പതിനെട്ടാം നൂറ്റാണ്ടിൽ യുദ്ധാവശ്യങ്ങൾക്കായി ടിപ്പു സുൽത്താൻ നിർമിച്ച് സൂക്ഷിച്ചിരുന്ന ‘മൈസൂർ റോക്കറ്റു’കളുടെ വൻ ശേഖരം കണ്ടെത്തിയതായി റിപ്പോർട്ട്. കർണാടകയിലെ ഷിമോഗയ്ക്കു സമീപമുള്ള ഉപേക്ഷിക്കപ്പെട്ട കിണർ തുരന്നു നടത്തിയ പരിശോധനയിലാണ് ‘പോക്കറ്റ് ടൈപ് റോക്കറ്റി’ന്റെ വലിയ ശേഖരം കണ്ടെത്തിയത്. ഇതൊടൊപ്പം ഷെല്ലുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.
കിണറിനടിയിൽ പുരാതന വസ്തുക്കളുടെ ശേഖരമുണ്ടെന്നു സൂചന ലഭിച്ചതിനെ തുടർന്ന് പുരാവസ്തു ഗവേഷകരും പര്യവേക്ഷകരും തൊഴിലാളികളുമുൾപ്പെടുന്ന പതിനഞ്ചംഗ സംഘമാണു കിണർ കുഴിച്ചു പരിശോധന നടത്തിയത്.
ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ചെറുത്തുനിന്നു വിജയം നേടിയിട്ടുള്ള ടിപ്പു സുൽത്താൻ 1799ലെ നാലാം ആംഗ്ലോ–മൈസൂർ യുദ്ധത്തിലാണു കൊല്ലപ്പെട്ടത്. യുദ്ധാവശ്യങ്ങൾക്കായി സ്വന്തം നിലയ്ക്ക് ടിപ്പു സുൽത്താൻ നിർമിച്ചിട്ടുള്ള ചെറിയ ‘മൈസൂർ റോക്കറ്റു’കൾ പ്രസിദ്ധമാണ്. പിന്നീട് ബ്രിട്ടിഷുകാർ ഉപയോഗിച്ചു വിജയിച്ച റോക്കറ്റുകളുടെ ആദിമരൂപമാണിത്.
മൂന്നു ദിവസത്തോളം നീണ്ടുനിന്ന ശ്രമങ്ങൾക്കുശേഷമാണ് ആയുധങ്ങൾ കണ്ടെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. 23 മുതൽ 26 വരെ സെ.മീ. നീളമുള്ളവയാണ് ടിപ്പു സുൽത്താന്റെ റോക്കറ്റുകൾ. ഇവയെല്ലാം ഷിമോഗയിലെ മ്യൂസിയത്തിൽ പൊതുജനങ്ങൾക്കു കാണുന്നതിനായി പ്രദർശിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
കടപ്പാട് – മനോരമ