21
Jan 2025 Tuesday

ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത ഹിറ്റ് സീരിയലിലെ താരങ്ങള്‍

Sep 14th, 2021

മലയാളികളുടെ നൊസ്റ്റാള്‍ജിയ ആണ് ദൂരദര്‍ശന്‍. ചാനല്‍ വിപ്ലവം ഉണ്ടാകുന്നതിന് മുന്‍പ് അയലത്തെ വീട്ടിലേക്ക് ഓടിയും ആന്റിന തിരിച്ചുവെച്ചും ബ്ലാക്ക് ആന്‍ഡ് വൈറ്റിലും പിന്നെ കളറിലും ചിത്രഗീതവും ഞായറാഴ്ച സിനിമയും ജംഗിള്‍ബുക്കും ഒക്കെ കണ്ടിരുന്ന ഒരു കാലം. ദൂരദര്‍ശന്റെ പ്രതാപ കാലത്ത് വളരെ നിലവാരമുള്ള സീരിയലുകളും ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഇന്ന് ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണ്ണയിച്ച ജൂറി മികച്ച സീരിയലിന് നിലവാരമില്ലാത്തതുകൊണ്ട് അവാര്‍ഡ് നല്‍കാതെ ഇരുന്നപ്പോള്‍ പണ്ടൊരു കാലത്ത് ജനപ്രിയ സീരിയലുകള്‍ നിറഞ്ഞു നിന്നിരുന്നു എന്നതും ശ്രദ്ധേയം. ഇന്ന് സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന പലരും ദൂരദര്‍ശനില്‍ സീരിയലുകളില്‍ സജീവമായൊരു കാലം ഉണ്ടായിരുന്നു.

മാന്‍സിയ ചിറയിന്‍കീഴ് എന്ന സിനിമാസ്‌നേഹി പണ്ട് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത ഒരു സീരിയലിന്റെ ലൊക്കേഷന്‍ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. പഴയകാല ദൂരദര്‍ശന്‍ ഓര്‍മ്മയായിരുന്നു ചിത്രം. ആ സമയത്ത് സിനിമാ മാഗസിനുകളിലൊക്കെ ടെലിവിഷന്‍ റേഡിയോ വാര്‍ത്തകള്‍ക്ക് പ്രത്യേക പരിഗണന ഉണ്ടായിരുന്നു. അത്തരം വാര്‍ത്തകള്‍ മാത്രം വരുന്ന പേജിലാണ് ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം വന്നിരിക്കുന്നത്. ചിത്രത്തില്‍ പഴയൊരു സ്‌കൂട്ടറില്‍ ഒരു ചെറുപ്പക്കാരന്‍ ഇരിക്കുന്നുണ്ട്. പാന്റ്‌സും ഷര്‍ട്ടുമാണ് വേഷം. പിറകില്‍ അരയില്‍ കൈ കൊടുത്ത് വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച് മറ്റൊരാളും നില്‍പ്പുണ്ട്. ഈ രണ്ട് പേരും ഇന്ന് മലയാളത്തിലെ പ്രശസ്തരായ അഭിനേതാക്കള്‍ ആണ്.

സ്‌കൂട്ടറില്‍ ഇരിക്കുന്ന പയ്യന്‍ മണിയന്‍പിള്ള രാജുവും പിറകില്‍ നില്‍ക്കുന്നയാള്‍ അലന്‍സിയര്‍ ലോപസും ആണ്. സ്‌കൂട്ടര്‍ രാജു അലന്‍സിയര്‍ എന്ന് മാത്രമാണ് ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. തൊണ്ണൂറ്റിമൂന്നില്‍ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത സൂപ്പര്‍ഹിറ്റ് കോമഡി സീരിയല്‍ ആയിരുന്നു സ്‌കൂട്ടര്‍. ഒരു സ്‌കൂട്ടറും അതിന്റെ ഓണറും ആണ് കഥയിലെ ഹൈലൈറ്റ്. രസകരമായ സംഭാഷണങ്ങളിലൂടെയും തമാശ രംഗങ്ങളിലൂടെയും പ്രേക്ഷക മനസ്സുകളില്‍ ഇടം പിടിച്ച സീരിയല്‍ ആയിരുന്നു സ്‌കൂട്ടര്‍. ആര്‍ ഗോപിനാഥ് ആണ് സ്‌കൂട്ടര്‍ സംവിധാനം ചെയ്തത്. മണിയന്‍പിള്ള രാജുവും മേനക സുരേഷ്‌കുമാറും ആയിരുന്നു ആദ്യം സീരിയലിലെ പ്രധാന താരങ്ങളായി നിശ്ചയിച്ചിരുന്നത്.

എന്നാല്‍ സ്‌കൂട്ടര്‍ ചിത്രീകരണം തുടങ്ങിയപ്പോള്‍ ഇവര്‍ രണ്ട് പേരും മാറി. സിനിമയിലെ തിരക്കുകള്‍കൊണ്ട് ആകണം. മണിയന്‍പിള്ള രാജുവിന് പകരം കുമരകം രഘുനാഥ് നായകനായി എത്തി. മേനകയ്ക്ക് പകരമായി എത്തിയത് ശാന്തികൃഷ്ണയും ആയിരുന്നു. ഏണാങ്കശേഖരന്‍ എന്നായിരുന്നു നായക കഥാപാത്രത്തിന്റെ പേര്. നായികയുടെ പേര് സ്വയം പ്രഭ എന്നുമായിരുന്നു. സീരിയല്‍ രംഗത്തെ മമ്മൂട്ടി എന്ന് പലരും വിശേഷിപ്പിച്ച കുമരകം രഘുനാഥിന് വലിയ ജനപ്രീതി നല്‍കിയ സീരിയലുകളിലൊന്നായി സ്‌കൂട്ടര്‍ മാറി. പലര്‍ക്കും മനോഹരമായ ഒരു ഓര്‍മ്മകൂടിയാണ് സ്‌കൂട്ടര്‍. പഴയകാല ദൂരദര്‍ശന്‍ സീരിയലുകളൊക്കെ യൂട്യൂബ് ചാനലുകളിലെങ്കിലും കാണാന്‍ കൊതിച്ച് ഇരിക്കുകയാണ് ആ തലമുറ.

Content copied from another news portal

  • Leave a Reply

    Your email address will not be published. Required fields are marked *

    Featured News