21
Jan 2025 Tuesday

‘KLT – 1’ : കേരളത്തിൽ ആദ്യമായി രജിസ്റ്റർ ചെയ്ത കാറിൻ്റെ രാജകീയമായ ചരിത്രം..

Dec 3rd, 2018

കേരളത്തിൽ ഇന്ന് ദിവസേന നിരവധി വാഹനങ്ങൾ വിവിധ ആർടി ഓഫീസുകളിലായി രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. അതെ ഒരു കുടുംബത്തിൽ ഒന്നിൽക്കൂടുതൽ വാഹനങ്ങൾ എന്ന നിലയിലേക്ക് പതിയെ നടന്നുകൊണ്ടിരിക്കുകയാണ് നമ്മൾ. അതൊക്കെ അതിൻ്റെ വഴിക്ക് പോകട്ടെ. പറയുവാൻ ഉദ്ദേശിക്കുന്ന കാര്യം വേറെയാണ്. കേരളത്തിൽ ആദ്യമായി രജിസ്റ്റർ ചെയ്ത വാഹനം ഏതാണെന്ന് അറിയാമോ? അധികമാർക്കും ഈ വിവരം അറിയണമെന്നില്ല. വിഷമിക്കേണ്ട പറഞ്ഞു തരാം.

1956 ൽ കേരള സംസ്ഥാനം രൂപീകരിച്ചു കഴിഞ്ഞതിനു ശേഷമാണ് കേരളത്തിൽ ആദ്യമായി ഒരു വാഹനം രജിസ്റ്റർ ചെയ്യുന്നത്. ആ വാഹനത്തിന്റെ ഉടമ ചില്ലറക്കാരിയല്ലായിരുന്നു. തിരുവിതാംകൂർ മഹാറാണിയായിരുന്ന ഹിസ് ഹൈനസ് സേതുപാർവ്വതിഭായ് തമ്പുരാട്ടിയുടെ പേരിലായിരുന്നു ആദ്യമായി ഒരു വാഹനം കേരളത്തിൽ രജിസ്റ്റർ ചെയ്തത്.കാറിനു കിട്ടിയ നമ്പർ ‘KLT – 1’ ആയിരുന്നു. അക്കാലത്തെ മികച്ച ആഡംബര വാഹനമായിരുന്ന ‘Studebaker President’ എന്ന വിദേശ നിർമ്മിത കാർ ആയിരുന്നു തമ്പുരാട്ടിയുടേത്. നമ്മുടെ രാജാക്കന്മാർ അക്കാലത്തെ സൂപ്പർകാർ ഉടമകൾ ആയിരുന്നുവെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

അക്കാലത്ത് വൻ പ്രതാപമായിരുന്നു ‘KLT – 1’ എന്ന കാറിന്. രാവിലെ രാജകൊട്ടാരത്തിൽ നിന്നും പദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ഒരു റൗണ്ട് ട്രിപ്പ് ആയിരുന്നു ഈ കാർ രാജാവിൻ്റെ ദിവസേനയുള്ള ഡ്യൂട്ടി. രാവിലെ 6.30 മുതൽ 8.15 വരെയുള്ള സമയത്തായിരുന്നു ഈ രാജകീയ യാത്ര. ആ സമയത്ത് തലസ്ഥാനത്തെ ആളുകൾ ഈ യാത്ര കാണുവാൻ മാത്രമായി വഴിയരികിൽ വന്നു ഭയഭക്തി ബഹുമാനത്തോടെ നിൽക്കുമായിരുന്നു. അന്നൊക്കെ തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ KLT – 1, Studebaker President കാർ ഒരു അത്ഭുതകാഴ്ച തന്നെയായിരുന്നുവെന്ന് പഴമക്കാർ ഓർക്കുന്നു.

അമേരിക്കയിൽ നിന്നും കൽക്കട്ടയിലേക്ക് കാറിന്റെ പാർട്സുകൾ എത്തിക്കുകയും കൽക്കട്ടയിൽ വെച്ച് അവ ഒന്നിച്ചു ചേർത്ത് പുതിയൊരു കാറായി രൂപം കൊടുക്കുകയുമായിരുന്നു. കൽക്കട്ടയിൽ നിന്നുമാണ് പിന്നീട് ഈ കാർ തിരുവിതാംകൂറിൽ എത്തിച്ചേർന്നത്.

1985 ൽ മഹാറാണി സേതുപാർവ്വതിഭായ് തമ്പുരാട്ടി നാടുനീങ്ങി. മഹാറാണിയുടെ വിടവാങ്ങലോടെ ഈ കാർ രാജകൊട്ടാരത്തിലെ വിശ്വസ്തനായ ഡോക്ടറായിരുന്ന ഡോ. പിള്ളയ്ക്ക് ലഭിക്കുകയുണ്ടായി. പിന്നീട് കുറേനാൾ ഈ രാജവാഹനം പിള്ള ഡോക്ടറായിരുന്നു ഉപയോഗിച്ചിരുന്നത്. മൂന്നു വർഷങ്ങൾക്കു ശേഷം ഡോക്ടറും മരിച്ചതോടെ ഈ കാർ നാട്ടിൽ അനാഥമാകുന്ന അവസ്ഥ വന്നു. പിന്നീട് 1998 ൽ പിള്ള ഡോക്റുടെ ഇംഗ്ലണ്ടിൽ താമസക്കാരനായിരുന്ന മകൻ ഈ കാർ കേരളത്തിൽ നിന്നും ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയി. ഡോക്ടറുടെ മകനും ഒരു ഡോക്ടർ ആയിരുന്നു. കൊച്ചിയിൽ നിന്നും ഒരു കണ്ടെയ്‌നറിലാക്കിയായിരുന്നു കാർ യുകെയിലേക്ക് കൊണ്ടുപോയത്.

ഇംഗ്ലണ്ടിൽ എത്തിച്ചശേഷം നമ്മുടെ ഈ രാജശകടത്തെ ഡോക്ടർ ഇരുണ്ട നീല നിറവും വെള്ളനിറവും പെയിന്റ് അടിച്ചു രൂപമാറ്റം വരുത്തി. പിന്നീട് ഈ കാർ കുറച്ചുനാളുകൾക്കു ശേഷം ഡോക്ടർ മറ്റൊരാൾക്ക് വിൽക്കുകയായിരുന്നു ചെയ്തത്. അതിനു ശേഷവും ഈ കാർ പല ഉടമസ്ഥരിൽക്കൂടി കൈമറിഞ്ഞു അവസാനം യുകെയിലെ പ്രമുഖ ഓൺലൈൻ വിപണിയായ ഇ-ബേയിൽ എത്തി. ഉടമസ്ഥരിൽ ആരോ അതുവഴി വിൽക്കുവാൻ ശ്രമിച്ചതായിരുന്നു. 2010 ഫെബ്രുവരിയിലായിരുന്നു അത്. ഈബേയിലെ പരസ്യം കണ്ട് ഇയാൻ എന്നൊരാൾ ഈ കാർ വാങ്ങുകയും ചെയ്തു.

കാർ വാങ്ങിയാൾക്ക് ഇതിന്റെ രാജ ബന്ധവും ചരിത്രവും ഒന്നും അറിയില്ലായിരുന്നു. അവസാനം സോഷ്യൽ മീഡിയയിൽ ഈ കാറിനെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടാണ് തൻറെ കയ്യിലുള്ളത് തിരുവിതാംകൂർ ഭരിച്ചിരുന്ന റാണിയുടെയായിരുന്നുവെന്നു ഇയാൻ മനസിലാക്കിയത്. ഇതിനെക്കുറിച്ച് ഇയാൻ പ്രമുഖ ഓട്ടോമോട്ടീവ് പബ്ലിക് ഗ്രൂപ്പായ Team BHP യിൽ പോസ്റ്റ് ചെയ്തതോടെയാണ് നമ്മുടെ നാട്ടുകാരിൽ ചിലരെങ്കിലും ഈ കാര്യങ്ങൾ അറിയുവാനിടയായത്.

KLT 1 എന്ന നമ്പറിൽ കേരളത്തിൽ ആദ്യമായി രജിസ്റ്റർ ചെയ്ത ഈ കാർ ഇന്ന് അതേ നമ്പറോടെ നമുക്ക് കാണുവാൻ ഭാഗ്യമില്ലാതായി. ഇപ്പോൾ NSJ 269 എന്ന യുകെ നമ്പറുമായാണ് ഈ കാർ ഓടുന്നത്. ഇത്രയും വർഷങ്ങളായിട്ടും പല തലമുറകൾ ഉപയോഗിച്ചിട്ടും ഇന്നും ഈ കാർ ഇംഗ്ലണ്ടിലെ വീഥികളിലൂടെ യാതൊരു തളർച്ചയുമില്ലാതെ പഴയ തിരുവിതാംകൂർ പ്രൗഢിയോടെ ഓടുന്നു.

കടപ്പാട് ഫേസ് ബുക്ക്

  • Leave a Reply

    Your email address will not be published. Required fields are marked *

    1. Joel at 8:16 am

      Great job Anish. Keep posting. Hope Org is going on well.

    Featured News