21
Jan 2025 Tuesday

പി പദ്മരാജൻ എന്ന പപ്പേട്ടൻ

Dec 20th, 2020



മുതുകുളം എന്ന ഗ്രാമത്തിൽ വിശാലമായ ഞവരക്കൽ പറമ്പിലെയും വയലിലെയും പൂക്കളോടും കിളികളോടും കൂട്ടുകൂടി തളിർത്ത ബാല്യം,വളർന്നു, കേരളക്കരയുടെ സാഹിത്യ സിനിമാ മണ്ഡലത്തിലാകെ പൂത്തുലഞ്ഞ കഥകളുടെ ഗന്ധർവ്വൻ.

ആദ്യമായി അക്ഷരങ്ങളോട് കൂട്ടുകൂടുന്നതും പുറം ലോകത്തെ കുറിച്ചുള്ള ധാരാളം അറിവുകൾ ആർജ്ജിക്കുന്നതും ഏവൂരിലെ ‘ദേശബന്ധു’ വായനശാലയിലൂടെയാണ്.
കുടുംബത്തെ കുട്ടികളെല്ലാം
അക്കാലത്തിറങ്ങിയിരുന്ന എല്ലാ സിനിമകളും, കാര്യസ്ഥൻ കുഞ്ഞികൃഷ്ണൻനായരുടെ കൂടെ പോയി കാണുമായിരുന്നു .ഓല മേഞ്ഞ കൊട്ടകയിൽ കൂടുതലും ശിവാജിയുടെയും ജെമിനിയുടെയും തമിഴ് പടങ്ങളായിരുന്നു വന്നിരുന്നത്. പടം കണ്ടു തിരിച്ചെത്തിയാലോ, പിന്നെ അതിന്മേലുള്ള ചർച്ചകളും വാദങ്ങളുമായി.
ഇതിനൊക്കെ ഇടയിലും പാട്ട് പഠിത്തവും ഉണ്ടായിരുന്നു. കുളഞ്ഞിയിൽ രാമൻ പിള്ള എന്ന ഭാഗവതർ, പഴയ ഗുരുകുല സമ്പ്രദായം പോലെ, കുട്ടികളെ വീട്ടിൽ താമസിച്ചു സംഗീതം പഠിപ്പിച്ചിരുന്നു. പാട്ടിൽ ഏറെ തല്പരരായിരുന്ന പദ്മരാജനും സഹോദരി പദ്മപ്രഭയും ഗുരുവിന്റെ ഇഷ്ടശിഷ്യന്മാരായി.

പത്താം കഴിയുന്നത് വരെ സംഗീതംപഠിച്ചു. തിരുവനന്തപുരത്ത് എം ജി കോളേജിൽ ചേട്ടൻ പദ്മധരൻ ചേട്ടന്റെകൂടെ പ്രീ യൂണിവേഴ്സിറ്റിക്കു ചേർന്നു. മൂത്ത ചേട്ടൻ പദ്മജൻ പിള്ളയുടെ കൂടെതാമസിച്ചാണ് അവിടെ പഠിച്ചത്. പിന്നീട് സിഗ്രിക്ക് കോളേജിൽ ചേർന്നപ്പോൾ രണ്ടുപേരും യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് താമസം മാറി. ചേട്ടന്റെ നിയന്ത്രണങ്ങളിൽ നിന്നും സ്വാതന്ത്രരായതോടെ, പുതിയ ജീവിതം അവർക്ക് പുതിയ പാഠങ്ങളായി. അന്ന് ഹോസ്റ്റലിൽ ഉണ്ടായിരുന്ന കണിയാപുരം രാമചന്ദ്രൻ തുടങ്ങിയവരുമായൊക്കെ പരിചയക്കാരായി. ഒരുപാട് പുസ്തകങ്ങളുമായി പരിചയപ്പെടാൻ യൂണിവേഴ്സിറ്റി ലൈബ്രറി പദ്മരാജനെ സഹായിച്ചു.

ഒട്ടും താല്പര്യമില്ലാത്ത കെമിസ്ട്രി ഐച്ഛിക വിഷയമായെടുത്തു പഠിക്കേണ്ടി വന്നത്, പദ്മരാജനെ വല്ലാതെ വിഷമിപ്പിച്ചു. അച്ഛന്റെ നിർബന്ധത്തിനു വഴങ്ങിയാണ് അത് തെരെഞ്ഞെടുത്തത്. ക്രമേണ
വിഷയത്തോട് അകന്നു മറ്റു ക്‌ളാസ്സിക് പുസ്തകങ്ങളുടെ വായനയിൽ മുഴുകി പദ്മരാജൻ. ഡിഗ്രി കഴിഞ്ഞു ജോലി കിട്ടുന്നത് വരെ, ഞവരക്കൽ തറവാട്ടിൽ പുസ്തകങ്ങളുടെയും കഥകളുടെയും ലോകത്തു കഴിഞ്ഞു പദ്മരാജൻ. ആ കാലത്തു തന്നെ അമ്മ അദ്ദേഹത്തെ സംസ്‌കൃതം പഠിപ്പിക്കുന്നതിന് വേണ്ടി ഒരു അച്യുതവാര്യരാശാനെ ഏർപ്പാടാക്കി. ഒരു സാഹിത്യകാരനിലേക്കുള്ള വളർച്ചയിൽ അത് അദ്ദേഹത്തിന് വലിയ ഗുണം ചെയ്തു.

ഇടക്കാലത്ത് നാട്ടിൽ തന്നെ, അദ്ദേഹത്തിന്റെ അമ്മാവന്റെ മകൻ മാധവൻ പിള്ളചേട്ടന്റെ നേതൃത്വത്തിലുള്ള ഒരു കലാസമിതിയിലും പ്രവർത്തിച്ചിരുന്നു. കുടുംബപരമായി ബന്ധമുള്ള, ശ്രീകുമാരൻ തമ്പിയും ഈ കലാസമിതിയിൽ പ്രവർത്തിച്ചിരുന്നു. സമിതിയുടെ നാടകത്തിലെ ഗാനങ്ങൾ എഴുതിയത് തമ്പിയും സംഗീതം നൽകിയത് പദ്മരാജനുമായിരുന്നു! ഗായിക ശ്രീലത(ശ്രീലത നമ്പൂതിരി )ഉൾപ്പടെ ആരും അക്കാലത്ത് സിനിമാക്കാരായി പേരെടുത്തിട്ടില്ല.

1965 ലാണ് പദ്മരാജൻ, തൃശൂർ ആകാശവാണിയിൽ എത്തുന്നത്. അനൗൺസർ ആയി. അന്ന് തൃശൂരിലെ ‘ലിബർട്ടി’ ഹോട്ടലിൽ ആയിരുന്നു പദ്മരാജൻ താമസിച്ചിരുന്നത്. ‘ചെമ്മീനും’, ‘റോസി ‘ യുമൊക്കെ ഇറങ്ങിയ കാലം. അവിടത്തെ ഒരുകൂട്ടം കലാകാരൻമാരുമായുള്ള സൗഹൃദവും അന്തരീക്ഷവും പദ്മരാജനിലെ കലാകാരനെ വളർത്തി. അവിടത്തെ കുറച്ചു കാലയളവിനിടയിൽ രാമു കാര്യാട്ട്, എം ടി, പി ജെ ആന്റണി, യൂസഫലി കേച്ചേരി, ഡോക്ടർ ഇമ്മട്ടി തുടങ്ങിയ അതികായരുമായി അടുത്തിടപഴകാനും സിനിമാ എന്ന വർണ്ണലോകത്തെകുറിച്ചു ആഴത്തിൽ മനസ്സിലാക്കാനും സാധിച്ചു. ‘ചെമ്മീൻ’ ന്റെ നിർമാണം പൂർത്തിയായതോടെ കാര്യാട്ടുമായി വളരെയടുത്തു.
ഒരിക്കൽ, കാര്യാട്ടിന്റെ ക്ഷണം സ്വീകരിച്ചു സിനിമയിൽ ഇറങ്ങാൻ തുനിഞ്ഞതായിരുന്നു. എന്നാൽ സ്റ്റേഷൻ ഡയരക്ടർ സത്യഭാമ, ജോലി കളയുന്നതിലെ യുക്തിരാഹിത്യം പദ്മരാജനെ പറഞ്ഞു മനസ്സിലാക്കി.

1967 ലാണ് പദ്മരാജൻ തിരുവനന്തപുരം ആകാശവാണി സ്റ്റേഷനിൽ എത്തുന്നത്. പേരെടുത്ത ഒട്ടനവധി സാഹിത്യകാരന്മാർ അന്ന് ആകാശവാണിയിൽ ഉണ്ട്.
നാഗവള്ളി ആർ എസ് കുറുപ്പ്,
ടി എൻ ഗോപിനാഥൻ നായർ,
കെ ജി സേതുനാഥ്, ജഗതി എൻ കെ ആചാരി, ജി വിവേകാനന്ദൻ തുടങ്ങിയവർ. ഏതാണ്ട് ആ കാലത്താണ് ജി വിവേകാനന്ദന്റെ ‘കള്ളിച്ചെല്ലമ്മ’ സിനിമയാകുന്നത്. അതിന്റെ ഷൂട്ടിംഗ് കാണാൻപോയപ്പോൾ, അതിലൊരു ചെറിയ വേഷവും ചെയ്തു പദ്മരാജൻ.വയലാർ, സത്യൻ, ഡയരക്ടർ ശങ്കരൻ നായർ, കവി പഴവിള രമേശൻ എന്നിവരുമായൊക്കെ ഒക്കെ ഈ കാലത്ത് കൂടുതലും ബന്ധപ്പെടാൻ അവസരം ലഭിച്ചു.

തിരുവനന്തപുരത്ത് അന്ന് സംവിധായകൻ ശിവന്റെ ഉടമസ്തഥതയിലുള്ള ‘ശിവൻസ്’ സ്റ്റുഡിയോയും ‘കറന്റ്‌ ബുക്സ് ‘ ഉം സാഹിത്യകാരന്മാരുടെയും സിനിമാക്കാരുടെയും താവളമായിരുന്നു. ശിവൻ പദ്മരാജന്റെ ചേട്ടന്റെ അടുത്ത കൂട്ടുകാരനായിരുന്നു.അക്കാലത്ത് തന്നെ തൈക്കാട് പദ്മരാജന്റെ ഉടമസ്ഥതയിലുള്ള ‘അനുപമ’ ലോഡ്ജ് പണികഴിപ്പിച്ചത് ശിവന്റെ അനുജൻ സുരേന്ദ്രനായിരുന്നു. ഇതെല്ലാം ശിവനുമായും പദ്മരാജനെ അടുപ്പിച്ചു.
(ഡയരക്ടർ ശങ്കരൻ നായർ, അന്ന് ‘ശിവൻസി’ലെയും കറന്റ് ബുക്സിലെയും നിത്യനായിരുന്നു.)
ഇവിടെ മൂന്നു മാസം താമസിച്ചാണ് അദ്ദേഹം ‘വാടകക്കൊരു ഹൃദയം’ എഴുതിത്തീർക്കുന്നത്.
പിൽകാലത്ത് പ്രശസ്തരായ പലരും അക്കാലത്ത് ‘അനുപമ’ യിലെ സ്ഥിരം സന്ദർശകനായിരുന്നു. എം ജി രാധാകൃഷ്ണൻ, സൂര്യ കൃഷ്ണമൂർത്തി,രാജൻ (ആറന്മുള പൊന്നമ്മ ചേച്ചിയുടെ മകൻ /രാധികാ സുരേഷ്ഗോപിയുടെ അച്ഛൻ ), അതുപോലെ പി സി ചാക്കോ, എം എം ഹസ്സൻ എന്നിവരൊക്കെ അതിൽ ഉൾപ്പെടുന്നു.

പദ്മരാജനും സാഹിത്യകാരനായി അറിയപ്പെട്ടുതുടങ്ങുകയായിരുന്നു ആ കാലം. ‘കുങ്കുമം’, ‘കേരള ശബ്ദം’ വാരികയുടെ പ്രസിദ്ധീകരണം തിരുവനന്തപുരത്തുനിന്നാരംഭിക്കുന്നത് ഈ സമയത്താണ്. വലിയ ആഘോഷമായിട്ടായിരുന്നു ഉത്ഘാടനം. അതിനായി തിരുവനന്തപുരത്തെത്തിയ കൃഷ്ണ സ്വാമി റെഡ്ഡ്യാർ, വൈക്കം ചന്ദ്രശേഖരൻ നായർ, കെ എസ് ചന്ദ്രൻ തുടങ്ങിയവർ, പദ്മരാജനോട് ‘കുങ്കുമം’ വാരികയിൽ പ്രസിദ്ധീകരിക്കാൻ ഒരു നോവൽ ആവശ്യപ്പെട്ടു.
അന്ന് അദ്ദേഹം സ്റ്റാച്യുവിലുള്ള സ്വപ്ന ടൂറിസ്റ്റ് ഹോമിലായിരുന്നു താമസം. ഉൽഘടനത്തിനായി തിരുവനന്തപുരത്തെത്തിയ പ്രസിദ്ധ സാഹിത്യകാരന്മാരായ എസ് കെ പൊറ്റക്കാടും ഉറൂബും താമസിച്ചിരുന്നതും അവിടെത്തന്നെയായിരുന്നു.
ആകാശവാണിയിൽ ഉദ്യോഗസ്ഥനായിരുന്നത്കൊണ്ട് ഉറൂബിനെ നേരെത്തെ പരിചയമുണ്ടായിരുന്നു.

1970 ൽ വിവാഹം കഴിഞ്ഞതോടെ തിരുവനന്തപുരം പൂജപ്പുരയിൽ ഒരു വീട് വാടകക്കെടുത്ത് താമസിക്കുകയായിരുന്നു. നാല് വർഷത്തോളം താമസിച്ച ആ വീടാണ് ‘കമലാലയം’.
‘ഇതാ ഇവിടെ വരെ ‘ എഴുതിത്തീർക്കുന്നത് ഇവിടെവെച്ചാണ്. ‘കുങ്കുമം’ ഓണപ്പതിപ്പിന് വേണ്ടിയെഴുതിയ ഈ നോവൽ പിന്നീട് സിനിമയായി.
ആകാശവാണിയിലെ പ്രതാപനും കാക്കനാടനും അടൂരും കരമനയുമൊക്കെ അന്ന് ‘കമലാലയ’ത്തിൽ ഇടയ്ക്കിടെ വരാറുണ്ടായിരുന്നു.
(പിൽകാലത്ത് പദ്മരാജന്റെ വിയോഗവാർത്ത വായിക്കേണ്ടി വന്നപ്പോൾ പ്രതാപൻ ആകെ വികാരാധീനാനായിരുന്നു. ).
മറ്റൊരാൾ സംവിധായകൻ എം കൃഷ്ണൻനായരുടെ മകൻ ജയകുമാറായിരുന്നു. പിന്നീട് ഐ എ എസ് കാരനും ഗാനരചയിതാവുമായി. പ്രശസ്ത സാഹിത്യകാരൻ കൈനിക്കര കുമാരപിള്ള ‘കമലാലയ’ത്തിന്റെ അടുത്താണ് താമസിച്ചിരുന്നത്.
അദ്ദേഹത്തിന്റെ അനിയൻ മാധവൻ പിള്ളയുടെ മകളാണ് മോഹമല്ലിക എന്ന മല്ലികാസുകുമാരൻ. അമ്പിളി എന്ന ജഗതിയുമായി അവരുടെ വിവാഹം നടക്കുന്നതും ഒക്കെ ഈ ഒരു കാലത്താണ്.

എഴുപതുകളുടെ തുടക്കത്തിൽ, അടൂർ, കുളത്തൂർ ഭാസ്കരൻ നായർ, (ഭരത്) ഗോപി, കരമന ജനാർദ്ദൻ നായർ, കെ പി കുമാരൻ തുടങ്ങി കുറച്ചു പേർ ചേർന്ന് ‘ചിത്രലേഖ ഫിലിം സൊസൈറ്റി’ രൂപീകരിച്ച സമയം. അവിടെ പ്രദർശിപ്പിച്ചിരുന്ന
ഒരുപിടി ക്‌ളാസ്സിക് സിനിമകൾ കാണാനും പഠിക്കാനും പദ്മരാജന് അവസരമുണ്ടായി.

കുടുംബാസൂത്രണം ഗവണ്മെന്റ്ന്റിന്റെ ഭരണപരിഷ്കാര നയങ്ങളിൽഒന്നായ സമയം കൂടിയായിരുന്നു അത്.സർക്കാർ തലത്തിൽ ഇത് സംബന്ധിയായി ഒരു സിനിമ എടുക്കാൻ തീരുമാനിച്ചു. അതിലേക്ക് പറ്റിയ തിരക്കഥകൾ ക്ഷണിച്ചുകൊണ്ട് പരസ്യവും വന്നു. ആ സമയത്ത് ശങ്കരൻ നായരാണ് പദ്മരാജനെ ഒരു എഴുതിനോക്കാൻ പ്രോത്സാഹിപ്പിക്കുന്നത്. കറന്റ് ബുക്സിലെ സോമന്റെയും നിറഞ്ഞ പിന്തുണയുണ്ടായിരുന്നു.
കറന്റ് ബുക്സിൽ അന്ന് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടായിരുന്ന മുഴുവൻ തിരക്കഥകളെല്ലാം വായിച്ചു നോക്കി. അവസാനം ഒരു തിരക്കഥയുടെ സാമാന്യരൂപം മനസ്സിലാക്കിയശേഷമാണു പദ്മരാജൻ അത് എഴുതിതുടങ്ങുന്നത്.
അന്ന് തെരെഞ്ഞെടുക്കപ്പെട്ട മൂന്ന് പുസ്തകങ്ങളിൽ ഒന്ന്, അദ്ദേഹത്തിന്റെതായിരുന്നു. മറ്റുള്ളവ അടൂരിന്റേയും പി കേശവ്ദേവിന്റെയുമായിരുന്നു.

ആ തിരക്കഥക്കു ശങ്കരൻ നായർ നൽകിയ ആയിരത്തിയൊന്നു രൂപയാണ് പദ്മരാജനെന്ന സിനിമാക്കാരന് ലഭിക്കുന്ന ആദ്യ പ്രതിഫലം.

കടപ്പാട് ഫേസ്ബുക്ക്

  • Leave a Reply

    Your email address will not be published. Required fields are marked *

    Featured News