21
Nov 2024 Thursday

41 വർഷത്തിനു ശേഷം സൂര്യന്റെ അതിര്‍ത്തി വിട്ടു വോയേജര്‍ 2

Dec 12th, 2018

സൂര്യന്റെ കാന്തികവലയം പിന്നിട്ടു സഞ്ചരിക്കുന്ന (ഇൻസ്റ്റെല്ലർ സ്പേസ്) രണ്ടാമത്തെ മനുഷ്യനിര്‍മിത വസ്തുവായി വോയേജര്‍ 2 ചരിത്രം കുറിച്ചു. വോയേജര്‍ 1 സമാനമായ നേട്ടം കൈവരിച്ച് ആറ് വര്‍ഷത്തിന് ശേഷമാണ് വോയേജര്‍ 2വും സൂര്യന്റെ സംരക്ഷിത വലയത്തിന്റെ അതിര്‍ത്തിയിലെത്തിയ വിവരം നാസ പുറത്തുവിടുന്നത്. ഹെലിയോപോസ് എന്ന് വിളിക്കുന്ന സൂര്യന്റെ സ്വാധീന വലയത്തിന്റെ അവസാന പ്രദേശത്തു കൂടിയാണ് ഈ മനുഷ്യ നിര്‍മിത വസ്തുക്കളുടെ ഇപ്പോഴത്തെ സഞ്ചാരം. 41 വർഷം മുൻപാണ് വോയേജർ 2 വിക്ഷേപിച്ചത്. 

നവംബര്‍ അഞ്ചിനാണ് വോയേജര്‍ 2 നക്ഷത്രങ്ങളുടെ അതിര്‍ത്തി പ്രദേശത്തേക്ക് എത്തിയതെന്ന് കരുതുന്നത്. ഭൂമിയില്‍ നിന്നും ഏകദേശം 1800 കോടി കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ വോയേജര്‍ 2 ഉള്ളത്. അമേരിക്കന്‍ ജിയോഫിസിക്കല്‍ യൂണിയന്‍ യോഗത്തില്‍ വെച്ചാണ് നാസ ഗവേഷകർ ഈ വിവരം പുറത്തുവിട്ടത്. 

1977 ഓഗസ്റ്റ് 20നാണ് വോയേജര്‍ 2 വിക്ഷേപിച്ചത്. ഇതിന്റെ ഇരട്ട പേടകമായ വോയേജര്‍ 1 തൊട്ടടുത്ത മാസം 1977 സെപ്റ്റംബര്‍ അഞ്ചിനും വിക്ഷേപിച്ചു. വ്യത്യസ്ത ദിശകളിലാണ് ഇവയുടെ സഞ്ചാരം. എന്നെങ്കിലും അന്യഗ്രഹജീവികള്‍ കണ്ടെത്തുമെന്ന പ്രതീക്ഷയില്‍ രണ്ട് വോയേജറിലും ശബ്ദങ്ങളുടെയും ചിത്രങ്ങളുടെയും ശേഖരം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൊന്ന് ഇന്ത്യയില്‍ നിന്നുള്ള സംഗീതമാണ്.

വിഖ്യാത അമേരിക്കന്‍ പ്രപഞ്ചശാസ്ത്രജ്ഞനും സാഹിത്യകാരനുമായ ഡോ. കാള്‍ സാഗന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഇതിനായുള്ള തിരഞ്ഞെടുപ്പ് നടത്തിയത്. ഭൂമിയിലെ മഴ, കാറ്റ്, ഇടിമുഴക്കം, പക്ഷികളുടെയും ജന്തുക്കളുടെയും ശബ്ദങ്ങള്‍, ഭൂമിയില്‍ നിന്നുള്ള അനവധി ചിത്രങ്ങള്‍ എന്നിവയും വോയേജറിലുണ്ട്. 

ഭൂമിയിലെ 55 ഭാഷകളിലുള്ള ആശംസകള്‍, അന്നത്തെ അമേരിക്കന്‍ പ്രസിഡന്റിന്റെയും യുഎന്‍ സെക്രട്ടറി ജനറലിന്റെയും ആശംസകളും റെക്കോർഡ് ചെയ്തിട്ടുണ്ട്. ഇതിനൊപ്പം ഭൂമിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംഗീതവും ഉള്‍പ്പെടുത്തിയിരുന്നു. ഓസ്‌ട്രേലിയന്‍ ആദിവാസി സംഗീതവും മൊസാര്‍ട്ടും ബിഥോവനും അമേരിക്കന്‍ പോപ്പുലര്‍ സംഗീതവുമെല്ലാം വോയേജറിന്റെ സ്വര്‍ണ്ണ ട്രാക്കുകളിലുണ്ട്. 

നക്ഷത്രങ്ങള്‍ക്കിടയിലെ അതിര്‍ത്തിയിലെത്തിയെന്ന് പറയുമ്പോഴും സൗരയൂഥത്തിന്റെ അതിര്‍ത്തി കടന്നു വോയേജര്‍ പേടകങ്ങളെന്ന് അര്‍ഥമില്ല. ഊര്‍ട്ട് മേഘങ്ങള്‍ നിറഞ്ഞ ഭാഗമാണ് സൗരയൂഥത്തിന്റെ അതിര്‍ത്തിയായി കണക്കാക്കുന്നത്. സൂര്യനില്‍ നിന്നും 5000 മുതല്‍ ഒരു ലക്ഷം വരെ A.U ദൂരത്തില്‍ സൗരയൂഥത്തെ ആവരണം ചെയ്തുകിടക്കുന്ന ഹിമഗോളങ്ങളാണിത്. ഒരു AU എന്നാല്‍ ഭൂമിയില്‍ നിന്നും സൂര്യനിലേക്കുള്ള ദൂരമാണ്. ഊര്‍ട്ട് മേഘപാളികളുടെ ഏറ്റവും ഉള്‍ഭാഗത്തെത്തണമെങ്കില്‍ മാത്രം വോയേജര്‍ 2 ന് 300 വര്‍ഷം വേണ്ടിവരും. ഇവയെ മറികടന്ന് സൗരയൂഥത്തിനപ്പുറമെത്തണമെങ്കില്‍ 30000 വര്‍ഷവും!

കടപ്പാട് – മലയാളമനോരമ

  • Leave a Reply

    Your email address will not be published. Required fields are marked *

    Featured News