌരവം പലരും മനസ്സിലാക്കിയില്ല. കപ്പലിനകത്തേയ്ക്ക് തെറിച്ചു വീണ മഞ്ഞുകട്ടകൾ തട്ടിക്കളിക്കുകയായിരുന്നു പലരും.

യാത്രക്കാരെല്ലാം കപ്പൽത്തട്ടിൽ എത്താനും ലൈഫ് ബോട്ടിൽ കയറാൻ തയ്യാറെടുക്കാനുമുളള നിർദ്ദേശം ക്യാപ്റ്റൻ നൽകി. തൽക്കാലം ബോട്ടിൽ കയറുക പ്രഭാതഭക്ഷണത്തിൻറെ സമയമാകുമ്പോഴേക്കും തിരിച്ചെത്താം, എന്നാണ് മിസിസ് ഹാർട്ട് എന്ന യാത്രക്കാരിയോട് ജീവനക്കാരിലൊരാൾ പറഞ്ഞത്. മറ്റൊരു സ്ത്രീ അപ്പോഴും വാശിപിടിച്ച് നിൽക്കുകയായിരുന്നു, ആയിരം മഞ്ഞുമലകൾ ഇടിച്ചുതകർക്കാൻ ഈ കപ്പലിനു കഴിയും. പിന്നെന്തിനാണ് ബോട്ട്… മണ്ടത്തരം… കപ്പലിനെക്കുറിച്ചുളള വിശ്വാസം അപ്പോഴും യാത്രക്കാരിൽ ഏറെപ്പേർക്കും നഷ്ടപ്പെട്ടിരുന്നില്ല. കപ്പിത്താൻ സ്മിത്തിനും ഡിസൈനർ ആൻഡ്രൂസിനും മാത്രമറിയാം, ഇനിയെന്തു സംഭവിക്കുമെന്ന്. മൂന്നാംക്ലാസ് യാത്രക്കാരെ വിളിച്ചുണർത്തി. അവർ ഡെക്കിലേയ്ക്കു പോകുന്നതിനിടയിൽ ഡെക്കിൽ വെളളം കയറിത്തുടങ്ങിയിരുന്നു. ആദ്യം പാദത്തിനു ചുറ്റും വെളളം.പതുക്കെപ്പതുക്കെ അത് ഉയർന്നു.

അർധരാത്രി കഴിഞ്ഞു. ആകാശത്തു ചന്ദ്രനില്ല, നിലാവില്ല, ചുറ്റും കൂരിരുട്ട്. ഇടയ്ക്കിടെ രക്തം മരവിപ്പിക്കുന്ന തണുത്ത കാറ്റും. കടൽവെളളത്തിനു കറുപ്പുനിറമാണെന്ന് അവർക്കു തോന്നി. ആകാശമേത് കടലേത് എന്ന് തിരിച്ചറിയാൻ വയ്യ. നടുക്കടലിൽ കപ്പൽ അപകടത്തിൽപ്പെട്ടാൽ മറ്റു കപ്പലുകളോടു സഹായാഭ്യർത്ഥനയായി നൽകുന്ന സൂചനയായിരുന്നു അപായ വെടിക്കെട്ട്. നടുക്കടലിൽ ഉയരത്തിൽ വെടിക്കെട്ട് ഇടയ്ക്കിടെ കണ്ടാൽ അവിടെ ഒരു കപ്പൽ കുടുങ്ങിക്കിടക്കുന്നു എന്ന് മനസ്സിലാക്കാം. ടൈറ്റാനിക് അപകടത്തിൽപ്പെട്ടപ്പോൾ ക്വാർട്ടർ മാസ്റ്റർ ജോർജ് റോവ് തുടരെത്തുടരെ അപായവെടിക്കെട്ടുകൾ നടത്തുന്നുണ്ടായിരുന്നു. അഞ്ച് ആറ് മിനിട്ട് കൂടുമ്പോൾ ഓരോ വെടിക്കെട്ട് എന്ന നിലയിലായിരുന്നു അത്. എന്നാൽ അറ്റ്ലാൻറിക് മഹാസമുദ്രത്തിൽ ഒരാളും അത് കണ്ടില്ല. സഹായത്തിനെത്തിയതുമില്ല.

ഇരുൾപ്പരപ്പിൽ ടൈറ്റാനിക് എന്ന ഭീമൻ കപ്പൽ മാത്രം. ആ ചലിക്കുന്ന കൊട്ടാരം അൽപ്പമൊന്ന് ചരിഞ്ഞിട്ടുണ്ട്. അത് യാത്രക്കാർ തിരിച്ചറിയുന്നില്ലെന്നു മാത്രം. ലൈഫ് ബോട്ടുകൾ കടലിലിറക്കാൻ കപ്പിത്താൻ ഉത്തരവു നൽകി. പക്ഷേ ആ നടുക്കടലിൽ ബോട്ടിനേക്കാൾ സുരക്ഷിതം കപ്പൽ തന്നെയെന്ന ചിന്തയിലായിരുന്നു പലരും. അറ്റലാൻറിക് സമുദ്രത്തിന് നടുവിൽ ബോട്ടിൽ കയറിയിട്ട് എങ്ങോട്ടു പോകാൻ. ഏറ്റവും അടുത്തുളള തീരത്തേയ്ക്ക് 600 കി.മീ അകലമുണ്ട്. തണുപ്പ് അസഹ്യം. മേൽക്കൂര പോലുമില്ലാത്ത ലൈഫ് ബോട്ടിൽ എങ്ങനെ പോകും…?

ആദ്യത്തെ ലൈഫ് ബോട്ട് കടലിലിറക്കി. സ്ത്രീകളും കുട്ടികളും ആദ്യം എന്നതായിരുന്നു നിർദേശം. യാത്രക്കാരിൽ ഏറെപ്പേരും ശാന്തതയോടെ അത് പാലിച്ചു. എന്നാൽ ചിലരുണ്ടായിരുന്നു അച്ചടക്കം ഇല്ലാത്തവരായ്. ഒരാൾ പെൺവേഷം കെട്ടി ബോട്ടിൽ നുഴഞ്ഞു കയറി. അഞ്ചാം നമ്പർ ലൈഫ് ബോട്ടിലേയ്ക്ക് നാലു പുരുഷന്മാർ ചാടിക്കയറി. ഇതിലൊരാൾക്ക് 114 കി.ഗ്രാം ഭാരമുണ്ടായിരുന്നു. ഒരു സ്ത്രീയുടെ ദേഹത്തേക്കാണ് ഇയാൾ വീണത്, സ്ത്രീ അബോധാവസ്ഥയിലായി, അവരുടെ രണ്ടു വാരിയെല്ലുകൾ ഒടിഞ്ഞു.

 

പല സ്ത്രീകളും ഭർത്താക്കന്മാരെ പിരിയാൻ തയ്യാറല്ലായിരുന്നു. ചിലരെ ഭർത്താക്കന്മാർ നിർബന്ധിച്ചു ബോട്ടിൽ കയറ്റി. ചിലർ ബോട്ടിൽ കയറാതെ ഭർത്താവിനൊപ്പം കപ്പലിൽ തന്നെ നിന്നു. കപ്പലിലുളള മുഴുവൻ പേർക്കും രക്ഷപ്പെടാൻ മാത്രം ലൈഫ് ബോട്ടുകൾ ഇല്ലായിരുന്നു. മൊത്തം യാത്രക്കാർ 2228, ലൈഫ് ബോട്ടുകളുടെ ശേഷി 1178. എന്നാൽ ബോട്ടുകളിൽ ഇത്രയും പേരും കയറിയില്ല. കപ്പൽ തന്നെ സുരക്ഷിതം എന്ന് കരുതിയതായിരുന്നു ഒരു കാരണം മറ്റൊന്ന് ബോട്ടിൽ കയറിപ്പറ്റിയവർ ബോട്ട് നിറഞ്ഞതായി തെറ്റദ്ധരിപ്പിച്ചു. മൊത്തം 705 പേരെ മാത്രമേ ലൈഫ് ബോട്ടുകളിൽ കയറ്റാൻ കഴിഞ്ഞിരുന്നുളളൂ. ലൈഫ് ബോട്ടുകൾ ഒന്നൊന്നായി നീങ്ങിത്തുടങ്ങി. അപ്പോഴേക്കും വയർലെസ് റൂമിൽ നിന്ന് സഹായസന്ദേശം അയച്ചുകൊണ്ടേയിരുന്നു. അധികം അകലെയല്ലാതെ കാലിഫോർണിയൻ എന്ന കപ്പലുണ്ടെങ്കിലും അവർ വയർലെസ് ഓഫ് ചെയ്ത് ഉറങ്ങാൻ പോയതിനാൽ ഒന്നുമറിഞ്ഞില്ല.

പുലർച്ചെ 1.55. പതിനെട്ടാമത്തെ ലൈഫ് ബോട്ട് 15 അടി താഴ്ത്തിയപ്പോഴേക്കും കടലിലെത്തി. കടൽനിരപ്പിൽ നിന്ന് കപ്പൽത്തട്ടിലേക്കുളള ഉയരം 60 അടിയായിരുന്നു. കപ്പൽ അത്രമാത്രം മുങ്ങിക്കഴിഞ്ഞു. ഇരുഭാഗത്തും കയർ കെട്ടി ബോട്ട് ഇറക്കുന്നതിനിടെ ഒരു ഭാഗത്തെ കയർ പ്രവർത്തിക്കാതായി. ബോട്ടും ജനങ്ങളും കടലിലേക്ക് ഊർന്നു വീഴുമെന്ന പോലെ തൂങ്ങിക്കിടന്നു. അതിനിടെ ഒരാൾ കടലിലേക്ക് എടുത്തുചാടി. സമയം പുലർച്ചെ 2.05 പത്തൊമ്പതാമത്തെ ലൈഫ് ബോട്ടും കടലിലിറങ്ങി കപ്പൽ ജീവനക്കാരുടെ ദൌത്യം കഴിഞ്ഞെന്നും ഇനി സ്വയം രക്ഷപ്പെടാനുളള വഴി തേടാമെന്നും കപ്പിത്താൻ പറഞ്ഞു.

സമയം 2.10. കപ്പലിൻറെ അണിയം വല്ലാതെ താഴ്ന്നു. പിന്നെ മുറിഞ്ഞ് കുത്തനെ കടലിനടിയിലേക്ക്. കപ്പലിൻറെ മറുഭാഗത്തെ അമരഭാഗം ഭൂകമ്പത്തിലെന്ന പോലെ കുലുങ്ങി. വെളളം കപ്പൽത്തട്ടിലേക്ക് തെറിച്ചുയർന്നു. ആടിയുലഞ്ഞ യാത്രക്കാർ ഉരുണ്ടുരുണ്ട് കടലിലേക്കു വീണു. ഈ സമയത്തെല്ലാം കപ്പലിൻറെ ബോയ്ലിങ് റൂമിൽ ജീവൻ പണയപ്പെടുത്തി വെളിച്ചം നിലനിർത്തുകയായിരുന്നു ജീവനക്കാർ. വയർലെസ് മുറിയിൽനിന്ന് സന്ദേശങ്ങൾ നൽകുന്നുമുണ്ടായിരുന്നു. ഒടുവിൽ വിളക്കുകളെല്ലാം അണഞ്ഞു. അവസാന ലൈഫ് ബോട്ടും കപ്പലിൽ നിന്ന് വേർപെടുത്തി. സമയം 2.17. അവസാനശ്വാസമെടുക്കാനെന്ന പോലെ കപ്പലിൻറെ അമരഭാഗം ഒന്നു നിവർന്നു. പിന്നെ അറ്റലാൻറിക്കിൻറെ അടിത്തട്ടിലേക്ക് അത് ഊളിയിട്ടു..

 

ടൈറ്റാനിക്കുമായി ബന്ധപ്പെട്ടുള്ള ചില വസ്തുതകൾ : അന്നത്തെ വലിയ യാത്രാക്കപ്പൽ. 46,328 ടൺ ഭാരം. 882 അടി നീളം. 175 അടി ഉയരം. 9 ഡെക്കുകൾ. 46,000 കുതിരശക്തി പവർ. പരമാവധി വേഗത മണിക്കൂറിൽ 44 കിലോമീറ്റർ. ആഡംബരത്തിന്റെ ധൂർത്?

  • Leave a Reply

    Your email address will not be published. Required fields are marked *

    Featured News