21
Nov 2024 Thursday

വേരുപിടിപ്പിക്കാൻ വിദ്യകൾ

Sep 10th, 2021

കമ്പുകൾ പലപ്പോഴും നമ്മൾ സംഘടിപ്പിക്കും.. എങ്ങിനെലുമൊക്കെ മണ്ണിൽകുഴിച്ചിടും. ചിലപ്പോ കിളിർക്കും.. അപ്പോ നമ്മൾ ആശ്വസിക്കും ചിലർടത് ശെര്യവും.. ചിലർടത് ശെര്യാവില്ല…. 😜😜🙏

എങ്കിലും അതൊന്നു മുളപ്പിച്ചെടുക്കാൻ ഒന്ന് ആത്മാർത്ഥമായും ശ്രമിച്ചാലോ
ഈ നോട്ട് ഒന്ന് ഓർമ്മയിൽ വെച്ചോളൂ.. ഞാൻ വായിച്ചപ്പോളും കോപ്പി ചെയ്തു വെച്ചു..
👇👇👇

മഴക്കാലം നമുക്ക് നടീൽ കാലമാണ്. നല്ലൊരു ചെടി എവിടെക്കണ്ടാലും ഒരു കമ്പ് സംഘടിപ്പിക്കുന്നതുവരെ മലയാളിക്ക് മനസ്സമാധാനമുണ്ടാകില്ല.
മാതൃസസ്യത്തിന്റെ മുഴുവൻ ഗുണങ്ങളോടുംകൂടിയ തൈയുണ്ടാക്കുന്നതിന് ഏറ്റവും എളുപ്പവും ലാഭകരവുമായ കായികപ്രവർധനരീതി കമ്പ് മുറിച്ചുനടുന്നത് തന്നെയാണ്. വളരെയധികം ചെടികൾ ഒരേ മാതൃസസ്യത്തിൽനിന്ന് പരിമിതമായ സ്ഥലം ഉപയോഗിച്ച് ഉത്‌പാദിപ്പിക്കാമെന്നതാണ് അധികമേന്മ. ദ്രുതവും ലഘുവുമാണ് കമ്പ് വേരുപിടിപ്പിക്കലിന് പിന്നിലെ സാങ്കേതികവിദ്യ.

കടുത്ത വേനലിൽ നടാനായി കമ്പ് മുറിക്കരുത്. നേർത്ത കമ്പാണ് ഉപയോഗിക്കുന്നതെങ്കിൽ അരയടി നീളത്തിലും മൂത്തകമ്പാണെങ്കിൽ ഒരടി നീളത്തിലുമുള്ള തണ്ട് മുറിച്ചെടുക്കാം. നേർത്ത കമ്പിലെ പകുതിയിലധികം ഇലകളും നീക്കം ചെയ്തതിനുശേഷമാണ് നടേണ്ടത്. മൂത്ത കമ്പിൽനിന്നും മുഴുവൻ ഇലകളും നീക്കംചെയ്‌യണം.
വേരുണ്ടാകാൻ ഹോർമോൺ ചികിത്സ ഫലവത്താണ്. റൂട്ട് ഹോർമോൺകൾ അഗ്രിഷോപ്പുകളിൽ വാങ്ങാൻ കിട്ടുന്നുണ്ട്.തണ്ടുകളുടെ അടിവശം മൂർച്ചയുള്ള കത്തികൊണ്ട് ചെരിച്ച് മുറിച്ചെടുക്കുന്നതാണ് ആദ്യഘട്ടം. മുറിച്ച തണ്ടിന്റെ രണ്ടു സെന്റീമീറ്റർ ചുവടുഭാഗം 45 സെക്കൻഡ് സമയം റൂട്ട് ഹോർമോണിൽ മുക്കിവെച്ച് നടുന്നതാണ് അടുത്തപടി.
രണ്ട് ടീസ്‌പൂണ്‍ ശുദ്ധമായ തേൻ ഒരു കപ്പ് വെള്ളത്തില്‍കലക്കി കുപ്പിയിൽ ഒഴിച്ച് അടപ്പ് നന്നായി മുറുക്കി അടച്ച് കറുത്ത തുണികൊണ്ട് മൂടി അധികം ചൂടോ പ്രകാശമോ പതിക്കാത്തിടത്ത് രണ്ടാഴ്ച വെച്ചാൽ അത് നല്ലൊരു റൂട്ട് ഹോർമോണായി മാറും. തയാറാക്കിയ ഈ മിശ്രിതത്തില്‍ കിളിർപ്പിക്കുവാനുള്ള കമ്പോ വള്ളിയോ 20 -30 മിനിറ്റ് ഇട്ടു വെക്കാം അതിനുശേഷം മാറ്റി നടാം. (തേൻ നേരിട്ട് കമ്പിൽ പുരട്ടിയും നടും)
കരിക്കിൻ വെള്ളവും പച്ചച്ചാണകം വെള്ളത്തിൽ കലക്കിയ തെളിയും നാടൻ വേരുത്തേജകികളാണ്.

വേരുത്തേജക ഹോർമോൺ ചെലവുകുറഞ്ഞ രീതിയിൽ തയ്യാറാക്കാം.
ഇതിനായി 50 ഗ്രാം മുരിങ്ങയിലയും ഇളം തണ്ടും 200 മില്ലി വെള്ളത്തിൽ തലേദിവസം കുതിർക്കണം. പിഴിഞ്ഞെടുത്തോ അരച്ചെടുേത്താ തയ്യാറാക്കുന്ന മുരിങ്ങാച്ചാറിൽ കമ്പിന്റെ അഗ്രം 20 മിനിറ്റ് നേരം മുക്കിവെച്ച് നടുന്നത് പെട്ടെന്ന് വേരിറങ്ങാൻ സഹായിക്കും. 25 ഗ്രാം സ്യൂഡോമോണസ് 75 മില്ലി വെള്ളത്തിൽ കലക്കിയ ലായനിയിൽ അരമണിക്കൂർ നേരം കമ്പ് മുക്കിവെച്ച് നടുന്നത് വേരുത്‌പാദനം എളുപ്പമാക്കുന്നു.

വേരുറയ്‍ക്കുന്നതുവരെ പരിപാലിച്ചില്ലെങ്കിൽ കമ്പിൽനിന്ന് വെള്ളം വാർന്ന് ഉണങ്ങാനുള്ള സാധ്യതയേറെയാണ്. മണലും ചകിരിച്ചോറും ചാണകപ്പൊടിയും ഒരേ അനുപാതത്തിൽ കലർത്തി പോട്ടിങ് മിശ്രിതം തയ്യാറാക്കാം. കന്പോസ്റ്റും വെർമിക്കുലൈറ്റും വേര് കുമിളെന്ന് വിളിക്കുന്ന മൈക്കോഡൈയും പോട്ടിങ് മിശ്രിതത്തിൽ ചേർക്കുന്നത് ഏറെ നന്ന്. മണ്ണിൽ നനവുണ്ടായാൽ മാത്രം പോരാ, ചുറ്റുപാടും ആർദ്രത കൂടിയുണ്ടെങ്കിലേ വേഗം വേര് പിടിക്കൂ..

അരിച്ചിറങ്ങുന്ന വെയിലാണ് വേരുപിടിപ്പിക്കാൻ നല്ലത്. നേർത്ത പാളിയായി ലഭിക്കുന്ന വെള്ളം വേരുപിടിക്കലിന്റെ സാധ്യതയേറ്റും. 18 സെന്റീമീറ്റർ ഉയരവും 12 സെന്റീമീറ്റർ വീതിയുമുള്ള പോളിത്തീൻ സഞ്ചികളാണ് സാധാരണഗതിയിൽ തിരഞ്ഞെടുക്കേണ്ടത്. കവറിന്റെ താഴത്തെ പകുതിയിൽ 15 മുതൽ 20 വരെ സുഷിരങ്ങളിടണം.
തണ്ടിന്റെ ഒരു മുട്ട് പോട്ടിങ് മിശ്രിതത്തിനടിയിൽ ഉണ്ടെന്ന് ഉറപ്പുവരുത്താം.പുതിയ ഇലകൾ വിരിഞ്ഞുവരുന്നത് വേരിറങ്ങുന്നതിന്റെ ലക്ഷണമാണ്.

കടപ്പാട് ഫേസ്ബുക്

  • Leave a Reply

    Your email address will not be published. Required fields are marked *

    Featured News