21
Jan 2025 Tuesday

റെക്കോർഡുകൾ കടപുഴക്കി പൃഥ്വി ഷാ വരുന്നു; ഇത് ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയ മുഖം…

Oct 5th, 2018

രാജ്കോട്ട്∙ ആ കാത്തിരിപ്പു വെറുതെയായില്ല. ട്വന്റി20, ഏകദിന ശൈലികൾ സമാസമം ചാലിച്ച ഇന്നിങ്സുമായി അരങ്ങേറ്റ ടെസ്റ്റിന് ഇറങ്ങിയ പതിനെട്ടുകാരൻ പൃഥ്വി ഷാ പ്രതീക്ഷ തെറ്റിച്ചുമില്ല. അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോർഡുമായി പൃഥ്വിക്ക് രാജ്കോട്ടിൽ ടെസ്റ്റ് അരങ്ങേറ്റം. 99 പന്തിൽ 15 ബൗണ്ടറികളോടെയാണ് പൃഥ്വി ഷാ കന്നി ടെസ്റ്റ് സെഞ്ചുറി പൂർത്തിയാക്കിയത്. 154 പന്തിൽ 19 ബൗണ്ടറികളോടെ 134 റൺസുമായി ദേവേന്ദ്ര ബിഷൂവിന് റിട്ടേൺ ക്യാച്ച് സമ്മാനിച്ച് പുറത്താവുകയും ചെയ്തു.

രഞ്ജി ട്രോഫി, ദുലീപ് ട്രോഫി എന്നീ ആഭ്യന്തര ടൂർണമെന്റുകളിലും അരങ്ങേറ്റത്തിൽ സെഞ്ചുറി നേടി അദ്ഭുതപ്പെടുത്തിയ ഷാ, രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റത്തിലും അതേ മികവ് ആവർത്തിച്ചിരിക്കുന്നു.

സാക്ഷാൽ സച്ചിൻ തെൻഡുൽക്കറിനുശേഷം ടെസ്റ്റിൽ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരം കൂടിയാണ് പൃഥ്വി ഷാ. 18 വർഷവും 329 ദിവസവുമാണ് കന്നി ടെസ്റ്റ് സെഞ്ചുറി നേടുമ്പോൾ ഷായുടെ പ്രായം. 17 വർഷവും 112 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിൻ 1990ൽ ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററിൽ സെഞ്ചുറി നേടിയത്. അതേസമയം ഷാ രണ്ടാം സ്ഥാനത്തെത്തിയതോടെ കപിൽ ദേവ് മൂന്നാമതായി. 20 വർഷവും 21 ദിവസവും പ്രായമുള്ളപ്പോഴാണ് കപിൽ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയത്.

ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ നാലാമത്തെ താരമാണ് ഷാ. ബംഗ്ലദേശിന്റെ മുഹമ്മദ് അഷ്റഫുൾ (17 വർഷം 61 ദിവസം), സിംബാബ്‍വെ താരം ഹാമിൽട്ടൺ മസാകഡ്സ (17 വർഷം, 352 ദിവസം), പാക്കിസ്ഥാൻ താരം സലീം മാലിക് (18 വർഷം 323 ദിവസം) എന്നിവരാണ് ഇക്കാര്യത്തിൽ ഷായ്ക്കു മുന്നിലുള്ളത്. ഏറ്റവും വേഗത്തിൽ കന്നി ടെസ്റ്റ് സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരവും ഷായാണ്. ഇന്ത്യൻ താരം ശിഖർ ധവാൻ (85 പന്തിൽ), വെസ്റ്റ് ഇൻഡീസ് താരം ഡ്വെയിൻ സ്മിത്ത് (93 പന്തിൽ) എന്നിവർ മാത്രമാണ് ഷായ്ക്കു മുന്നിൽ.

ആദ്യ ഓവറിന്റെ അവസാന പന്തിൽത്തന്നെ സഹ ഓപ്പണർ ലോകേഷ് രാഹുൽ എൽബിയിൽ കുരുങ്ങിയ ശേഷമായിരുന്നു ഷായുടെ പടയോട്ടം. നങ്കൂരമിട്ടു കളിക്കുന്ന ചേതേശ്വർ പൂജാരയെ ഒരറ്റത്തു കൂട്ടുകിട്ടിയതോടെ തകർത്തു കളിച്ച ഷാ, ആത്മവിശ്വാസം തുളുമ്പുന്ന ഇന്നിങ്സുമായി ആരാധകരെ കയ്യിലെടുത്തു.

ഒരു ടെസ്റ്റിന്റെ ആദ്യ പന്തു നേരിടുന്ന പ്രായം കുറഞ്ഞ നാലാമത്തെ താരമെന്ന വിശേഷണത്തോടെയാണ് ഷാനൻ ഗബ്രിയേലിന്റെ ആദ്യ ഓവർ ഷാ നേരിട്ടത്. ആദ്യ പന്തു ലീവ് ചെയ്തെങ്കിലും രണ്ടാം പന്ത് കവറിനും പോയിന്റിനുമിടയിലൂടെ അടിച്ചകറ്റിയ ഷാ, മൂന്നു റൺസ് നേടിയാണ് അക്കൗണ്ട് തുറന്നത്. കീമോ പോളിന്റെ അടുത്ത ഓവറിലെ അഞ്ചാം പന്ത് പോയിന്റിലൂടെ ബൗണ്ടറി കടത്തിയാണ് ഷാ കുതിപ്പു തുടങ്ങി.

കീമോ പോൾ എറിഞ്ഞ നാലാം ഓവറിൽ മൂന്നു ബൗണ്ടറി നേടിയ ഷാ നയം വ്യക്തമാക്കി. പേസർമാരെയും സ്പിന്നർമാരെയും യാതൊരു കൂസലുമില്ലാതെ നേരിട്ട ഷാ, 56 പന്തിൽ കന്നി അർധസെഞ്ചുറി പൂർത്തിയാക്കി. ഇതോടെ ടെസ്റ്റ് അരങ്ങേറ്റത്തിൽ അർധസെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമായി ഷാ മാറി. 20 വർഷവും 131 ദിവസവും പ്രായമുള്ളപ്പോൾ അർധസെഞ്ചുറിയോടെ അരങ്ങേറിയ അബ്ബാസ് അലി ബെയ്ഗിന്റെ റെക്കോർഡാണ് ഷാ തകർത്തത്. 1959ൽ ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററിലാണ് ബെയ്ഗ് റെക്കോർഡ് കുറിച്ചത്. അരങ്ങേറ്റ ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ അർധസെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യൻ താരം കൂടിയാണ് ഷാ. യുവരാജ് സിങ് (42 പന്തിൽ), ഹാർദിക് പാണ്ഡ്യ (48), ശിഖർ ധവാൻ (50), എന്നിവരാണ് ഷായ്ക്കു മുന്നിലുള്ളത്.

ഇന്ത്യയ്ക്കായി ടെസ്റ്റിൽ അരങ്ങേറുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ ഓപ്പണർ കൂടിയാണ് പൃഥ്വി ഷാ. 18 വർഷവും 329 ദിവസവും പ്രായമുള്ളപ്പോൾ അരങ്ങേറിയ ഷാ, 17 വർഷവും 265 ദിവസവും പ്രായമുള്ളപ്പോൾ അരങ്ങേറ്റം കുറിച്ച വിജയ് മെഹ്റയ്ക്കു മാത്രം പിന്നിലാണ്. ഒരു െടസ്റ്റ് മൽസരത്തിലെ ആദ്യ പന്ത് നേരിടുന്ന പ്രായം കുറഞ്ഞ നാലാമത്തെ താരവും ഷാ തന്നെ. സിംബാബ്‌വെയുടെ ഹാമിൽട്ടൺ മസാകഡ്സ, ബംഗ്ലദേശിന്റെ തമിം ഇക്ബാൽ, പാക്കിസ്ഥാന്റെ ഇമ്രാൻ ഫർഹത്ത് എന്നിവരാണ് ഇക്കാര്യത്തിൽ ഷായ്ക്കു മുന്നിലുള്ളത്.

  • Leave a Reply

    Your email address will not be published. Required fields are marked *

    Featured News