24
Jun 2024 Monday

എംഡന്റെ അവസാന പോരാട്ടം

Nov 28th, 2018

1914 നവംബർ 9 ന് ജർമൻ ലൈറ്റ് ക്രൂസർ എംഡൻ ക്യാപ്റ്റൻ വോൺ മുള്ളറിന്റെ നേതൃത്വത്തിൽ , കോക്കോസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന വയർലെസ് സ്റ്റേഷൻ നശിപ്പിക്കാനായി ഉൾക്കടലിൽ നങ്കൂരമിട്ടു. അക്കാലത്തെ സഖ്യശക്തികളുടെ ഒരു പ്രധാന ആശയവിനിമയ കേന്ദ്രമായിരുന്നു അവിടെ സ്ഥിതി ചെയ്തിരുന്നത്. ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ തീരത്ത്, ബറ്റേവിയ, മൗറീഷ്യസ് എന്നിവിടങ്ങളിലേക്ക് പെർത്ത് വഴി ബന്ധിപ്പിച്ചിട്ടുള്ള അന്തർ ജലാശയ കേബിളുകൾ. ജർമ്മനിയെ സംബന്ധിച്ചിടത്തോളം ബ്രിട്ടന്റെ വയർലെസ് സ്റ്റേഷൻ നശീകരണം വളരെ പ്രധാനപ്പെട്ടതായിരുന്നു. കാപ്റ്റൻ വോൺ മുള്ളർ ബ്രിട്ടീഷ് യുദ്ധക്കപ്പലുകൾ 250 മൈൽ അകലെയാണെന്ന് വിശ്വസിച്ചു. പക്ഷേ സഖ്യകക്ഷികളുടെ ഒരു കൺവോയ് ഏതാണ്ട് 55 മൈൽ ദൂരം അകലെയായി നിലയുറപ്പിച്ചിരുന്നു. രാവിലെ 6.00 മണിക്ക് ലെഫ്റ്റനന്റ് വോൺ മുക്കെയുടെ (von Mücke) നേതൃത്വത്തിലുള്ള അമ്പതു പേരടങ്ങുന്ന ഒരു ലാൻഡിംഗ് ടീം (30 നാവികർ, 15 ടെക്നീഷ്യൻമാർ, രണ്ട് വയർലെസ് ഓപ്പറേറ്റർമാർ എന്നിവരടങ്ങിയ സംഘം).രാവിലെ 6.30 ഓടെ അവർ രണ്ട് ബോട്ടുകളിലായി തീരത്തിറങ്ങി. പ്രതിരോധത്തിന് നിൽക്കാതെ വയർലെസ്സ് സ്റ്റേഷൻ ജീവനക്കാരായ 35 അംഗങ്ങളും കീഴടങ്ങി.അതിനുശേഷം എംഡൻ ലാൻഡിംഗ് പാർട്ടി, വയർലെസ് സ്റ്റേഷൻ സ്ഥോടനത്തിലൂടെ നശിപ്പിക്കുകയും, കേബിളുകൾ മുറിച്ച് മാറ്റുകയും ചെയ്തു. പക്ഷേ അതിനു മുന്നേ സ്റ്റേഷൻ വയർലെസ് ഓപ്പറേറ്റർ ഒരു അപായ സന്ദേശം അയച്ചിരുന്നു.SOS “Strange ship in entrance” . എംഡൻ നാവികർ ഇത് മനസ്സിലാക്കിയില്ല. കീഴടങ്ങിയവരോട് വളരെ സൗഹാർദ്ദപരമായാണ് അവർ ഇടപെട്ടത്. സ്റ്റേഷൻ ജീവനക്കാരുടെ അഭ്യർത്ഥന മാനിച്ച് അവിടേയുണ്ടായിരുന്ന ടെന്നീസ് കോർട്ട് നശിപ്പിക്കുന്നതിൽ നിന്ന് പിൻമാറി. അതിന് പകരമായി സ്റ്റേഷൻ ജീവനക്കാർ സ്കോച്ച് വിസ്കിയും ഭക്ഷണവും നൽകി നാവികരെ സത്കരിച്ചു.
9.15 ന് ക്യാപ്റ്റൻ വോൺ മുള്ളറിന് അകലെ ഒരു കപ്പലിന്റെ പുകപടലങ്ങൾ കാണുന്നതായി വിവരം കിട്ടി. പക്ഷേ അദ്ദേഹം അത് തങ്ങളുടെ സഹകപ്പലായ ബിറാക്കിൽ (Buresk)
നിന്നും (മുൻപ് പിടിച്ചെടുത്ത ഒരു ബ്രിട്ടീഷ് കപ്പൽ എംഡൻ കൽക്കരി നിറച്ച് തങ്ങളുടെ ഇന്ധനവാഹിനിയാക്കി മാറ്റിയിരുന്നു.) ഉള്ളതായിരിക്കും എന്ന് കരുതി. പക്ഷേ റോയൽ ഓസ്ട്രേലിയൻ നാവികസേനയുടെ കപ്പലായ HMAS സിഡ്നി (HMAS Sydney)
യായിരുന്നു .കാപ്റ്റൻ ഗ്ലോസ്സോപ് ന്റെ നേതൃത്വത്തിൽ.
SOS. സന്ദേശം സ്വീകരിച്ച ക്യാപ്ടൻ ഗ്ലോസപ്പ് തന്റെ കപ്പലിനെ യുദ്ധ സന്നദ്ധമാക്കി അതിവേഗം ദ്വീപിന് നേരെ തിരിച്ചു. അപകടം മനസ്സിലാക്കിയ വോൺ മുള്ളർ തന്റെ ലാൻഡിംഗ് പാർട്ടിക്ക് അപായസൂചന നൽകുകയും , തിരിച്ച് വരാനുള്ള സിഗ്നൽ നൽകുകയും ചെയ്തു. പക്ഷേ ദ്വീപിലുള്ള നാവികരെ കാത്ത് നിൽക്കുന്നത് ഒരു പക്ഷേ രണ്ട് കൂട്ടരുടേയും നാശത്തിന് വഴിവെക്കുമെന്ന് മനസ്സിലാക്കിയ മുള്ളർ പോരാട്ടത്തിനായി നങ്കൂരമുയർത്തി സിഡ്നി- ക്കെതിരെ എംഡനെ നയിച്ചു.

‎ അപായ സന്ദേശം ലഭിച്ച മൂക്കേയും കൂട്ടരും കപ്പലിലേക്ക് തിരിച്ച് പോകാനായി തയ്യാറെടുക്കവേ എംഡൻ തന്റെ ശത്രുവിനെതിരെ ആദ്യം വെടിയുതിർത്തു. കേവലം ഒന്നര മണിക്കൂർ മാത്രം നീണ്ടു നിന്ന ആ പോരാട്ടത്തിൽ പരാജിതയായി പുക വമിച്ച് പലായനം ചെയ്യുന്ന തങ്ങളുടെ കപ്പലിനെ നോക്കി വിശ്വസിക്കാനാകാതെ മൂകസാക്ഷികളായി മൂക്കേയും കൂട്ടരും നിന്നു.

എംഡനേക്കാൾ എല്ലാ രീതിയിലും ആധുനികമായ യുദ്ധക്കപ്പലായിരുന്നു സിഡ്നി.ശത്രുവിനു നേരെ എംഡൻ തുരു തുരെ പതിനഞ്ച് ഷെല്ലുകൾ തൊടുത്തെങ്കിലും അതിൽ അഞ്ചെണ്ണം മാത്രമായിരുന്നു സ്ഥോടനം തീർത്തത്, ഈ സ്ഥോടനത്തിൽ സിഡ്നിയുടെ പിൻവശത്തുള്ള ദൂരമാപിനികൾ തകരുകയും , നാല് നാവികർ മരിക്കുകയും, പതിനാറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇത് മാത്രമായിരുന്നു ഈ യുദ്ധത്തിൽ ആസ്ത്രേലിയൻ കപ്പലായ സിഡ്നിക്കുണ്ടായ നാശനഷ്ടം. എംഡനുമായി സുരക്ഷിതമായ അകലം പാലിച്ചുകൊണ്ട് സിഡ്നി തന്റെ പോരാട്ടം ആരംഭിച്ചു. മികച്ച റേഞ്ചുണ്ടായിരുന്ന സിഡ്നിയിലെ 6 ഇഞ്ച് ഗണ്ണുകൾ എംഡനിൽ തീ മഴ വർഷിച്ചു. എംഡനിലെ വയർലെസ് സ്റ്റേഷനും, മുൻവശത്തെ നേവൽ ഗണ്ണുകളും ,സ്റ്റിയറിങ്ങ് സിസ്റ്റവും ഈ ആക്രമണത്തിൽ തകരാറിലായി. സിഡ്നിക്ക് സമീപത്തേക്ക് മുള്ളർ എം ഡനെ നയിക്കാൻ ശ്രമിച്ചെങ്കിലും ‘ സ്റ്റിയറിങ്ങ് തകരാറിലായതിനാൽ ആ ശ്രമം പരാജയപ്പെടുകയാണുണ്ടായത്. എംഡന്റെ അവസ്ഥ മനസ്സിലാക്കിയ ക്യാപ്റ്റൻ ഗ്ലോസ്സപ്പ് കൂടുതൽ ശക്തിയായി ആക്രമിക്കാൻ നിർദ്ദേശം നൽകി.തുടർന്നുള്ള ആക്രമണത്തിൽ എംഡനിലെ വോയ്സ് പൈപ്പുകളും, മുൻവശത്തെ പുകക്കുഴലും, പീരങ്കികളും അതിനോടൊപ്പം ആയുധപ്പുരയും ഷെല്ലുകൾ വീണ് തകർന്നടിഞ്ഞു. അനവധി നാവികർക്ക് ജീവഹാനി സംഭവിച്ചു. എംഡെൻ തന്റെ നാവിക യുദ്ധ ജീവിതത്തിലെ ആദ്യ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയായിരുന്നു. ഏകദേശം 10:20 ഓട് കൂടി രണ്ട് കപ്പലുകളും ഏകദേശം 5000 മീറ്റർ നേർരേഖയിലെത്തിയപ്പോൾ ഗ്ലോസപ്പ് ടോർപിഡോ തൊടുക്കുവാൻ ആജ്ഞാപിച്ചു. ടോർപിഡോയിൽ നിന്ന് സമർത്ഥമായി എംഡൻ ഒഴിഞ്ഞുമാറി, ലക്ഷ്യം തെറ്റിയ ടോർപിഡോ കടലിനുള്ളിൽ വെച്ച് പൊട്ടിത്തെറിച്ചു. വീണ്ടും ഷെല്ലുകൾ ഉപയോഗിച്ച് സിഡ്നി എംഡനെ ആക്രമിച്ചു.ഈ ആക്രമണത്തിൽ എംഡന്റെ രണ്ടാമത്തെ പുകക്കുഴൽ തകരുകയും എഞ്ചിൻ റൂമിൽ തീ പടരുകയും ചെയ്തു.കൂടാതെ പകുതിയിലധികം നാവികർക്ക് പരിക്കേൽക്കുകയോ, ജീവഹാനി സംഭവിക്കുകയോ ചെയ്തു.
‎ എംഡൻ സിഡ്നിയുടെ അടുത്തെത്താൻ ശ്രമിച്ചു, ഒരു ഘട്ടത്തിൽ അത് ചെയ്യാൻ സാധിച്ചു, എന്നാൽ അവരുടെ തോക്കുകൾ പ്രവർത്തനരഹിതമായിരുന്നു. വീണ്ടും സിഡ്‌നി വെടിയുതിർത്തു എംഡന്റെ മൂന്നാമത്തെ പുകക്കുഴലും നിലംപതിച്ചു, എഞ്ചിൻനിശ്ചലമായി; അവശേഷിച്ച ഒരു നേവൽ ഗൺ പ്രവർത്തനക്ഷമമാക്കി എംഡൻ വെടിയുതിർത്തെങ്കിലും സിഡ്നി യിലേക്കെത്തുവാൻ തക്ക റേഞ്ചുണ്ടായിരുന്നില്ല. ഇതേ സമയം എംഡൻ നോർത്ത് കീലിംഗ് ദ്വീപിന് സമീപമെത്തിയിരുന്നു. കൂടുതൽ ആളപായ മൊഴിവാക്കാൻ മുള്ളർ എംഡനെ തീരത്തേക്കടുപ്പിക്കാൻ നിർദ്ദേശിച്ചു. 11:20 ന് കീലിംഗ് ബീച്ചിൽ എംഡൻ കരക്കടിഞ്ഞു. എം ഡന്റെ പരാജയം മനസ്സിലാക്കിയ ഗ്ലോസപ്പ് സീസ് ഫയർ നsപ്പിലാക്കുകയും, ആഹ്ളാദ സൂചകമായി തന്റെ നാവികർക്ക് അര ദിവസത്തെ അവധി നൽകുകയും ചെയ്തു.

‎ തുടർന്ന് ഗ്ലോസപ്പ് എംഡന്റെ സഹകപ്പലായ ബുറൈക്സിനെ കീഴടക്കിയതിനു ശേഷം വീണ്ടും സിഡ്നി എംഡന് നേരെ തിരിച്ചു. ഏകദേശം 4 മണിയോട് കൂടി സിഡ്നി എംഡന് സമീപമെത്തി. അപ്പോഴും എംഡനിൽ യുദ്ധ പതാക പാറുന്നുണ്ടായിരുന്നു. കീഴടങ്ങാനുള്ള സിഗ്നലുകളോടും, സന്ദേശങ്ങളോടും എംഡൻ പ്രതികരിച്ചില്ല. വീണ്ടും സിഡ്നി എംഡന് നേരെ ഷെൽ വർഷം നടത്തി, ഈ ആക്രമണത്തിൽ 20 ജർമ്മൻ സൈനികർ കൊല്ലപ്പെട്ടു. ഉടൻ തന്നെ ജർമ്മൻ യുദ്ധ പതാക താഴ്ത്തുകയും അതേ സ്ഥാനത്ത് കീഴടങ്ങുന്നതിന്റെ അടയാളമായ വെള്ളക്കൊടി ഉയരുകയും ചെയ്തു.ഈ യുദ്ധത്തിൽ എംഡനിലെ 130 നാവികർക്ക് ജീവഹാനി സംഭവിക്കുകയും 69 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എംഡനിലേക്ക് മെഡിക്കൽ സംഘത്തെ അയച്ചതിനു ശേഷംകേക്കോസ് ദ്വീപിലെ വയർലെസ് സ്റ്റേഷൻ തകർത്ത എംഡന്റെ ലാൻഡിംഗ് പാർട്ടിയെ കീഴടക്കാനായി തിരിച്ചു. ഗ്ലോസപ്പും കൂട്ടരും എത്തുന്നതിന് മുൻപ് തന്നെ മൂക്കേയും കൂട്ടരും ദ്വീപിൽ നിന്നും രക്ഷപ്പെട്ടിരുന്നു.

‎ അടുത്ത ദിവസം നവംബർ പത്ത് ഉച്ചയോട് കൂടി സിഡ്നി വീണ്ടും എംഡന് സമീപമെത്തി, കീഴടങ്ങിയ ക്യാപ്റ്റൻ മുളളറേയും മറ്റുള്ള നാവികരേയും തടവുകാരാക്കി. കാൾ വോൺ മുളളറെ പോലെ തടവുകാരോടും, മുറിവേറ്റവരോടും വളരെ കാരുണ്യത്തോട് കൂടിയാണ് സിഡ്നിയുടെ ക്യാപ്ടനായ ഗ്ലോസപ്പ് പെരുമാറിയത്. ബ്രിട്ടന്റെ നാവികാധിപത്യത്തിനെതിരെ ഏകാംഗ സമരം നയിച്ച എംഡൻ ചരിത്രത്തിന്റെ ഭാഗമായി.

കടപ്പാട് – പ്രസാദ്, ത്രിശ്ശിവപേരൂർ .

  • Leave a Reply

    Your email address will not be published. Required fields are marked *

    Featured News