04
Oct 2024 Friday

ശുദ്ധമുളള ഓമല്ലൂർ ബാവ

Jan 21st, 2024

ഓമല്ലൂർ ബാവയെന്ന പാവനനാമധേയത്തിൽ ക്രൈസ്‌തവ ലോകത്ത് പ്രസിദ്ധിനേടിയ അന്തോഖ്യായുടെയും കിഴക്കൊക്കെയുടെയും പരിശുദ്ധ ഇഗ്‌നാത്തിയോസ് എലിയാസ് ത്രിതീയൻ പാത്രിയർക്കീസു ബാവ തിരുമനസ് മലങ്കരയുടെ മണ്ണിൽ വിലയം പ്രാപിച്ച ഏക പാത്രിയർക്കിസാണ്. മലങ്കര സഭയുടെ ചരിത്രത്തിലെ ഏറ്റവും കലുഷിതമായ ഒരു ഘട്ടത്തിൽ, സദയുടെ സമാധാനത്തെ പ്രതി ഇവിടേയ്ക്ക് എഴുന്നള്ളിയ ആ പുണ്യചരിതൻ 1931 മാർച്ച് മാസത്തിൽ ഇവിടെ എത്തുകയും 1932 ഫെബ്രുവരിയിൽ ഇഹലോകത്തോട് വിടവാങ്ങുകയും ചെയ്‌തു. ഈ ചുരുങ്ങിയ നാളുകൾക്കുള്ളിൽ പരിശുദ്ധ പിതാവ് മലങ്കരയിൽ അനേകം പള്ളികൾ സന്ദർശിക്കുകയും, സർവ്വസ്ഥലത്തും വലിയ സന്തോഷത്തോടു കൂടി സ്വീകരിക്കപ്പെടുകയും ചെയ്‌തു.

ടർക്കിയിലെ മർദ്ദീൻ പട്ടണത്തിൽ 1867 (ത്രശീൻകീം) ഒക്ടോബർ 13 നു ഈ പിതാവ് ജനിച്ചു ഇദ്ദേഹത്തിൻ്റെ പിതാവ് ശാക്കീർ കുടുംബത്തിൽ പെട്ട അബ്രാഹം കോർ എപ്പിസ്കോപ്പയാണ് ബാവായുടെ ആദ്യത്തെ പേര് നസറി എന്നായിരുന്നു. 1887 ൽ വൈദികവിദ്യാഭ്യാസത്തിനായി മർദ്ദീനിലുള്ള കുർക്കുമ ദയറായിൽ പ്രവേശിച്ചു. ആ വർഷം തന്നെ പൂർണ്ണ ശെമ്മാശനായി എലിയാസ് എന്ന നാമത്തിൽ വിശുദ്ധ മോറാൻ മോർ ഇഗ്‌നാത്തിയോസ് പത്രോസ് മൂന്നാമൻ ബാവ തിരുമനസ്സിൽ നിന്നും പട്ടമേറ്റു. 1889 ൽ റമ്പാ നായി. 1892 ൽ കശീശാ പട്ടവും സ്വീകരിച്ചു 1895 ൽ ബശീരഹിലേ മോർ കുര്യാക്കോസ് ദയറായുടെ അധിപനായി നിയമിക്കപ്പെട്ടു. ഒരുവർഷത്തിനു ശേഷം, കുർക്കുമ ദയറായുടെ റീശ് ദയറായോ ആയി നിയമിക്കപ്പെട്ടു. 1899ൽ തുർഅബ് ദീനിലെ മിദിയാത്തിലേക്ക് പാത്രിയർക്കാ പ്രതിനിധിയായി അയയ്ക്കപ്പെട്ടു. 1902 ൽ ദയർബക്കർ ഇടവകയുടെ ഭരണാധികാരിയായി മാനപ്പെട്ടു ആ ഇടവക പ.പിതാവിനെ മെത്രാൻ സ്ഥാനത്തേക്ക് തിരഞ്ഞെ ടുത്തു 1908 (ഓദോർ) മാർച്ച് 2 ന് പരിശുദ്ധ മോറാൻ മോർ ഇഗ്ന‌ാത്തിയോസ് അബുദാ ലോഹോ ദ്വിതീയൻ പാത്രിയർക്കീസു ബാവ ആ ഇടവകയുടെ മെത്രാപ്പോലീത്തയായി മോർ ഈവാനിയോസ് ഏലിയാസ് എന്ന നാമത്തിൽ വാഴിച്ചു.

1911 ആർ പരിശുദ്ധ പാത്രിയർക്കീസു ബാവ തിരുമനസുകൊണ്ടു ഇദ്ദേഹത്തെ തൻ്റെ പ്രതിനിധിയായി തുർ അബ്ദ്ദീൻ, ഗോസർത്തോ ഇടവകകളിലേക്കയച്ചു. 1912 ൽ ഇദ്ദേഹത്തെ മുസലിലെ മെത്രാപ്പോലീത്ത യായി മാറ്റി. 1915 ൽ തെസിൻ ഫായി (നവംബർ) 26 ന് പരിശുദ്ധ അബ്ദാലോഹോ പാത്രിയർക്കിസു ബാവ കാലം ചെയ്‌തതിനുശേഷം ഇദ്ദേഹം 1916 (ശബോത്തു) ഫെബ്രുവരി 27 നു പാത്രിയർക്കാ സിംഹാസനത്തിൻ്റെ കൈമാഖാം ആയി തെരഞ്ഞെടുക്കപ്പെട്ടു.

1917 (ശബോത്ത്- കുംഭം) ഫെബ്രുവരി 12 ന് മോർ ഇഗ്‌നാത്തിയോസ് ഏലിയാസ് മൂന്നാമൻ എന്ന നാമത്തിൽ അന്തോഖ്യായുടെയും കിഴക്കൊക്കെയുടെയും പാത്രിയർക്കീസായി വിശുദ്ധ പത്രോസിൻ്റെ ഗ്ലൈഹിക സിംഹാസനത്തിൽ അവരോധിതനായി 1931 ഫെബ്രുവരി 16 ന് മൂസൽ പട്ടണം വിട്ടു മലങ്കര സുറിയാനി സഭയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി യാത്ര തിരിച്ചു. 1931 (ഓദോർ – മീനം) മാർച്ച് 5 ന് ഇന്ത്യയിലെ പ്രധാന തുറമുഖമായ കറാച്ചിയിൽ തിരുമനസ്സു കൊണ്ടു വന്നുചേർന്നു ആലുവായിലെ വലിയ തിരുമേനിയും മോർ യൂലി യോസ് ബാവ തിരുമനസ്സും പട്ടക്കാരും, ശെമ്മാശന്മാരും വിശ്വാസികളായ ജനങ്ങളും കൂടി കറാച്ചിയിൽ വച്ച് പരിശുദ്ധ ബാവായെ യഥായോഗ്യം സ്വീകരിച്ചു. തുടർന്ന് ഡൽഹിയിലെത്തി ഇന്ത്യാ വൈസ്രോയി ഇർവ്വിൻ പ്രഭുവിനെ സന്ദർശിച്ചു. 1931 മാർച്ച് 14 ന് മദ്രാസിലെത്തി ഗവർണറുടെ അതിഥിയായി താമസിച്ചു.

1931 മീനം 21 ന് ശനിയാഴ്‌ച ആലുവായിലെത്തിയ പരിശുദ്ധ ബാവാ ഇന്ത്യയിലെ തന്റെ പ്രഥമ ദിവ്യബലി ആലുവാ തൃക്കുന്നത്ത് സെമിനാരി

പള്ളിയിൽ അർപ്പിച്ചു. പിന്നീട് വിവിധ ഭദ്രാസനങ്ങളിൽ അനേകം പള്ളികൾ തിരുമനസ്സുകൊണ്ടു സന്ദർശിച്ചു. അദ്ദേഹം തിരുവിതാംകൂർ, കൊച്ചി രാജാക്കൻമാരെയും സന്ദർശിച്ചു.

പരിശുദ്ധ ബാവാ തിരുമനസ്സുകൊണ്ടു അനേകരെ കോർ എപ്പിസ്കോപ്പൻമാരായും, കശ്ശീശൻമാരായും, ശെമ്മാശൻമാരായും

പട്ടംകെട്ടി അനേകം പളളികൾ കൂദാശ ചെയ്‌തു. ക്‌നാനായക്കാർക്ക് മറിയം മദത്തായുടെ നാമത്തിലുള്ള ദയറായ്ക്ക് ശിലാസ്ഥാപനം നടത്തി പുരുഷൻമാർക്കായുള്ള മോർ അന്തോനിയോസിൻ്റെ ദയറായ്ക്കും, സ്ത്രീകൾക്കായുള്ള വി:കന്യാമറിയാമിൻ്റെ നാമത്തിലെ ദയറായ്ക്കും. നിയാങ്ങളും ക്രമങ്ങളും അംഗീകരിച്ച് നടപ്പിൽ വരുത്തി. മതപരമായ ആഘോഷങ്ങളിലും, ഭദ്രാസന വൈദിക വാർഷികങ്ങളിലും, മോർ ഗ്രിഗോറിയോസ് വിദ്യാർത്ഥി സംഘത്തിലും ആവ്യക്ഷം വഹിച്ചു വിശുദ്ധ. മൂറോൻ കൂദാശയ്ക്കു വേണ്ട ഒരുക്കങ്ങൾ ചെയ്തു. സഭാ സമാധാനകാര്യത്തിൽ വളരെ ഉത്സാഹിച്ചു. ആലുവാ, കരിങ്ങാച്ചിറ, പാണം പടി എന്നിവിടങ്ങളിൽ അതിനായി യോഗങ്ങൾ കൂടി ആ യോഗങ്ങളിൽ വട്ടശ്ശേരി മെത്രാച്ചനും സംബന്ധിച്ചിരുന്നു.

1931 മിഥുനം 22ന് കുറുപ്പംപടിയിലും 1932 ധനു 1 ന് പാണംപടിയിലും പളളി പ്രതിപുരുഷയോഗങ്ങൾ വിളിച്ചുകൂട്ടി സ്വഭാ സമാധാനത്തെക്കുറിച്ച് ആലോചിച്ചു.

പരിശുദ്ധ സഭയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് പരിശുദ്ധബാവാ തിരുമനസ്സു കൊണ്ട് രാവും പകലും ചിന്തിച്ചിരുന്നു. സമാധാന സ്ഥാ പനത്തിനുള്ള തൻ്റെ അഭിവാഞ്ഛ മൂലം വിശ്രമത്തിനു പോലും അവിടുന്ന് വില കല്പ്‌പിച്ചിരുന്നില്ല. സമാധാനകാര്യത്തിൽ സകലരുടെയും പ്രത്യാശ പരിശുദ്ധ പിതാവിൽ കേന്ദ്രീകരിച്ചിരുന്നു. പരിശുദ്ധ ബാവാ മലബാർ വിടുന്നതിനു മുൻപ് ഉറപ്പായ അടിസ്ഥാനത്തിൽ സമാധാനം സ്ഥാപിക്കപ്പെ ടുമെന്ന് എല്ലാവരും വിശ്വസിച്ചിരുന്നു. എന്നാൽ ദഃഖകരമെന്നു പറയട്ടെ തൻ്റെ പ്രവർത്തനരംഗത്തു വച്ചുതന്നെ തൻ്റെ ആഗ്രഹം പൂർത്തീകരിക്കപ്പെടാതെ ദൈവസന്നിധിയിലേക്ക് എടുക്കപ്പെട്ടു 1932 മകരത്തിൽ ഓമല്ലൂർ മഞ്ഞനിക്കര മോർ സ്തേഫാനോസ് പളളിയിലേക്ക് എഴുന്നളളി. ഫെബ്രുവരി 13ന് പരിശുദ്ധ പിതാവ് കാലം ചെയ്‌തു.

ഫെബ്രുവരി 14 ന് പ്രസ്‌തുത പള്ളിക്കുസമീപം തിരുശരീരം കബറടക്കപ്പെട്ടു . തിരുക്കബറോടു ചേർന്ന് മോർ ഇഗ്‌നാത്തിയോസിന്റെ

നാമത്തിൽ ഒരു പള്ളിയും പണിതു. തൻ്റെ കബറടക്കത്തിന് 5 മെത്രാപ്പോലീത്തമാരും അനേകം പട്ടക്കാരും ശെമ്മാശൻമാരും അനേകായിരം ജനങ്ങളും കണ്ണുനീരോടെ സംബന്ധിച്ച് അദ്ദേഹത്തിന്റെ യാത്ര പറച്ചിൽ ശുശ്രൂഷ നടത്തി. ഭക്ത്യാദരവുകളോടെ സംസ്‌കരിച്ചു. പ: ബാവാ തിരുമനസ്സുകൊണ്ട് 6 പ്രാവശ്യം വിശുദ്ധ മുറോൻ കൂദാശ നടത്തിയിട്ടുണ്ട്. 10 മെത്രാപ്പോലിത്തമാരെ വാഴിച്ചിട്ടുണ്ട്. മലങ്കര സുറിയാനി സഭയിൽ സമാധാനം സ്ഥാപിക്കുന്നതിനായി നിഷ്‌കളങ്ക മനസ്സോടെ ഇവിടെ എഴുന്നളളി മലങ്കര സഭാമക്കൾക്ക് തൻ്റെ തിരുശേഷിപ്പ് തന്നെ ദാനം ചെയ്ത എന്നതോർത്താൽ സങ്കടപ്പെടാത്തവർ ആരുണ്ട് ? കണ്ണുനീരൊഴുക്കാത്തവർ ആരുണ്ട്? പതിനായിരക്കണക്കിന് ഭക്തജനങ്ങൾ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ എന്ന് പ്രാർത്ഥിച്ച് പരിശുദ്ധ ബാവയുടെ തിരുക്കബറി ങ്കൽ ആശ്വാസത്തിനെത്തുന്നു. വിശുദ്ധ മോറാൻ്റെ തിരുക്കബറിങ്കൽ ആചാര്യത്വ ശുശ്രൂഷ ചെയ്‌തു കൊണ്ടിരുന്ന പുണ്യപ്പെട്ട പിതാക്കൻമാരായ മോർ യൂലിയോസു ബാവായും, മോർ യൂലിയോസു തിരുമേനിയും, ബന്യാമിൻ മോർ ഒസ്‌താത്തിയോസ് തിരുമേനിയും, കുര്യാക്കോസ് മോർ യൂലിയോസ് തിരുമേനിയും വിശുദ്ധ മോറാനെ അകമ്പടി സേവിച്ച് വിശ്വാസികൾക്കായി മദ്ധ്യസ്ഥത യാചിച്ചുകൊണ്ടിരിക്കുന്നു.

 

  • Leave a Reply

    Your email address will not be published. Required fields are marked *

    Featured News