10
Dec 2024 Tuesday

വാരിക യുദ്ധം

Sep 20th, 2021

എൺപതുകളിൽ ആരംഭിച്ച മ വാരിക യുദ്ധം മാധ്യമ ചരിത്രത്തിൽ അധികം രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അന്ന് മംഗളം വാരികയുടെ പടത്തലവനായിരുന്നു കെ എം റോയി. വാരികകളിലെ തുടർനോവലുകൾ ആയിരുന്നു ഹൈലൈറ്റ്. എന്തിനും ഏതിനും ഒന്നാം സ്ഥാനം അലങ്കരിക്കുന്ന മനോരമയെ വെല്ലുവിളിച്ചാണ് മംഗളം വാരിക കടകളിൽ എത്തി വിജയക്കൊടി നാട്ടിയത്. അന്നത്തെ ഓർമ്മകൾ ആണ് ഈ കുറിപ്പ്. (ബോബൻ ബി കിഴക്കേത്തറ)

കെ എം റോയിയുടെ ‘ഇരുളും വെളിച്ചവും’. അടക്കം നിരവധി പംക്തികൾ മംഗളത്തിന് പ്രചാരം വർധിപ്പിച്ചു. ‘വിളക്കു കെടുത്തുന്ന ശലഭങ്ങൾ’ തുടങ്ങിയ പരമ്പരകൾ വീട്ടമ്മ മാർക്കിടയിൽ പോലും ചർച്ചയായി. സീരിയൽ കഥകളെ വെല്ലുന്ന വിശേഷങ്ങളാണ് വ്യക്തിയുടെ പേരു വെളിപ്പെടുത്തില്ലെന്ന പേരിൽ വന്നിരുന്ന അതിലെ ലേഖനങ്ങൾ. കദന കഥകൾ വായനക്കാരുടെ മനസ്സ് പിടിച്ച് കുലുക്കി.

മനോരമ, മംഗളം കൂടാതെ മനോരാജ്യം, സുനന്ദ, പൗരധ്വനി, സഖി, കുങ്കുമം തുടങ്ങിയ വാരികകളും പ്രചാരത്തിൽ ഉണ്ടായിരുന്നു. ഗൗരവമേറിയ വായനക്കാർക്ക് കലാകൗമുദി, മാതൃഭൂമി, കേരള ശബ്ദം, മനശാസ്ത്രം തുടങ്ങിയ വാരികകളും ഉണ്ടായിരുന്നു. നാന , ചിത്രഭൂമി, ചലച്ചിത്രം തുടങ്ങിയ സിനിമാ വാരികൾ വേറെ. പിന്നീടും നിരവധി പ്രസിദ്ധീകരണങ്ങൾ ഉദയം ചെയ്തു. പാടത്തും പറമ്പിലും വരെ വായനക്കാർ കൂടിയതോടെ പൈങ്കിളി പ്രസിദ്ധീകരണങ്ങൾ എന്ന് പേര് വീണു. വിശ്രമവേളകൾ ആനന്ദകരമാക്കാൻ വാരികകൾ കൂടിയേ തീരു എന്നായി. വീട്ടമ്മ മാരുടെ ഉച്ചസമയ ചർച്ച നോവലുകളിലെ കഥാപാത്രങ്ങളെക്കുറിച്ചായി. ത്രികോണ പ്രേമം എന്ന ത്രെഡ് വാരികകളിലെ നോവലുകളിൽ ഉണ്ടെന്ന് ബുദ്ധിജീവികൾ മുന്നറിയിപ്പ് നൽകി.

ഇതൊന്നും വാരികകളുടെ വളർച്ചയ്ക്ക് തടസ്സമായില്ല. നോവലുകളുടെ വരകൾക്കു പകരം ഫോട്ടോ ചിത്രീകരണം മറ്റൊരു പുതുമയായി. ആർട്ടിസ്റ്റുകളുടെ ഭാവനയിൽ വിരിഞ്ഞ അതി സുന്ദരികൾ പേജുകളിൽ നിറഞ്ഞു. ഏത് വിഷയവും എടുത്ത് കുടയുന്ന കാർട്ടൂൺ കോർണറുകൾ ജനത്തെ രസിപ്പിച്ചു. മനോരമയിലെ ഫലിത ബിന്ദുക്കൾ ആണല്ലോ ആദ്യകാലങ്ങളിൽ മിമിക്‌സുകാരുടെ ബാലപാഠം. ഏറ്റവും നല്ല ഫലിതത്തിന് സമ്മാനവും ഉണ്ടായിരുന്നു. കുസൃതി ചോദ്യത്തിന് ഉരുളയ്ക്കു ഉപ്പേരിപോലെ മറുപടി നൽകുന്ന പംക്തി മറ്റൊരു ജനപ്രിയ പേജ് ആയിരുന്നു.

മത്സരം കടുത്തു. നോവലിസ്റ്റുകൾക്ക് വൻ ഡിമാന്റായി. ഒരാൾ പല പേരിൽ എഴുതാൻ തുടങ്ങി. വനിതാ നോവലിസ്റ്റുകളും പുരുഷ നോവലിസ്റ്റുകളുടെ തൂലിക നാമത്തിൽ എത്തി. നായികയുടെ വിധി അറിയാൻ വായനക്കാർ അക്ഷമരായി. നോവലിനോടൊപ്പം ഉള്ള കഥാപാത്രങ്ങളുടെ ചിത്രീകരണവും വരകളും ചർച്ചയായി. പൈങ്കിളി പ്രസിദ്ധീകരണം എന്ന് പറഞ്ഞു മാറി നിന്ന സാഹിത്യകാരന്മാർ പംക്തികൾ എഴുതാനും തുടങ്ങി.

ആദ്യം കടയിൽ വരുന്ന വാരിക. മേടിക്കുക. പിന്നെയുള്ളവ വായിക്കാൻ മേടിച്ച വാരിക പകരം നൽകി വായിക്കുക എന്ന ശീലം അന്നുണ്ടായിരുന്നു. വിൽപന വർധിപ്പിക്കാൻ വെള്ളിയാഴ്ച ഇറങ്ങേണ്ട മനോരമ ഒരു ദിവസം നേരത്തെ ഇറക്കി. മംഗളം അടുത്ത ആഴ്ച അതിലും നേരത്തെ ഇറക്കി.നോവലിസ്റ്റുകളും കടുത്ത സമ്മർദ്ദത്തിലായി.

ഹിറ്റായ നോവലുകൾ വീണ്ടും നീട്ടി എഴുതാൻ എഴുത്തുകാർ നിര്ബന്ധിതരായി. വായനക്കാരുടെ കത്തുകൾ വാരികകളുടെ ഓഫീസിൽ കുമിഞ്ഞുകൂടി. ജോസിയ്ക്ക് നായികയായ മീരയെ നഷ്ടമാകരുതെന്ന് വായനക്കാർ വാരികൾക്ക് മുന്നറിയിപ്പ് നൽകി. നോവലുകൾ സിനിമ ആകുന്നത് പ്രേക്ഷകർ കാത്തിരുന്നു. മമ്മൂട്ടി, മേനക യുടെ സ്നേഹമുള്ള സിംഹം അതിലൊന്നാണ്.

കഥ എങ്ങിനെ പോകണമെന്ന് എഡിറ്റോറിയൽ ബോർഡ് തീരുമാനിച്ചു. ട്വിസ്റ്റ് എഴുതിയും കൂലിയെഴുത്ത് നടത്തിയും മടുത്ത് ഇറങ്ങിപ്പോയ നോവലിസ്റ്റിന് പകരം ആളെ വച്ചും വാരികകൾ പിടിച്ചുനിന്നു. ശത്രുത വർധിച്ചതോടെ മനോരമ ഏജന്റുമാർക്ക് മംഗളം ഏജൻസി എടുക്കാൻ പാടില്ലെന്ന അലിഖിത നിയമം പോലും വന്നു. ഇ സമയത്താണ് ബോബനും മോളിയും മനോരമ വാരികയുടെ പടി ഇറങ്ങുന്നത്. കലാകൗമുദി വാരികയുടെ പിൻപേജിൽ കുട്ടികൾ സ്ഥലം പിടിച്ചു. കലാകൗമുദിയുടെ ഈ ആദ്യലക്കം വ്യാപകമായി കത്തിച്ചു കളഞ്ഞതായി ആരോപണമുണ്ട്.

മംഗളം പത്രം വിലകുറച്ച് ആരംഭിച്ചത് മറ്റൊരു യുദ്ധത്തിന് വഴിതുറന്നു. മംഗളം മാനേജ്‌മെൻറിൻറെ ശ്രദ്ധ പത്രത്തിലേക്ക് തിരിഞ്ഞു. ടിവി യും സീരിയലുകളും വന്നതോടെ മ വാരികകളുടെ അപ്രമാദിത്യം തകർന്നു. എന്നാലും ജീവിതത്തിൻറെ നാനാതുറയിലേക്കും വായനാ സംസ്ക്കാരം പടർത്തുന്നതിൽ ‘മ വാരിക യുദ്ധം’ മലയാളിക്ക് ഗുണകരമായി. അതിന് കെ എം റോയിയോടും മലയാള ഭാഷ കടപ്പെട്ടിരിക്കുന്നു. ജനകീയ ജേർണലിസ്റ്റ് എന്ന പേരാണ് റോയിസാറിന് ചേരുന്ന ഉചിതമായ വിശേഷണം.

Content copied from facebook

  • Leave a Reply

    Your email address will not be published. Required fields are marked *

    Featured News