21
Jan 2025 Tuesday

പിൻകോഡിന്റെ പിതാവ്‌ – ശ്രീരാം ബിക്കാജി വെലാങ്കർ

Feb 5th, 2019

671122 എന്ന പിൻകോഡ്‌ നമ്പറാണ്‌ ഞാൻ താമസിക്കുന്ന നാട്ടിലെ പോസ്റ്റൽ പിൻകോഡ്‌ നമ്പർ. ആരാണ്‌ ഇങ്ങനെയൊരു നമ്പർ എന്റെ പോസ്റ്റോഫീസിന്ന് നൽകിയത്‌. ഏത്‌ മാനദണ്ഡം നോക്കിയാണ്‌ നമ്മുടെ നാട്ടിലെ പോസ്റ്റോഫീസുകൾക്ക്‌ 6 കൊണ്ട്‌ തുടങ്ങുന്ന ആറക്ക നമ്പറുകൾ നൽകപ്പെട്ടത്‌ എന്നൊക്കെയുള്ള സംശയങ്ങൾ ചെറുതിലേ ഉണ്ടായിരുന്നു. ടെലഫോൺ എക്സേഞ്ചുകൾ നൽകപ്പെട്ട എസ്‌ ടി ഡി കോഡ്‌ പോലെ തന്നെ പിൻ കോഡ്‌ സമ്പ്രദായവും അത്ഭുതമുളവാക്കുന്നതാണ്‌. കത്തുകളും മറ്റു പോസ്റ്റൽ ഉരുപ്പടികളും മേൽവിലാസക്കാരന്റെ വീട്ടുപടിക്കൽ എളുപ്പത്തിൽ എത്തിച്ച്‌ നൽകാൻ പോസ്റ്റോഫീസുകളെ ക്രോഡികരിച്ച ഇന്ത്യൻ പിൻ കോഡ്‌ സമ്പ്രദായം ലോകോത്തരമാണെന്ന് പറയപ്പെടുന്നു‌.

ഇന്ത്യൻ തപാൽ സേവന സംവിധാനത്തിലെ ഒരു നാഴികകല്ലാണ്‌ പിൻകോഡ്‌ സമ്പ്രദായത്തിന്റെ കണ്ടു പിടിത്തം. 1972 ആഗസ്റ്റ്‌ 15 ന്നായിരുന്നു Postal Index Number എന്നതിന്റെ ചുരുക്കെഴുത്തായ PIN Code സിസ്റ്റം ഇന്ത്യയിൽ നിലവിൽ വന്നത്‌. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ശ്രീരാം ബിക്കാജി വെലാങ്കറിനെ പക്ഷേ, അധികമാരും അറിയാൻ വഴിയില്ല.

മഹാരാഷ്ട്രയുടെ കൊങ്കൺ പ്രദേശത്തെ ഒരു തീരദേശഗ്രാമത്തിലാണ്‌ വെലാങ്കർ ജനിക്കുന്നത്‌ (Shriram Bhikaji Velankar). സ്കൂൾ പഠനകാലത്ത്‌ സമർത്ഥനായ വിദ്യാർത്ഥിയായിരുന്നു വെലാങ്കർ. മെട്രിക്കുലേഷന്ന് ശേഷം ഉപരിപഠനത്തിനായി ബോംബെയിലെത്തിയ വെലാങ്കർ, വിൽസൺ കോളേജിൽ നിന്ന് ഉയർന്ന മാർക്കോടെ പ്രീഡിഗ്രി പൂർത്തിയാക്കിയെങ്കിലും ഒരു പ്രൊഫഷനൽ കോഴ്‌സിന്ന് ചേരാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തത്‌ കാരണം 1932 ൽ, സംസ്കൃത ബിരുദ പഠനത്തിന്ന് ചേർന്നു. ഗോകുൽ ദാസ്‌ തേജ്‌പാൽ കോളേജിൽ സംസ്കൃത പഠനത്തിന്ന് അക്കാലത്ത്‌ ഫീസുണ്ടായിരുന്നില്ല. കൂടാതെ, സൗജന്യ ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും നൽകിയിരുന്നു.

പഠനത്തിന്ന് ശേഷം വിവിധ മേഖലകളിൽ സേവനം ചെയിത വെലാങ്കർ 1960 കളിൽ വാർത്താ വിതരണ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. കേന്ദ്ര വാർത്താ വിനിമയ വകുപ്പിൽ അഡീഷണൽ സെക്രട്ടറിയായിരിക്കെ 1972 ലാണ്‌ പിൻ കോഡ്‌ സമ്പ്രദായമെന്ന ആശയം വെലാങ്കർ കൊണ്ട്‌ വരുന്നത്‌. പോസ്റ്റോഫീസുകളുടെ ക്രോഡീകരണവും വർഗ്ഗീകരവും നിർവ്വഹിച്ച്‌ പോസ്റ്റൽ സംവിധാനം മികവുറ്റതാക്കാൻ വേലാങ്കറുടെ ബുദ്ധിയിൽ ഉദിച്ച ആശയം ഫലപ്രദമായി പ്രാബല്ല്യത്തിൽ കൊണ്ട്‌ വരാൻ സാധിച്ചത്‌ ഇന്ത്യൻ തപാൽ വകുപ്പിന്റെ കിരീടത്തിലെ പൊൻതൂവലായി മാറി.

സംസ്ഥാനങ്ങളേയും കേന്ദ്രഭരണ പ്രദേശങ്ങളേയും 8 പിൻ മേഖലകളായി തിരിച്ചിരിക്കുന്നു. പിൻ‌കോഡിലെ ആദ്യ അക്കം ആ പോസ്റ്റ് ഓഫീസ് ഈ എട്ടു മേഖലകളിൽ ഏതിൽ ഉൾപ്പെടുന്നു എന്നു സൂചിപ്പിക്കുന്നു. പോസ്റ്റ് ഓഫീസ് ഉൾപ്പെടുന്ന ഉപമേഖലയെ പ്രതിനിധാനം ചെയ്യുന്നതിനാണ്‌ രണ്ടാമത്തെ അക്കം. ഒരു പോസ്റ്റ് ഓഫീസിലേക്കുള്ള തപാൽ ഉരുപ്പടികൾ വർഗ്ഗീകരിക്കുന്ന സോർട്ടിങ് ജില്ലയെ മൂന്നാമത്തെ അക്കം സൂചിപ്പിക്കുന്നു. അവസാനത്തെ മൂന്ന് അക്കങ്ങൾ ഒരോ പോസ്റ്റ് ഓഫീസിനേയും പ്രതിനിധീകരിക്കുന്നു.

ഉദാഹരണത്തിന്ന് 671122 എന്ന പിൻ കോഡിലെ ആദ്യ പിൻ ആയ 6 എന്നത്‌ കേരളം, തമിഴ്‌നാട്‌, ലക്ഷദ്വീപ്‌, പോണ്ടിച്ചേരി ഉൾപ്പെടുന്ന പോസ്റ്റൽ മേഖലയെ സൂചിപ്പിക്കുന്നു. 7 എന്ന അക്കം കേരള സർക്കിളിലെ ഉപ മേഖലയായ കോഴിക്കോടിനെ സൂചിപ്പിക്കുമ്പോൾ മൂന്നാം അക്കമായ 1 കാസറഗോഡ്‌ സോർട്ടിംഗ്‌ ജില്ലയെ സൂചിപ്പിക്കുന്നു. മറ്റൊരർത്ഥത്തിൽ രണ്ടും മൂന്നും ചേർന്നാണ്‌ ഒരു സോർട്ടിംഗ്‌ ജില്ലാ കോഡ്‌ രൂപപ്പെടുന്നത്‌. അവസാന 3 അക്കങ്ങൾ കാസറഗോഡ്‌ ജില്ലയിലെ പോസ്റ്റോഫീസുകൾക്ക്‌ നൽകപ്പെട്ട നമ്പരുകളാണ്‌.

കടപ്പാട് ഫേസ് ബുക്ക്

  • Leave a Reply

    Your email address will not be published. Required fields are marked *

    Featured News