24
Jun 2024 Monday

അന്ന് ശ്രീധറിനെ തെറ്റിദ്ധരിച്ചതില്‍ വല്ലാത്ത കുറ്റബോധം തോന്നി-ഫാസില്‍ എഴുതുന്നു

Jan 24th, 2019

നാഗവല്ലിയുടെ നൃത്തം തികച്ചും ആധികാരികമായിരിക്കണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. നൃത്തസംവിധായകരായ കുമാറും ശാന്തിയും അതിനുപറ്റിയ ശ്യാമള എന്ന ടീച്ചറെ എനിക്കു വേണ്ടി തിരഞ്ഞുപിടിച്ച് കൊണ്ടു വന്നു.

മലയാളത്തിന്റെ എക്കാലത്തെയും ദൃശ്യവിസ്മയമായ മണിച്ചിത്രത്താഴ് എന്ന ചലച്ചിത്രത്തിന്റെ സൃഷ്ടിക്കുപിന്നിലെ അമൂല്യമായ നിമിഷങ്ങളും കൗതുകങ്ങളും  സംവിധായകനായ ഫാസില്‍ പങ്കുവെക്കുന്ന പുസതകമാണ് മണിച്ചിത്രത്താഴും മറ്റ് ഓര്‍മകളും. ഫാസില്‍ എന്ന സംവിധായകനെയും എഴുത്തുകാരനെയും രൂപപ്പെടുത്തിയ കിഴക്കിന്റെ വെനീസെന്ന ആലപ്പുഴയെക്കുറിച്ചുള്ള ഗൃഹാതുരമായ അനുഭവങ്ങളും ഒ.എന്‍.വി. കുറുപ്പ്, ശ്രീവിദ്യ തുടങ്ങിയവരെക്കുറിച്ചുള്ള ഹൃദ്യമായ സ്മരണകളും പുുസത്കത്തിലുണ്ട്. പുസതകത്തില്‍ നിന്നുള്ള ഒരു ഭാഗം വായിക്കാം.

നാഗവല്ലിയുടെ നൃത്തം തികച്ചും ആധികാരികമായിരിക്കണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. നൃത്തസംവിധായകരായ കുമാറും ശാന്തിയും അതിനുപറ്റിയ ശ്യാമള എന്ന ടീച്ചറെ എനിക്കു വേണ്ടി തിരഞ്ഞുപിടിച്ച് കൊണ്ടു വന്നു. പാട്ടിന്റെ തിരക്കഥ പലപല ദിവസങ്ങള്‍കൊണ്ട് ഞാന്‍ മനഃപാഠമാക്കിക്കഴിഞ്ഞിരുന്നു. പത്മനാഭപുരം പാലസില്‍ ഒരു നവരാത്രി മണ്ഡപമുണ്ട്. അവിടെയാണ് ആ പാട്ട് ഷൂട്ട് ചെയ്തത്. മണ്ഡപത്തില്‍ മൂന്ന് കിളിവാതിലുകളും ഉണ്ടായിരുന്നു. അതിലൂടെ, സണ്ണിയും നകുലനും മഹാദേവനും ഭ്രാന്തിയായി മാറിയ ഗംഗയുടെ നൃത്തം കണ്ടു.

ഭ്രാന്തിയായ ഗംഗയുടെ നൃത്തം ഞാന്‍ രാത്രി കാലങ്ങളില്‍ എടുത്തു. സുന്ദരിയായ നാഗവല്ലിയുടെ നൃത്തം പകലും. ഗംഗയുടെ ഭ്രാന്തമായ നൃത്തചലനങ്ങളില്‍നിന്നും പെട്ടെന്നായിരിക്കും ഞാന്‍ നാഗവല്ലിയുടെ മനോഹരമായ നൃത്തചലനങ്ങളിലേക്ക് കട്ട് ചെയ്യുകയെന്നും ഈ രണ്ട് നൃത്തചലനങ്ങള്‍ക്കും നല്ല സാമ്യമുണ്ടായിരിക്കണമെന്നും രണ്ടിനും ഗ്രേസും വേണമെന്നും ഞാന്‍ ശോഭനയോടും ശ്യാമള ടീച്ചറോടും പറഞ്ഞു. വളരെ വളരെ സൂക്ഷിച്ചും പണിപ്പെട്ടുമാണ് ആ പാട്ടിന്റെ ഓരോ ഷോട്ടും എടുത്തത്.

അങ്ങനെ മഹാദേവന്‍ എന്ന രാമനാഥന്‍ വരേണ്ട സമയമായി. മോഹന്‍ലാല്‍, മഹാദേവന്റെ തോളില്‍ കൈവച്ച്, ഗംഗയുടെ അരികിലേക്ക് പോകാന്‍ സിഗ്നല്‍ കൊടുക്കുന്ന ഷോട്ട് ഞാനാദ്യം എടുത്തു. പിന്നെ ഭ്രാന്തിയായ ഗംഗയുടെ മുന്‍പില്‍ വന്നുനില്‍ക്കുന്ന മഹാദേവന്റെ ഷോട്ടും എടുത്തു. ഇനി അയാള്‍ നാഗവല്ലിയുടെ കണ്ണില്‍, കാമുകനായ രാമനാഥനാണ്. ആ വേഷം അണിഞ്ഞുവരാനായി ശ്രീധറിനെ അയച്ചു. രാമനാഥനെ കണ്ടു കഴിയുമ്പോഴുള്ള ഗംഗയുടെ ഷോട്ടും എടുത്തു. ഇനി നൃത്തത്തിന്റെ ലാസ്യശൃംഗാര ഭാവങ്ങളാണ്. അതിനുള്ള വേഷം അണിഞ്ഞുവരാനായി ശോഭന പോയി.

അപ്പോള്‍, ദേ വരുന്നു, രാമനാഥന്റെ ആടയാഭരണങ്ങള്‍ അണിഞ്ഞ്, സാക്ഷാല്‍ ശ്രീധര്‍! വന്നതും നമസ്‌കാരം പറഞ്ഞു. എന്റെയും ക്യാമറാമാന്റെയും കാല്‍തൊട്ട് വന്ദിച്ചു. ക്യാമറയെ വണങ്ങി. എനിക്ക് കാര്യം പിടികിട്ടി. പുള്ളിയുടെ ആത്മാവ് അഭിനയത്തിലല്ല. നൃത്തത്തിലാണ്. അതുകൊണ്ടാണ്, സീനുകള്‍ എടുത്തപ്പോള്‍ ഒരു അന്യനെപ്പോലെ അകന്നുമാറി നിന്നത്. നൃത്തം വന്നപ്പോള്‍ ആളും മാറി. പിന്നെ, തോം, തോം, തോം എന്നു പറഞ്ഞ് ഒരു വരവായിരുന്നു. എനിക്ക് ആ മനുഷ്യനോട് ഇഷ്ടം തോന്നി, ബഹുമാനം തോന്നി, തെറ്റിദ്ധരിച്ചതില്‍ വല്ലാത്ത കുറ്റബോധവും തോന്നി.

ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് ഈ സോങ് എഡിറ്റ് ചെയ്യാനായി ഞാന്‍ ശോഭനയുടെ സഹായം തേടി. സോങ് കട്ട് ചെയ്യേണ്ടത് കൃത്യ താളത്തിലായിരിക്കണം. അതിന് സംഗീതവും നൃത്തവും അറിയുന്നവര്‍ അടുത്തുണ്ടെങ്കില്‍ സഹായമായിരിക്കും. ശോഭനയുള്ളതുകൊണ്ട്, കിറുകൃത്യമായി പാട്ട് എഡിറ്റ് ചെയ്യാന്‍ സാധിച്ചു.

കട്ട് ചെയ്തു കഴിഞ്ഞ് ഞങ്ങള്‍ ആപാട്ട് പൂര്‍ണമായും എഡിറ്റിങ് റൂമിലിട്ടു കണ്ടു. കണ്ടശേഷം ശോഭനയുടെ ഒരു പ്രഖ്യാപനം വന്നു- ‘സാര്‍ പാട്ട് അസ്സലായിട്ടുണ്ട്…, താങ്ക്‌സ് ടു മീ…’ എങ്ങനെയുണ്ട്? എല്ലാവരും കൂടി ചേര്‍ന്ന് ചെയ്ത ഒരു പാട്ടിന് പുള്ളിക്കാരിയുടെ ഒരു താങ്ക്‌സ്  ടു മീ!  ആവശ്യം കഴിഞ്ഞതുകൊണ്ട് ആ ‘താങ്ക്‌സ് ടു മീ’യെ മെല്ലെ, സ്നേഹത്തോടെ പുറത്തിറക്കി ഞാന്‍ എഡിറ്റിങ് റൂമിന്റെ വാതിലടച്ചു!

കടപ്പാട് – മാതൃഭൂമി

  • Leave a Reply

    Your email address will not be published. Required fields are marked *

    Featured News