വാഷിങ്ടണ്‍: 22 മണിക്കൂറുകള്‍… ഈ പ്രപഞ്ചത്തിെന്‍റ ചരിത്രത്തിലെ ഏറ്റവും വലിയ ഏകാകി മൈക്കല്‍ കോളിന്‍സ് (90) ഒടുവില്‍ ഏകനായി തന്നെ മടങ്ങി. മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച 1969ലെ അപ്പോളോ 11 ദൗത്യത്തിെന്‍റ പ്രധാന ഭാഗമായെങ്കിലും നീല്‍ ആംസ്ട്രോങ്ങും എഡ്വിന്‍ ആല്‍ഡ്രിനും ചന്ദ്രനില്‍ കാല് കുത്തുേമ്ബാള്‍ നീണ്ട 22 മണിക്കൂറുകള്‍ ഒറ്റക്ക് ചന്ദ്രനെ ഭ്രമണം ചെയ്യാനായിരുന്നു മൈക്കല്‍ കോളിന്‍സിെന്‍റ നിയോഗം. ചരിത്രത്തിലെ ഏറ്റവും വലിയ ഏകാന്തത അനുഭവിച്ചയാളെന്ന് വിശേഷിപ്പിക്കപ്പെട്ട മൈക്കല്‍ കോളിന്‍സ് ഒടുവില്‍ ലോകത്തോട് വിടപറഞ്ഞു.
അപ്പോളോ ദൗത്യത്തില്‍ മൂന്നുപേരും ഒരുമിച്ചാണ് യാത്ര പുറപ്പെട്ടത്. ചന്ദ്രനില്‍ ഇറങ്ങാന്‍ കോളിന്‍സിനു സാധിച്ചില്ല. നീല്‍ ആംസ്ട്രോങ്ങിനെയും എഡ്വിന്‍ ആല്‍ഡ്രിനെയും വഹിച്ച് ഈഗിള്‍ താഴേക്കു പുറപ്പെട്ടപ്പോള്‍ കമാന്‍ഡ് മൊഡ്യൂളായ കൊളംബിയയെ നിയന്ത്രിച്ച് ചന്ദ്രനെ ഭ്രമണം ചെയ്യാനായിരുന്നു കോളിന്‍സിെന്‍റ നിയോഗം. അന്ന് 39 വയസ്സായിരുന്നു അദ്ദേഹത്തിന്.
ഇരുവരെയും ചന്ദ്രനിലേക്ക് യാത്രയാക്കിയ കോളിന്‍സിന് ചന്ദ്രെന്‍റ വിദൂരവശത്തേക്കു കമാന്‍ഡ് മൊഡ്യൂള്‍ പോകുമ്ബോള്‍ ഹൂസ്റ്റണിലെ കണ്‍ട്രോള്‍ സെന്‍ററുമായുള്ള ബന്ധം നഷ്ടമായി. അങ്ങനെ പ്രപഞ്ചത്തിലെ ഏറ്റവും ഒറ്റപ്പെട്ട മനുഷ്യനായി 22 മണിക്കൂറുകള്‍. ഒരു മനുഷ്യനും ഇന്നോളം അനുഭവിച്ചിട്ടില്ലാത്ത ഏകാന്തതയുടെ നിമിഷങ്ങള്‍. ചാന്ദ്ര യാത്രയിലെ ഏറ്റവും മിടുക്കനെയാണ് കഴിഞ്ഞ ദിവസം ലോകത്തിന് നഷ്ടമായത്.
അപ്പോളോ 11െന്‍റ ഏറ്റവും നിര്‍ണായകമായ ദൗത്യം നിര്‍വഹിച്ചത് കോളിന്‍സാണ്. ആംസ്ട്രോങ്ങും ആല്‍ഡ്രിനും പുറപ്പെട്ട ലൂണാര്‍ മൊഡ്യൂളിന് എന്തെങ്കിലും അപകടം പറ്റിയാല്‍ അവരെ രക്ഷിക്കേണ്ട കടമ അദ്ദേഹത്തിനായിരുന്നു. കാരണം പരസഹായമില്ലാതെ പേടകം പറപ്പിക്കാന്‍ അദ്ദേഹത്തിനു മാത്രമേ കഴിവുണ്ടായിരുന്നുള്ളൂ.
യു.എസ് വ്യോമസേനയില്‍ ടെസ്റ്റ് പൈലറ്റായിരുന്ന കോളിന്‍സ് 1963ലാണ് നാസയില്‍ ചേര്‍ന്നത്. ആദ്യദൗത്യം ജെമിനി 10 ആയിരുന്നു. ചരിത്ര യാത്രയുടെ ഭാഗമായവരില്‍ നീല്‍ ആംസ്ട്രോങ് 2012ല്‍ ലോകത്തോട് യാത്ര പറഞ്ഞു. ഇപ്പോള്‍ കോളിന്‍സും. ഇനി എഡ്വിന്‍ ആല്‍ഡ്രിന്‍ മാത്രം ബാക്കി.
കടപ്പാട് ഫേസ്ബുക്ക്