23
Nov 2024 Saturday

ഭൂമിയുടെ വലിപ്പം അളന്ന കഥ.

Oct 12th, 2018

പ്രത്യേകിച്ച് പ്രാധാന്യം ഒന്നും ഇല്ലാത്ത ആൾക്കുരങ് പോലെയുള്ള ഒരു ജീവിയിൽ നിന്ന് മനുഷ്യനിലേക്കുള്ള പരിണാമം അത്ഭുതാവഹമായിരുന്നു. ഇന്നേ വരെ ഭൂമിയുടെ ചരിത്രത്തിൽ ഒരു ജീവിയും ചിന്തിക്കാത്ത തരത്തിൽ മനുഷ്യൻ ചിന്തിച്ചു തുടങ്ങി. വേട്ടയാടി, ഒരു സ്ഥലത്തും ഉറച്ചു നിൽക്കാതെ ജീവിച്ചിരുന്ന നമ്മുടെ പൂർവികർ കൃഷിയുടെ ആരംഭത്തോടെ അനുയോജ്യമായ സ്ഥലങ്ങളിൽ സ്ഥിര താമസം തുടങ്ങി. മനുഷ്യകുലത്തിന്റെ അതിരുകൾ വികസിക്കുകയായിരുന്നു. തന്റെ ബുദ്ധിക്കു പിടി തരാത്ത പ്രകൃതി ശക്തികളെയും പ്രതിഭാസങ്ങളെയും അവൻ ആരാധനയോടു കൂടി നോക്കി കണ്ടു. ദൈവ വിശ്വാസത്തിന്റെ തുടക്കം ഇവിടെ നിന്നായിരുന്നു. താൻ താമസിക്കുന്ന ഭൂമിയെയും, ആകാശത്തു കാണുന്ന സൂര്യനെയും ചന്ദ്രനെയും എല്ലാം അവൻ ദൈവങ്ങൾ ആക്കി. ആയിരക്കണക്കിന് വർഷങ്ങൾ അവൻ അവന്റെ വിശ്വാസങ്ങളെ പിന്തുടർന്നു. എങ്കിലും ചരിത്രത്തിലെ ഏതോ ഒരു നിമിഷത്തിൽ കുറച്ചു പേരെങ്കിലും മറിച്ചു ചിന്തിച്ചു തുടങ്ങി. ബുദ്ധി ശക്തി കൊണ്ട് അവർ ആ കാലഘട്ടത്തിനു വളരെ മുന്നിൽ ആയിരുന്നു.

ആരാണ് ഭൂമിയുടെ രൂപത്തിനെ പറ്റി ആദ്യം ചിന്തിച്ചു തുടങ്ങിയത് എന്ന് രേഖകൾ ഇല്ല. എന്നാലും ഏകദേശം രണ്ടായിരം വർഷങ്ങൾക്കു മുൻപ് ഗ്രീക്കുകാരായ ഹോമറും പൈതഗൊറസ്സുമെല്ലാം തങ്ങളുടേതായ ആശയങ്ങൾ ഇക്കാര്യത്തിൽ പ്രകടിപ്പിച്ചിരുന്നു. ആകാശത്തിൽ കാണുന്ന സൂര്യനും ചന്ദ്രനും ഒരു ഡിസ്ക്-ന്റെ രൂപത്തിലായതിനാൽ ഹോമർ ചിന്തിച്ചിരുന്നത്, ഭൂമിയും ഒരു പരന്ന തളിക പോലെയാണ് എന്നാണ്. പ്രകൃതിയിലെ ഏറ്റവും കൃത്യമായ രൂപം ഗോളം ആണ് എന്ന് വിശ്വസിച്ചിരുന്ന ചില ആളുകൾ, ഭൂമിയെയും സൂര്യനെയും ചന്ദ്രനെയും എല്ലാം ഗോളങ്ങൾ ആയാണ് ദൈവം സൃഷ്ടിച്ചതെന്ന് വിശ്വസിച്ചു. പൈതഗൊറസും അരിസ്റോട്ടിലുമെല്ലാം ഈ അഭിപ്രായക്കാർ ആയിരുന്നു. ഭൂമിയുടെ ആകൃതി സമചതുരം ആവും എന്ന് ചിന്തിച്ചിരുന്നവരും ഉണ്ട്. പൊതുവെ രണ്ടായിരം വർഷം മുൻപ് ഗ്രീക്കുകാർ ഭൂമിയുടെ ആകൃതി ഗോളം ആണ് എന്ന് ഒരു വിധം ഉറപ്പിച്ചു. കടലിൽ അകലെ നിന്ന് വരുന്ന പായ് കപ്പലുകളുടെ കൊടിമരം ആദ്യം ദൃശ്യമായതിനു ശേഷം, പിന്നെ മെല്ലെ, മെല്ലെ കപ്പലിന്റെ മുഴുവൻ രൂപം ദൃശ്യമാകുന്നതിനു കാരണം ഭൂമിയുടെ ആകൃതിയിലുള്ള വക്രത കൊണ്ടാണ് എന്ന് അവർ കരുതി. അങ്ങനെയാണെങ്കിൽ ഗോളാകൃതിയിലുള്ള ഭൂമിയുടെ ചുറ്റളവ് എന്തായിരിക്കും എന്ന ചിന്ത അവരിലേക്ക് കടന്നു വന്നു. ഇക്കാര്യത്തിൽ ഗൗരവതരവും ക്ര്യത്യതയുള്ളതുമായ ഒരു കണക്കുകൂട്ടൽ നടത്തിയത് പ്രസിദ്ധ ഗണിത ശാസ്ത്രട്ൻ ആയ ഇറതോസ്തനീസ് ആയിരുന്നു.

BCE 276 -ഇൽ ഗ്രീക്ക് അഥീനതയിലുള്ള ഇന്നത്തെ ഈജിപ്തിലാണ് ഇറതോസ്തനീസ് ജനിച്ചത്. ബഹുമുഖ പ്രതിഭയായിരുന്ന അദ്ദേഹം ആണ് ജോഗ്രഫി എന്ന ശാസ്ത്ര ശാഖയ്ക്ക് തന്നെ തുടക്കം കുറിച്ചത്. ശാസ്ത്രത്തിനുള്ള അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവനയാണ് ഭൂമിയുടെ ചുറ്റളവ് കണക്കാക്കിയത്. അലക്സാൻഡ്രിയയിലെ ഒരു ലൈബ്രറിയിലെ മുഖ്യ ലൈബ്രേറിയനായിരുന്നു ഇറതോസ്തനീസ്. അത് കൊണ്ട് തന്നെ പല പണ്ഡിതൻമാറുമായും ആയി അദ്ദേഹത്തിന് സൗഹൃദം ഉണ്ടായിരുന്നു. അങ്ങനെയുള്ള ചർച്ചകൾക്കിടയിലാണ് ഇറതോസ്തനീസിന് രസകരമായ ഒരു അറിവ് ലഭിച്ചത്. ഉത്തരയാനന്ത കാലത്തു (ഏറ്റവും നീളമുള്ള പകൽ ഉള്ള ദിവസം, നമ്മുടെ കർക്കിടക സംക്രാന്തി), Syene എന്ന സ്ഥലത്തെ (ഇന്നത്തെ ഈജിപ്തിലെ അസ്വാൻ) കിണറുകളിൽ സൂര്യ കിരണങ്ങൾ കുത്തനെയാണ് നട്ടുച്ചക്ക് പതിക്കുന്നതെന്നു ഇറതോസ്തനീസ് മനസ്സിലാക്കി. അതായതു കുത്തനെ നാട്ടിയ ഒരു വടിയുടെ നിഴൽ ആ സമയത്തു അവിടെ കാണാൻ പറ്റില്ല. സൂര്യൻ നേരെ തലക്കു മീതെയാകുന്നതായിരുന്നു ഇതിനു കാരണം. അതെ സമയത്തു Syene -നു വടക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന അലക്സാണ്ഡ്രിയയിൽ ഇതേ ദിവസം സൂര്യ രശ്മികൾ ഒരൽപം ചെരിഞ്ഞാണ് പതിക്കുന്നതെന്നു ഇറതോസ്തനീസ് മനസ്സിലാക്കി. ഭൂമിയുടെ രൂപം ഗോളാകൃതിയാണ് എന്ന് വിശ്വസിച്ചിരുന്ന ഇറതോസ്തനീസ് ഈ സവിശേഷത ഭൂമിയുടെ വക്രത കൊണ്ടാണ് സംഭവിക്കുന്നതെന്ന് ചിന്തിച്ചു. അലക്സാണ്ഡ്രിയയിൽ വേനൽ സംക്രാന്തി ദിവസം പതിക്കുന്ന സൂര്യ രശ്മികളുടെ ചെരിവ് കണക്കാക്കിയാൽ ത്രികോണമിതി ഉപയോഗിച്ച് ഭൂമിയുടെ ചുറ്റളവ് കണ്ടുപിടിക്കാം എന്ന് അദ്ദേഹം കരുതി. അടുത്ത സംക്രാന്തി ദിവസം അലക്സണ്ഡ്രിയയിലെ ഒരിടത്തു ഒരു വടി നാട്ടിയ ഇറതോസ്തനീസ് ആ വടിയുടെ നിഴലിന്റെ നീളം അളന്നു, ത്രികോണമിതി ഉപയോഗിച്ച് സൂര്യ രശ്മികളുടെ ചെരിവ് ഏകദേശം 7.2 ° ആണെന്ന് കണ്ടെത്തി. (ചിത്രം 1.) Syene ഉം അലക്സാണ്ഡ്രിയായും തമ്മിലുള്ള ദൂരം 5000 സ്റ്റേഡിയ ആണെന്ന് അന്നത്തെ സഞ്ചാരികളിൽ നിന്ന് ഇറതോസ്തനീസ് മനസ്സിലാക്കിയിരുന്നു.

ഇനി ഇറതോസ്തനീസ് എങ്ങനെ ഭൂമിയുടെ ചുറ്റളവ് കണക്കാക്കി എന്ന് മനസിലാക്കാം.

ഭൂമിയെന്ന ഗോളത്തിന്റെ മൊത്തം കോണളവ് 360°.
7.2 ° സമാനമായ ദൂരം 5000 സ്റ്റേഡിയ.
അങ്ങനെയാണെങ്കിൽ 360° സമാനമായ ദൂരം= 360/ 7.2 X 5000 = 2,50,000 സ്റ്റേഡിയ!

സ്റ്റേഡിയ എന്ന ഏകകമാണ്, പുരാതന ഗ്രീക്കുകാർ ദൂരം അളക്കുന്നതിനു ഉപയോഗിച്ചിരുന്നത്. ഒരു സ്റ്റേഡിയ ഇന്നത്തെ എത്ര മീറ്റർ ആണ് എന്നത് ഒരു തർക്ക വിഷയമാണ്. എങ്കിലും പൊതുവെ ഒരു സ്റ്റേഡിയ എന്നാൽ 160 മീറ്റർ എന്നാണ് കണക്കാക്കുന്നത്. അതായതു 2,50,000 സ്റ്റേഡിയ എന്ന് വെച്ചാൽ 40 ,000 കിലോമീറ്റർ. അത്യാധുനിക കാലത്തേ സങ്കേതങ്ങൾ ഉപയോഗിച്ച് ഭൂമിയുടെ ചുറ്റളവ് (ധ്രുവങ്ങളിലൂടെ) അളന്നപ്പോൾ കിട്ടിയ ചുറ്റളവ് 40,008 കിലോമീറ്റർ!!!

രണ്ടായിരത്തി ഇരുനൂറു വർഷങ്ങൾക്കു മുൻപ് ആണ് ഇറതോസ്തനീസ്, അലക്സാണ്ഡ്രിയക്കു പുറത്തു പോകാതെ ഭൂമിയുടെ ചുറ്റളവ് കണക്കാക്കിയത്. ഒരു സ്റ്റേഡിയ എത്ര മീറ്റർ ആയിരുന്നു എന്ന അനിശ്ചിതത്ത്വം കണക്കിലെടുത്താൽ തന്നെ ഇറതോസ്തനീസ് കണ്ടെത്തിയ ഭൂമിയുടെ ചുറ്റളവിന്റെ തെറ്റ് ശതമാനം (Percentage of Error) വളരെ കുറവാണ്. അത് കൊണ്ട് തന്നെയാണ് ഇറതോസ്തനീസ് എന്ന മഹാ പ്രതിഭ ശാസ്ത്ര ലോകത്തു ഭൂമിയോളം വളർന്നു വലുതാകുന്നത്.

പിൻകുറിപ്പ്: ഇറതോസ്തനീസിന്റെ പൂർണമായും ശരിയല്ലാത്ത ഊഹങ്ങൾ.

1. തന്റെ കണക്കു കൂട്ടലിൽ ഭൂമിയെ ഒരു പൂർണ ഗോളമായാണ്
ഇറതോസ്തനീസ് സങ്കല്പിച്ചിട്ടുള്ളത്. ഇത് ശരിയല്ലെന്ന്
നമുക്കറിയാം.
2. സൂര്യൻ വളരെ അകലെ സ്ഥിതി ചെയ്യുന്നു എന്ന് ഊഹിച്ച
ഇറതോസ്തനീസ്, സൂര്യകിരണങ്ങൾ സമാന്തരമായി ആണ്
ഭൂമിയിൽ പതിക്കുന്നു എന്ന് കണക്കു കൂട്ടി. ത്രികോണമിതി
കണക്കുക്കൂട്ടലിൽ ഉൾപ്പെടുത്താൻ ഇത് ആവശ്യവുമായിരിന്നു.
എന്നാൽ ഭൂമിയുടെ വക്രതയ്ക്കനുസരിച്ചു സൂര്യ രശ്മികൾ
തമ്മിൽ ചെറിയൊരു കോൺ വ്യത്യാസം ഉണ്ടാകുന്നുണ്ട്.
3. Syene ഉം അലക്സാണ്ഡ്രിയയും കടൽ നിരപ്പിൽ നിന്ന് ഒരേ
ഉയരത്തിൽ അല്ല സ്ഥിതി ചെയ്യുന്നത്. ഇറതോസ്തനീസ് ഇത്
കണക്കിലെടുത്തിരുന്നില്ല.

ഇറതോസ്തനീസിന്റെ മറ്റു സംഭാവനകൾ.
============================
1. ജോഗ്രഫിയുടെ പിതാവ്.
2. ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരിവ് കണക്കാക്കി.
3. സൂര്യനും ഭൂമിയും തമ്മിലുള്ള അകലം കണക്കാക്കി എന്ന്
പറയപ്പെടുന്നു.
4. ഭൂമിയുടെ ആദ്യ ഭൂപടം തയ്യാറാക്കി.
5. അധി വർഷം എന്ന സങ്കൽപം.
6. അഭാജ്യ സംഖ്യകൾ മനസ്സിലാക്കാക്കുന്നതിനുള്ള മാർഗം.

കഥ തീർന്നില്ല!
===========

ഇറതോസ്തനീസിന്റെ കാലം കഴിഞ്, 1500 വർഷങ്ങൾ ശേഷം ജീവിച്ചിരുന്ന ഒരു ഇറ്റാലിയൻ നാവികൻ ഇറതോസ്തനീസിന്റെ ഭൂമിയുടെ ചുറ്റളവിന്റെ കണക്കു കൂട്ടലിൽ വിശ്വസിച്ചിരുന്നില്ല. അദ്ദേഹം തന്റെ നാട്ടുകാരനായിരുന്ന Toscanelli എന്ന ഭൂപട നിർമാതാവിനെയാണ് കൂടുതൽ വിശ്വസിച്ചത്. Toscanelli യുടെ കണക്കു പ്രകാരം ഭൂമിയുടെ ചുറ്റളവ് ഇറതോസ്തനീസ് കണക്കു കൂട്ടിയതിനേക്കാൾ 33 % കുറവായിരിക്കും എന്നായിരുന്നു. അതുപ്രകാരം നമ്മുടെ ഇറ്റാലിയൻ നാവികൻ അന്നത്തെ യൂറോപ്യൻ കച്ചവടക്കാരുടെ സ്വപ്നരാജ്യമായിരുന്നു ഇന്ത്യയിലേക്കുള്ള ദൂരം കണക്കാക്കി. വളരെ പ്രതീക്ഷകളോടെ ഇന്ത്യയിലേക്കുള്ള പുതിയ കപ്പൽ പാത കണ്ടെത്താൻ പടിഞ്ഞാറോട്ട് യാത്ര തുടങ്ങിയ നാവികനും സംഘവും കണക്കാക്കിയ ദൂരം അനുസരിച്ചു കര കണ്ടെത്തി.

ഇന്ത്യയിൽ എത്താൻ അവിടെ നിന്നും ഒരു പാട് ദൂരം പോകാനുണ്ടെന്നും, താൻ കണ്ടെത്തിയത് പുതിയൊരു ഭൂഖണ്ഡം ആണെന്നും ആ നാവികൻ ഒരിക്കലും അറിഞ്ഞില്ല.

നാവികന്റെ പേര് ക്രിസ്റ്റഫർ കൊളംബസ്, അദ്ദേഹം ചെന്ന് കയറിയത് അമേരിക്കൻ ഭൂഖണ്ഡത്തിൽ!

 

കടപ്പാട് – ഫേസ്ബുക്ക്

  • Leave a Reply

    Your email address will not be published. Required fields are marked *

    Featured News