17
Sep 2024 Tuesday

Clouded Leopard

Oct 5th, 2018

ക്യാറ്റ് ഫാമിലിയിലെ അധികമാർക്കും അറിയാത്ത ഒരംഗമാണ് ക്ലൗഡെഡ് ലപ്പേഡ്. കാരണം മറ്റൊന്നുമല്ല കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ടുതന്നെ. മരങ്ങളും ചെടികളും തിങ്ങി നിറഞ്ഞു വളരുന്ന റെയിൻ ഫോസ്റ്റുകളിലും മറ്റും ജീവിക്കുന്ന ഇവയെ കണ്ടെത്തുക ശ്രമകരമായ പണി തന്നെയാണ്. അതുകൊണ്ട് തന്നെയാണ് ഇവ ഇന്ത്യയിൽ ഉണ്ടായിട്ടുകൂടി നമ്മളിൽ പലർക്കും അറിയാത്തത്. അറിയില്ലെന്നുമാത്രമല്ല ഇവ വസിക്കുന്ന ചില കാടുകൾക്കടുത്തുള്ള പ്രദേശങ്ങളിൽ പ്രാദേശിക ഭാഷയിൽ ഇവക്കൊരു പേരുപോലുമില്ല.

ഹിമാലയൻ മലനിരകളുടെ താഴ്‌വരകളിൽ ആസ്സാം, വെസ്റ്റ് ബംഗാൾ, മേഘാലയ, മിസോറാം, നാഗാലാ‌ൻഡ്, മണിപ്പൂർ, അരുണാചൽ പ്രദേശ് ത്രിപുര എന്നിവിടങ്ങളിലും ചൈന, ഭൂട്ടാൻ, നേപ്പാൾ എന്നീ രാജ്യങ്ങളിലും ക്ലൗഡഡ് ലപേടിനെ കണ്ടുവരുന്നു.മേഘാലയയുടെ സംസ്ഥാന മൃഗം കൂടിയാണ് ക്ലൗഡഡ് ലപ്പേഡ്. ഇവയുടെ ശരീരത്തിലെ പുള്ളികളുടെ പ്രത്യേകത കാരണമാണ് ക്ലൗഡഡ് ലപ്പേഡ് എന്ന പേര് വരാൻ കാരണം. ഡാർക്ക് ബ്രൗണിഷ് യെല്ലോ കളറിൽ ഉള്ള രോമങ്ങൾക്കിടയിൽ വലിയ മേഘങ്ങൾ പോലെ തോന്നിപ്പിക്കുന്ന കറുത്ത വലിയ പുള്ളികളാണ് ഇവക്കുള്ളത്. തലയിലും കണ്ണിന്റെ വശങ്ങളിലും ചെറിയ കറുത്ത സ്പോട്ടുകളും കണാം. പേരിൽ ഒരു പുലി ഉണ്ടെങ്കിലും സ്നോ ലപേർട്സുമായാണ് ഇവർക്ക് കൂടുതൽ സാമ്യം.
” Smallest of the big cats ” എന്ന ഒരു വിശേഷണവും ഇവക്കുണ്ട്.
ഒരു അടൽട് ക്ലൗഡഡ് ലപേർഡിന് 12-25kg വരെ ഭാരവും 70-110cm വരെ നീളവും ഉണ്ടാകും. മെയിൽസിനാണ് ശരീര വലുപ്പം അല്പം കൂടുതൽ.

ക്യാറ്റ് ഫാമിലിയിലെ തന്നെ ഏറ്റവും മികച്ച മരംകയറ്റക്കാർ ക്ലൗഡഡ് ലപേർഡ്സ് ആയിരിക്കും. ജീവിതത്തിന്റെ വലിയ പങ്കും ഇവർ മരങ്ങളിലാണ് ചിലവഴിക്കുന്നത്, വേട്ടയാടൽ പോലും. അതിന് അനുകൂലമായ ശരീര ഘടനയാണ് ഇവരുടേത്. നല്ല ഫ്ലെക്സിബിൾ ആയ കുറിയ കാലുകളാണ് ഇവയുടേത്. മുൻകാലുകൾക്ക് നല്ല വീതിയുള്ളതിനാൽ മരച്ചില്ലകളിൽ കൂടുതൽ ഏരിയ കവർ ചെയ്ത് ബലമായി പിടുത്തമിടാൻ ഇവർക്ക് കഴിയും. മുൻകാലുകളെ അപേക്ഷിച്ച് പിൻ കാലുകൾക്ക് അല്പം നീളം കൂടുതലായിരിക്കും, ഇത് നന്നായി ചാടാനും സഹായിക്കുന്നു. പിൻകാലുകളുടെ ആങ്കിൾ മറ്റു ക്യാട്സിനെ അപേക്ഷിച്ച് വളരെ അധികം ഫ്ലെക്സിബിൾ ആണ് അതിനാൽ മരത്തിൽ നിന്ന് താഴെ ഇറങ്ങുമ്പോൾ തല ആദ്യം വരത്തക്ക വിധത്തിൽ തല കീഴായി ഇറങ്ങാനും ചില്ലകളിൽ ശരീരം താഴെയായി തൂങ്ങി നടക്കാനും വരെ ഇവക്കാകും. പുലികൾ പോലും മരങ്ങളിൽ നിന്നിറങ്ങുന്നത് തല മുകളിൽ ആകുന്ന രീതിയിലാണ്, മനുഷ്യൻ ഇറങ്ങുന്ന പോലെ, അല്ലെങ്കിൽ മരത്തിൽ നിന്ന് ചാടി ഇറങ്ങണം. പക്ഷെ ക്ലൗഡഡ് ലപ്പേഡ് വളരെ വിദഗ്ധമായി മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് നിശ്ശേഷം വിഹരിക്കും. ശരീരത്തിന്റെ അത്രയും നീളവും നല്ല കനവും ഉള്ള വാൽ നന്നായി ബാലൻസ് ചെയ്യാൻ സഹായിക്കുന്നു. ചുരുക്കി പറഞ്ഞാൽ മരങ്ങളിൽ ആയാലും താഴെ ആയാലും ഇരകൾക്ക് രക്ഷപെടാൻ നല്ല ബുദ്ധിമുട്ട് തന്നെ. ക്ലൗഡഡ് ലപേർഡ്സിന്റെ മറ്റൊരു പ്രധാന പ്രത്യേകതയാണ് ഇവരുടെ പല്ലുകളുടെ നീളം. ശാരീരിക വലുപ്പവും തലയോട്ടിയുടെ വലുപ്പവുമാനുസരിച്ച് ഏറ്റവും നീളമുള്ള കനൈൻ ടീത്തുകളുള്ള ക്യാറ്റ് ക്ലൗഡഡ് ലപേർഡ് ആണ്. 2 ഇഞ്ച് വരെ നീളമുണ്ടാകും ഈ പല്ലുകൾക്ക്. ഈ പ്രത്യേകത ഇവർക്ക് മറ്റൊരു വിശേഷണം നേടിക്കൊടുത്തു ” The modern day Saber toothed ” . 10000 വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന സേബർ ടൂത് ടൈഗേഴ്‌സുമായി ക്ലൗഡഡ് ലപേർഡിനുള്ള സാമ്യതയായാണ് ശാസ്ത്രജ്ഞന്മാർ വിലയിരുത്തുന്നത്. കൂടാതെ 100° വരെ ആങ്കിളിൽ വായ തുറക്കാൻ ക്ലൗഡഡ് ലപേർഡിന് കഴിയും, ഇന്നുള്ള മറ്റേത് ക്യാറ്റിനെക്കാളും കൂടുതലാണിത്. ഇതും സേബർ ടൂത്തുമായുള്ള ഒരു സാമ്യത തന്നെ.

മറ്റ്‌ ഭൂരിഭാഗം ക്യാട്സിനെ പോലെ തന്നെ ക്ലൗഡഡ് ലപേഡും ഒറ്റയ്ക്കാണ് ജീവിക്കുന്നത്. മേറ്റിങ് സമയത്തും കുട്ടികളുമായി ജീവിക്കുമ്പോഴും മാത്രമാണ് കൂട്ടമായി കാണുക. 25-50 സ്‌ക്യുയർ കിലോമീറ്റർ വരെയുള്ള ടെറിട്ടോറികൾ ഇവക്കുണ്ടാകും. മറ്റെല്ലാ ക്യാറ്റ്സിനെയും പോലെതന്നെ മൂത്രമൊഴിച്ചും ശരീരവും മൂര്ച്ചയുള്ള നഖങ്ങളും മരത്തിൽ ഉരച്ചുമൊക്കെ ആണ് ഈ ടെറിട്ടോറികൾ സംരക്ഷിക്കുന്നത്.
ഡിസംബർ മുതൽ മാർച്ച് വരെയുള്ള സമയങ്ങളാണ് കൂടുതലായും ഇവർ മേറ്റിങ്ങിനായി തിരഞ്ഞെടുക്കുക. മേറ്റിങ് സമയത്ത് ഇവർ വളരെ അഗ്ഗ്രസ്സിവ് ആയി കാണപ്പെടും, പ്രധാനമായും മെയിൽസ്. മേറ്റിങ്ങിനിടക്ക് മെയിൽ ഫീമെയിലിന്റെ കഴുത്തിൽ കടിക്കുകയും, പല്ലിന്റെ നീളം കാരണം സ്പൈനൽ കോഡ് ബ്രേക്കാവുകയും തുടർന്ന് ഫീമെയിൽസിന്റെ മരണം വരെയും സംഭവിക്കാറുണ്ട്. ദിവസവും പല തവണ മേറ്റ് ചെയ്യും, ഇത് കുറച്ചു ദിവസങ്ങൾ തുടരും. എന്നിട്ട് മെയിൽ സ്ഥലം വിടും. ഏതാണ്ട് 100 ദിവസങ്ങൾക്ക് ശേഷം ഫീമെയിൽ പ്രസവിക്കും, 1 മുതൽ 5 വരെ കുട്ടികളുണ്ടാവും. 6 മാസം കഴിയുമ്പോഴേക്കും കുട്ടികൾ പൂർണ വളർച്ച എത്തിത്തുടങ്ങും. 10 മാസത്തോളം അമ്മയുടെ കൂടെ തന്നെ ആയിരിക്കും, പിന്നീട് സ്വന്തമായി ജീവിക്കാൻ തുടങ്ങും.
പകൽ മിക്കവാറും വിശ്രമിക്കുകയും രാത്രിയിൽ ഇരപിടിക്കറുമാണ് ഇവരുടെ പതിവ്. അണ്ണാൻ, കുരങ്ങന്മാർ, എലികൾ, ഓന്തുകൾ, ചെറിയ മാനുകൾ, പന്നികൾ, പക്ഷികൾ ഇവയൊക്കെയാണ് ഇവരുടെ പ്രധാന ഇരകൾ. മരങ്ങളുടെയും ചെടികളുടെയമൊക്കെ മറവുകൾ പ്രയോജനപ്പെടുത്തിയുള്ള സ്റ്റാക് ആൻഡ് ആംബുഷ്‌ അറ്റാക്കിങ് രീതിയാണ് ഇവരുടേത്. അതിന് പറ്റിയ രീതിയിലുള്ള നിറവും. പരിസരത്തോട് മുഴുകി ചേർന്നിരിക്കുന്നതിനാൽ ഇരക്ക് കണ്ടെത്താൻ നല്ല ബുദ്ധിമുട്ടാണ്. ഇര നിശ്ചിത അകലത്തെത്തിക്കഴിഞ്ഞാൽ മാത്രമേ ആക്രമണമുണ്ടാകു, പിന്നെ മരത്തിൽ നിന്ന് മരത്തിലേക്ക് ചാടിയും മറിഞ്ഞും ഇരയെ കൈക്കലാക്കും. കഴുത്തിൽ കടിച്ച് ശ്വാസം മുട്ടിച്ചും കഴുത്തിന് പിന്നിൽ കടിച്ച് സ്പൈനൽ കോഡ് വേർപെടുത്തിയുമാണ് ഇരയെ കൊല്ലുക. മിനിട്ടുകൾക്കുള്ളിൽ ഇതുകഴിഞ്ഞിരിക്കും. ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ മരത്തിൽ തന്നെ വിശ്രമം.

സാധാരണക്കാർക്ക് അറിയില്ലെങ്കിലും ഇവരെ നന്നായി അറിയുന്ന മറ്റൊരു കൂട്ടരുണ്ട് വേട്ടക്കാർ. പരമ്പരാഗത മരുന്നുകൾക്കും തൊലിനുമൊക്കെയായി വ്യാപകമായി ഇവയെ വേട്ടയാടിയിരുന്നു. തോലിന്റെ വ്യത്യസ്തമായ നിറം ഇതിന് കൂടുതൽ വിലയുണ്ടാക്കി. മനുഷ്യന്റെ കണ്ണിൽ പെടാതെ ഒളിഞ്ഞു ജീവിക്കുന്നതിനാലായിരിക്കും ഇന്ന് ഏതാണ്ട് 10000 എണ്ണം കാടുകളിൽ ഉള്ളതായി കണക്കാക്കുന്നു. മേറ്റിങ്ങിനിടയിലുള്ള അഗ്രഷൻ ക്യാപ്റ്റിവിറ്റിയിലെ ഇവരുടെ മേറ്റിങ്ങിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. പലപ്പോഴും ഫീമെയിലിന്റെ മരണത്തിലാണ് കലാശിക്കുന്നത്. അനാവശ്യമായി കാടുകൾ കയ്യേറുന്നതും മരങ്ങൾ വെട്ടുന്നതും ഒക്കെ ഇവയുടെ എണ്ണത്തിൽ നല്ല കുറവുണ്ടാക്കുന്നുണ്ട്. അതിനാൽ പല സംഘടനകളും ഇവയുടെ സംരക്ഷണത്തിനായി പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.

  • Leave a Reply

    Your email address will not be published. Required fields are marked *

    Featured News